ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ മൂന്ന് ഫോർമാറ്റിലും മികച്ച പ്രകടനവുമായി അരങ്ങേറ്റം ആഘോഷമാക്കിയ താരമാണ് ടി.നടരാജൻ. ഓസ്ട്രേലിയയിൽ നിന്നു തിരിച്ചെത്തിയ നടരാജൻ ഒടുവിൽ തനിക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയാൻ ഇഷ്ട ദെെവത്തിനു അരികിലേക്ക് എത്തി. തല മുണ്ഡനം ചെയ്തുള്ള ചിത്രം നടരാജൻ പങ്കുവച്ചു. ക്ഷേത്രത്തിനു മുന്നിൽ നിൽക്കുന്ന ചിത്രം നടരാജൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ‘അനുഗ്രഹിക്കപ്പെട്ടു’ എന്ന തലക്കെട്ടോടെയാണ് നടരാജൻ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
Read Also: തോളിൽ രക്തം കട്ടപിടിച്ചു, ഏറുകൊണ്ട് വിരൽ ഒടിഞ്ഞുവെന്ന് തോന്നി; കൂടുതൽ വെളിപ്പെടുത്തലുമായി പൂജാര
സ്വപ്നസമാനമായ അരങ്ങേറ്റമാണ് ഓസ്ട്രേലിയയിൽ നടരാജന് ലഭിച്ചത്. ഏകദിന പരമ്പരയിൽ ഇന്ത്യ 2-0 ത്തിന് പിന്നിട്ടുനിൽക്കുമ്പോഴാണ് നടരാജൻ അരങ്ങേറ്റ ഏകദിന മത്സരം കളിക്കുന്നത്. മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്കായി അരങ്ങേറിയ നടരാജൻ പത്ത് ഓവറിൽ 70 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. മൂന്നാം ഏകദിനത്തിൽ ഇന്ത്യ ആശ്വാസജയം സ്വന്തമാക്കി.
Feeling blessed pic.twitter.com/1zKKDS8RZb
— Natarajan (@Natarajan_91) January 31, 2021
ഏകദിനത്തിലെ മികച്ച പ്രകടനം ടി 20 പരമ്പരയിലും നടരാജന് അവസരം സൃഷ്ടിച്ചു. മൂന്ന് ടി 20 മത്സരങ്ങളിലായി ആറ് വിക്കറ്റുകൾ വീഴ്ത്തിയ നടരാജൻ റൺസ് വിട്ടുകൊടുക്കുന്നതിലും പിശുക്കുകാണിച്ചു. ടെസ്റ്റ് പരമ്പരയിലും നടരാജന് അവസരം ലഭിച്ചു. ഗാബയിലെ അവസാന ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കാൻ നടരാജന് സാധിച്ചു. ഒരു പര്യടനത്തിൽ മൂന്ന് ഫോർമാറ്റിലും അരങ്ങേറാൻ സാധിച്ച അപൂർവതയും നടരാജൻ സ്വന്തമാക്കിയിരുന്നു. ഓസ്ട്രേലിയൻ പര്യടനത്തിനു ശേഷം നാട്ടിലേക്ക് തിരിച്ചെത്തിയ നടരാജന് വൻ സ്വീകരണമാണ് നാട്ടുകാർ ഒരുക്കിയത്.