ടി20യില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി പൂജാര; അടി കൊണ്ടത് ഐപിഎല്ലിന്റെ മുഖത്ത്

മുട്ടി നില്‍ക്കാന്‍ മാത്രമല്ല അടിച്ച് പറത്താനും പൂജാരക്ക് അറിയാം. ഇതോടെ പൂജാരയുടെ സ്ഥാനം സെവാഗിനും രോഹിത്തിനുമൊപ്പം

നാഗ്പൂര്‍: കരിയറിലുടനീളം ടെസ്റ്റ് ക്രിക്കറ്റര്‍ എന്ന ടാഗ് ചേതേശ്വര്‍ പൂജാരയെ പിന്തുടരുന്നുണ്ട്. ദ്രാവിഡിന്റെ പിന്‍ഗാമിയായി വിലയിരുത്തുമ്പോഴും ടി20യുടേയും ഏകദിനത്തിന്റേയും ഗ്ലാമര്‍ ക്രിക്കറ്റില്‍ പൂജാരയ്ക്ക് ഇടം ലഭിക്കാറില്ല. എന്നാല്‍ ടെസ്റ്റ് മാത്രം കളിക്കാന്‍ അറിയുന്നവന്‍ എന്ന ചീത്തപ്പേര് പൂജാര അങ്ങ് മാറ്റിയിരിക്കുകയാണ്.

സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ സൗരാഷ്ട്രയ്ക്കു വേണ്ടി ടി20യില്‍ സെഞ്ചുറി നേടിയാണ് പൂജാര ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. തന്റെ കരിയറിലെ ആദ്യ ടി20 സെഞ്ചുറിയാണ് പൂജാര സ്വന്തമാക്കിയത്. റെയിൽവേസിനെതിരെയായിരുന്നു സെഞ്ചുറി പിറന്നത്.

നേരത്തെ ടി20യില്‍ ആറ് അര്‍ധ സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും സെഞ്ചുറിയിലേക്കെത്താൻ പൂജാരക്ക് സാധിച്ചിരുന്നില്ല. സൗരാഷ്ട്ര മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടിയ മത്സരത്തില്‍ 61 പന്തുകളില്‍ നിന്നുമാണ് സെഞ്ചുറി നേടിയത്. 14 ഫോറും ഒരു സിക്‌സുമടങ്ങുന്നതുമാണ് പൂജാരയുടെ ഇന്നിങ്‌സ്.

ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടില്‍ ഹാര്‍വിക് ദേശായിയുമായി ചേര്‍ന്ന് 85 റണ്‍സ് നേടിയ പൂജാര 29 പന്തുകളില്‍ നിന്നുമാണ് 50 ലെത്തിയത്. പിന്നാലെ ദേശായി പുറത്തായി. രണ്ടാം വിക്കറ്റില്‍ തിരിച്ചു വരവിന് ശ്രമിക്കുന്ന റോബിന്‍ ഉത്തപ്പയുമൊത്ത് ചേര്‍ന്ന് പൂജാര സൗരാഷ്ട്രയെ 150 കടത്തി. ഉത്തപ്പ 31 പന്തില്‍ 46 റണ്‍സ് നേടി.

ഇതോടെ പുതിയ റെക്കോര്‍ഡും പൂജാര സ്വന്തമാക്കി. ഫസ്റ്റ് ക്ലാസില്‍ 300 ല്‍ കൂടുതല്‍ റണ്‍സും ലിസ്റ്റ് എയില്‍ 150 ല്‍ കൂടുതലും ടി20യില്‍ സെഞ്ചുറിയും നേടുന്ന നാലാമത്തെ മാത്രം താരവുമായി മാറി പൂജാര. നേരത്തെ ഈ നേട്ടം കൈവരിച്ചവര്‍ വിരേന്ദര്‍ സെവാഗും രോഹിത് ശര്‍മ്മയും മായങ്ക് അഗര്‍വാളും മാത്രമാണ്.

ടെസ്റ്റിന് മാത്രം ചേരുന്നവന്‍ എന്ന് കാരണത്താല്‍ ഐപിഎല്‍ താരലേലത്തില്‍ പൂജാരയെ ഒരു ടീമും ലേലത്തിലെടുത്തിരുന്നില്ല. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ടതിന്റെ റെക്കോര്‍ഡും പൂജാര സ്വന്തമാക്കിയിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Syed mushtaq ali trophy cheteshwar pujara becomes saurashtras first t20 centurion

Next Story
രാജ്യാന്തര ക്രിക്കറ്റിൽ സിക്‌സ് ഉയർത്തി റെക്കോർഡ് നേടി ക്രിസ്‌ ഗെയ്ൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com