ലയണല്‍ മെസിയേയും അദ്ദേഹത്തിന്‍റെ ബാഴ്‌സലോണ ടീമംഗങ്ങളെയും നേരില്‍ കാണുക എന്നത് 18 കാരിയായ സിറിയന്‍ അഭയാര്‍ഥി നുജീന്‍ മുസ്‌തഫയുടെ സ്വപ്നമായിരുന്നു. ഈ മാസമാദ്യം ക്ലബ്ബിന്‍റെ ക്ഷണവുമായി ലാ ലിഗ മത്സരത്തിനായി സ്പെയിനില്‍ എത്തി ചേര്‍ന്നപ്പോള്‍ പൂവണിഞ്ഞത് നുജീന്‍ ഏറെക്കാലം കാത്തുസൂക്ഷിച്ച സ്വപ്നം.

സെരബ്രല്‍ പാഴ്സി രോഗം ബാധിച്ച് വീല്‍ചെയറിന്‍റെ സഹായത്തോടെ സഞ്ചരിക്കുന്ന നുജീന്‍ മുസ്‌തഫ രണ്ട് വർഷം മുന്‍പാണ് ജന്മനാടായ ആലെപ്പോ വിട്ട് പലായനം ചെയ്യുന്നത്. സഹോദരി നസ്രീനോടൊപ്പം ഒരു കൂടുതേടി സഞ്ചരിക്കേണ്ടിവന്നത് 5,600 കിലോമീറ്റര്‍ ദൂരമാണ്. ജര്‍മനിയിലെ കൊളോണിലെ അഭയാര്‍ഥി ക്യാമ്പിലേക്ക് എത്തിയ നുജീനിന് ബാഴ്‌സലോണ സന്ദര്‍ശനം അപ്രതീക്ഷിതമായിരുന്നു, നുജീനിന്റെ ബാഴ്‌സലോണ പ്രേമം അറിഞ്ഞ ക്ലബ് ഡിസംബര്‍ 2നു സെല്‍റ്റ വിഗോയുമായി നടന്ന മത്സരം കാണുവാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു.

” മെസ്സിയ്ക്ക് കുട്ടികളുടെ മുഖമാണ്. 30 വയസ്സായെങ്കിലും അത്രയ്ക്കൊന്നും പ്രായം തോന്നിക്കില്ല. എനിക്ക് 2007 മുതല്‍ മെസ്സിയെ അറിയാം.” നുജീന്‍ റോയിട്ടേഴ്സിനോട്‌ പറഞ്ഞു. “അന്ന് അദ്ദേഹത്തെ കാണാന്‍ കുട്ടിയെപ്പോലായിരുന്നു” എന്ന് പറഞ്ഞ നുജീന്‍ “താങ്കളിപ്പോള്‍ മാറിയിരിക്കുന്നു. മുഖത്ത് പ്രായത്തിന്‍റെ പക്വതയൊക്കെ ഉണ്ട്” എന്നും മെസ്സിയോട് പറഞ്ഞു.

“മെസ്സി ഇപ്പോഴും പഴയതുപോലെ നാണംകുണുങ്ങിയാണ്” എന്ന് കൂട്ടിച്ചേര്‍ത്ത നുജീന്‍ ഈ വര്‍ഷവും ബാഴ്സയ്ക്ക് ആറു ടൈറ്റിലുകള്‍ നേടാന്‍ സാധിക്കട്ടെ എന്നും ആശംസിക്കുന്നു. അറബി, ഫ്രഞ്ച്, ഇംഗ്ലീഷ്, ജര്‍മന്‍ എന്നീ ഭാഷകള്‍ അനായാസേന കൈകാര്യം ചെയ്യുന്ന നുജീന്‍ ഇന്ന് യുണൈറ്റഡ് നാഷന്‍സ് രേജ്യൂജി ഏജന്‍സിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.

തനിക്ക് സിറിയയിലേക്ക് മടങ്ങിപോകാന്‍ ആഗ്രഹമുണ്ട് എന്ന ആഗ്രഹവും നുജീന്‍ മറച്ചുവയ്ക്കുന്നില്ല. “ചിലപ്പോഴൊക്കെ എനിക്ക് ഗൃഹാതുരത്വം ഉണ്ടാവാറുണ്ട്. ഞാന്‍ ഇവിടെ എന്താണ് ചെയ്യുന്നത്, എനിക്ക് വീട്ടിലേക്ക് മടങ്ങേണ്ടേ എന്നൊക്കെ ചിന്തിക്കും. ഞാന്‍ ജീവിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത ഇടമാണത്. പക്ഷെ എന്തിരുന്നാലും മുന്നോട്ടുപോയല്ലേ പറ്റൂ.” താനൊരു ഇരയല്ല, അതിജീവനം ആണെന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് നുജീന്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ