ന്യൂസിലൻഡിനെതിരായ ടി20 ലോകകക്പ്പ മത്സരത്തിൽ രോഹിത് ശർമ്മയെ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറക്കുന്നതിനുള്ള തീരുമാനത്തിൽ അദ്ദേഹവും പങ്കാളിയായിരുന്നെന്ന് ഇന്ത്യൻ ടീം ബാറ്റിങ് കോച്ച് വിക്രം റാത്തൂർ സ്ഥിരീകരിച്ചു. സൂര്യകുമാർ യാദവിന് പരുക്കേറ്റതോടെ ഇഷാൻ കിഷൻ-കെ.എൽ.രാഹുൽ ഓപ്പണിങ് കൂട്ടുകെട്ടിനെയാണ് മത്സരത്തിൽ ഇന്ത്യ തിരഞ്ഞെടുത്തത്. ഈ മാറ്റം തന്ത്രപരമാണെന്നും ടീമിന്റെ വൈസ് ക്യാപ്റ്റൻ അംഗീകരിച്ചതാണെന്നും റാത്തൂർ പറഞ്ഞു.
“അതിനായി നിർബന്ധിതരായി. തലേദിവസം രാത്രി സൂര്യയ്ക്ക് നടുവേദന അനുഭവപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ പ്ലെയിംഗ് ഇലവനിൽ ഇടം പിടിക്കാൻ യോഗ്യനായിരുന്നില്ല. പകരം വരുന്ന വ്യക്തി ഇഷാൻ ആയിരുന്നു, അദ്ദേഹം ഐപിഎല്ലിലും മുമ്പ് ഇന്ത്യൻ ടീമിലും ഒരു ഓപ്പണറായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ആ തീരുമാനം മുഴുവൻ മാനേജ്മെന്റും ഒരുമിച്ചിരുന്ന് സ്വീകരിച്ചു. തീർച്ചയായും രോഹിത് ആ ഗ്രൂപ്പിന്റെ ഭാഗമാണ്,” റാത്തൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യ ബുധനാഴ്ച മൂന്നാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെ നേരിടുന്നതിന് മുന്നോടിയായാണ് റാത്തൂറിന്റെ വാർത്താ സമ്മേളനം.
തന്ത്രപരമായ തീരുമാനമായിരുന്നു അതെന്നും ബാറ്റിങ് പരിശീലകൻ വിശദീകരിച്ചു. “ഇത് തന്ത്രപരമായി അർത്ഥവത്താണ്, ഒരു ഇടംകൈയ്യൻ മുൻനിരയിലുണ്ട്. കൂടാതെ പന്ത്, ജഡേജ എന്നിവരോടൊപ്പമുള്ള മധ്യനിരയിൽ ഇഷാനെ കൂടെ ഉൾപ്പെടുത്തി അധികം ഇടംകയ്യൻമാർ വേണമെന്ന് തോന്നിയില്ല. അതുകൊണ്ടാണ് ഈ തീരുമാനമെടുത്തത്,” അദ്ദേഹം പറഞ്ഞു.
Also Read: കോഹ്ലിയുടെ ക്യാപ്റ്റൻസി ഭാവി ചർച്ച ചെയ്യാൻ ബിസിസിഐ, ന്യൂസീലൻഡ് ടി20 പരമ്പരയിൽ രോഹിത് നായകനായേക്കും
ന്യൂസിലൻഡിനെതിരായ മത്സരത്തിൽ രോഹിത് ശർമയെ മൂന്നാം സ്ഥാനത്തേക്ക് മാറ്റിയതിനെ , മുംബൈ ഇന്ത്യൻസ് ഹെഡ് കോച്ച് മഹേല ജയവർദ്ധനെ ഉൾപ്പെടെയുള്ള പല ക്രിക്കറ്റ് വിദഗ്ധരും വിമർശിച്ചിരുന്നു.
“നിങ്ങൾക്ക് മാറ്റങ്ങൾ വരുത്താം. പക്ഷേ, അത് നിങ്ങളുടെ മൂന്ന് മികച്ച ബാറ്റർമാരെ മാറ്റി കൊണ്ടാവരുത്,” ജയവർദ്ധനെ പറഞ്ഞു. ടി20 ക്രിക്കറ്റിൽ വിരാട് കോഹ്ലി ഒരു ഓപ്പണർ അല്ലെങ്കിൽ നമ്പർ മൂന്നിലെ താരമാണ്. കെ.എൽ.രാഹുലിന് നമ്പർ നാലിലെ റോൾ ചെയ്യാൻ കഴിയുമായിരുന്നു, കാരണം അദ്ദേഹത്തിന് പൊരുത്തപ്പെട്ടു മാറ്റാനുള്ള കഴിവുണ്ട്,” മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.
ഈ വർഷമാദ്യം ഇംഗ്ലണ്ടിനെതിരായ ടി20 ഐ പരമ്പര വരെ, ടീം മാനേജ്മെന്റ് രാഹുലിനെ നാലാം നമ്പർ ബാറ്റ്സ്മാനായി കണ്ടിരുന്നു. അതേസമയം, ടി20 ലോകകപ്പിൽ രോഹിതിനൊപ്പം ഓപ്പൺ ചെയ്യാനുള്ള ആഗ്രഹം കോഹ്ലി പ്രകടിപ്പിച്ചു. ടൂർണമെന്റിന് മുന്നോടിയായി ടീം മാനേജ്മെന്റ് ഇതിന് വിരുദ്ധമായി ഐപിഎല്ലിലെ മികച്ച ഫോമിന്റെ പശ്ചാത്തലത്തിൽ രാഹുലിനെ ഓപ്പണറായി ഉയർത്തുകയും ചെയ്തു.
തയ്യാറാക്കിയത്: ശ്രമിക് ചക്രബർത്തി