ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരന്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ പരിക്കേറ്റ പേസർ ഉമേഷ് യാദവിന് പകരം തങ്കരസു നടരാജനെ ഉൾപ്പെടുത്തും. നടരാജൻ ആദ്യമയാണ് അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഇറങ്ങാനൊരുങ്ങുന്നത്. രാജ്യാന്തര ക്രിക്കറ്റിലെ നടരാജന്റെ ശ്രദ്ധേയമായ വളർച്ചയായി ഇത് വിലയിരുത്തപ്പെടുന്നു.
ഇന്ത്യയുടെ ഓസീസ് പര്യടനത്തിലാണ് ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ നടരാജന്റെ അരങ്ങേറ്റം. നെറ്റ് ബൗളറായി തുടങ്ങിയ 29 കാരൻ പിന്നീട് ടി 20, ഏകദിന ടീമുകളിൽ ഇടം നേടി. ദേശീയ ജഴ്സിയിൽ നാല് ലിമിറ്റഡ് ഓവർ മത്സരങ്ങളിലായി എട്ട് വിക്കറ്റുകൾ അദ്ദേഹം നേടി. ഏകദിനത്തിൽ രണ്ടും ടി20യിൽ നാലും വിക്കറ്റുകളാണ് നേടിയത്.
നേരത്തെ രണ്ടാം ടെസ്റ്റിന് മുമ്പ് പരിക്കേറ്റ മുഹമ്മദ് ഷാമിക്ക് പകരം ഷർദുൽ ഠാക്കൂറിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. പരുക്കേറ്റ ഷമിയെയും ഉമേഷ് യാദവിനെയും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മാറ്റും.
അതേസമയം ടെസ്റ്റ് സ്ക്വാഡിന്റെ വൈസ് ക്യാപ്റ്റനായി രോഹിത് ശർമയെ തിരഞ്ഞെടുത്തു. പരുക്കിനെത്തുടർന്ന് വിട്ടുനിൽക്കുകയായിിരുന്ന രോഹിത്തിന് നേരത്തെ ലിമിറ്റഡ് ഓവർ മത്സരങ്ങളും ആദ്യ രണ്ട് ടെസ്റ്റുകളും നഷ്ടപ്പെട്ടിരുന്നു. തിരിച്ചെത്തിയ രോഹിത് വ്യാഴാഴ്ചയാണ് മെൽബണിൽ ടീമിനൊപ്പം വീണ്ടും ചേർന്നു.
ഇന്ത്യ ടെസ്റ്റ് സ്ക്വാഡ്: അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, പൃഥ്വി ഷാ, കെ എൽ രാഹുൽ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുംറ, നവദീപ് സൈനി, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, മുഹമ്മദ് സിറാജ്, ശർദുൽ ഠാക്കൂർ, ടി നടരാജൻ.