തിരുവനന്തപുരം: സയ്യിദ് മുഷ്തഖ് അലി ട്രോഫിയിൽ മണിപ്പൂരിനെ തകർത്ത് കേരളം. 75 റൺസിനായിരുന്നു മണിപ്പൂരിനെതിരെ കേരളത്തിന്റെ വിജയം. നാല് ഓവറിൽ അഞ്ചു റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ സുദേശൻ മിഥുനാണ് കേരളത്തിന്റെ വിജയശിൽപ്പി. കേരളം ഉയർത്തിയ 150 റൺസ് വിജയലക്ഷ്യംപിന്തുടർന്ന മണിപ്പൂരിന് 75 റൺസെടുക്കാനെ സാധിച്ചുള്ളൂ.

കേരളം ഉയർത്തിയ ഭേദപ്പെട്ട വിജയലക്ഷ്യം മറികടക്കാമെന്ന പ്രതീക്ഷയിൽ രണ്ടാം ഇന്നിങ്സ് ആരംഭിച്ച മണിപ്പൂരിന് തുടക്കം മുതൽ പിഴച്ചു. 27 റണ്‍സെടുത്ത ജോണ്‍സണ്‍ സിങ്ങിന് മാത്രമാണ് മണിപ്പൂർ നിരയിൽ തിളങ്ങാനായത്. മണിപ്പൂർ ബാറ്റ്സ്മാന്മാരിൽ നാല് താരങ്ങൾ മാത്രമാണ് രണ്ടക്കം കടന്നത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 149 റൺസ് സ്വന്തമാക്കിയത്. 35 പന്തിൽ 48 റൺസെടുത്ത സച്ചിൻ ബേബിയുടെ ഇന്നിങ്സാണ് കേരള സ്കോർബോർഡിന് അടിത്തറ പാകിയത്. നായകൻ റോബിൻ ഉത്തപ്പ 29 റൺസും വിഷ്ണു വിനോദ് 25 റൺസും നേടി മികച്ച പിന്തുണ നൽകി. സഞ്ജു സാംസൺ 12 റൺസെടുത്ത് പുറത്തായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook