/indian-express-malayalam/media/media_files/PJCnNp7oKDYMY86P2X7j.jpg)
ഫോട്ടോ: സ്ക്രീൻഗ്രാബ്, എക്സ്
1973ൽ കേരള ഫുട്ബോൾ ടീം ആദ്യമായി സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിടുമ്പോൾ അന്നത്തെ ടീമിന്റെ മധ്യനിരയിൽ കാവൽ മാലാഖയായി ഒരാൾ ഉണ്ടായിരുന്നു, ടി എ ജാഫർ. റെയിൽവേസിനെതിരായ ഫൈനൽ പോരാട്ടത്തിൽ, എതിർ ടീമിലെ സൂപ്പർ സ്ട്രൈക്കർമാരായ ചന്ന റെഡ്ഡിയുടേയും അലോക് മുഖർജിയുടേയുമെല്ലാം നീക്കങ്ങളെ തടഞ്ഞുനിർത്തുന്നതിലും, ഒപ്പം കേരള ക്യാപ്റ്റൻ മണിയെ കൊണ്ട് മൂന്ന് വട്ടം ഗോൾവല കുലുക്കിപ്പിക്കുന്നതിലും മികവ് കാട്ടിയ വൈസ് ക്യാപ്റ്റൻ ജാഫറിന്റെ ഊർജ്ജം, മത്സരത്തിലുടനീളം കാണികളുടെ ഹൃദയം കവർന്നു.
അന്നത്തെ റേഡിയോ കമന്ററിയിൽ "കേരളത്തിന്റെ മധ്യനിരയിലെ ഫയർ എൻജിൻ" എന്നാണ് ജാഫറിനെ കളിവിവരണക്കാർ വിശേഷിപ്പിച്ചത്. മണി, വില്യസ്, നജ്മുദ്ദീൻ അടങ്ങിയ കേരള സ്ട്രൈക്കർമാരുടെ കുതിപ്പുകള്‍ക്ക് ഇന്ധനമേകിയത് ജാഫറിന്റെ തളരാത്ത കാലുകളായിരുന്നു. കേരള ഫുട്‌ബോള്‍ താരവും പരിശീലകനുമായിരുന്ന ടി എ ജാഫര്‍ (79) ഞായറാഴ്ച വൈകിട്ടാണ് അന്തരിച്ചത്.
1974ല്‍ ജാഫറിന്റെ നേതൃത്വത്തിലാണ് പ്രീമിയര്‍ ടയേഴ്‌സ് ടീം ജി വി രാജ ട്രോഫിയും ചാക്കോള ട്രോഫിയുമടക്കം പ്രശസ്തമായ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ തുടരെ സ്വന്തമാക്കിയത്. സംസ്ഥാനത്തിന് പുറത്ത് ആദ്യമായി ഒരു അഖിലേന്ത്യാ ടൂര്‍ണമെന്റില്‍ ജേതാക്കളാകുന്ന കേരള ടീം എന്ന ബഹുമതി പ്രീമിയര്‍ ടയേഴ്‌സ് സ്വന്തമാക്കുമ്പോഴും അതില്‍ ജാഫറിന്റെ പങ്ക് നിസ്തുലമായിരുന്നു.
വർഷങ്ങൾക്കിപ്പുറം ജാഫർ കോച്ചായി വേഷമിട്ടപ്പോഴും, കേരള ടീം മാജിക് ആവർത്തിച്ചു. 1992ല്‍ കോയമ്പത്തൂരിലും, അതിനടുത്ത വര്‍ഷം എറണാകുളത്തും കേരള ടീം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടു. 1973ലെ വിജയത്തിന് ശേഷം 19 വര്‍ഷങ്ങളാണ് കേരളം സന്തോഷ് ട്രോഫിക്കായി കാത്തിരുന്നത്. ആ സ്വപ്നത്തിലേക്ക് എത്തിക്കാനും ജാഫര്‍ എന്ന മനുഷ്യന്‍ വേണ്ടിവന്നു. ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ പരിശീലകനായും ജാഫര്‍ തിളങ്ങി.
ഫോര്‍ട്ട് കൊച്ചിയിലെ യങ്‌സ്റ്റേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബില്‍ കളിച്ചായിരുന്നു ടി എ ജാഫറിന്റെ ഫുട്‌ബോള്‍ കരിയറിന്റെ ആരംഭം. 1963ലാണ് ആദ്യമായി യങ്‌സ്റ്റേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബില്‍ പന്ത് തട്ടുന്നത്. എഫ്എസിടിക്ക് വേണ്ടിയും പിന്നീട് കുറേനാൾ പ്രീമിയറിന് വേണ്ടിയും കളിച്ചു.1969ലാണ് കേരള ടീമിനായി ആദ്യമായി ജേഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങിയത്. 1975 വരെ കേരളത്തിനായി കളിച്ചു. 1984 വരെ പ്രീമിയറിലും കളിച്ചു. പിന്നീട് തന്റെ 44-ാം വയസ്സില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ചേര്‍ന്നതോടെ ജാഫർ പൂര്‍ണമായും പരിശീലനത്തിലേക്ക് തിരിഞ്ഞു. 1984 മുതൽ കേരള സ്പോർട്സ് കൗൺസിലിൽ ഫുട്ബോൾ പരിശീലകനായി. 1999ൽ വിരമിച്ചു.
യുഎഇ സന്ദർശനത്തിനിടെയുണ്ടായ പക്ഷാഘാതത്തെ തുടർന്ന് അവിടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ജാഫറിനെ കഴിഞ്ഞ സെപ്റ്റംബർ 17നാണ് കൊച്ചിയിലെ വീട്ടിലെത്തിച്ചത്. ഫോർട്ട് കൊച്ചി കല്‍വത്തി കമ്മ്യൂണിറ്റി ഹാളിന് സമീപം 'നന്ദി' യിണ് താമസിച്ചിരുന്നത്. 1973ലെ ആദ്യ സന്തോഷ് ട്രോഫി വിജയത്തിൻ്റെ അൻപതാം വാർഷികത്തിന് രണ്ട് ദിവസം ശേഷിക്കെയാണ് ജാഫർ വിടവാങ്ങുന്നത്. സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച വൈകിട്ട്. സഫിയ ആണ് ജീവിത പങ്കാളി. ബൈജു, സഞ്ജു, രഞ്ജു എന്നിവർ മക്കളാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.