മുഷ്തഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ ശ്രേയസ് അയ്യരുടെ വെടിക്കെട്ട് ബാറ്റിങ്. ടി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വലിയ സ്കോർ തന്റെ പേരിൽ കുറിച്ച മത്സരത്തിൽ 154 റൺസിന്റെ കൂറ്റൻ വിജയവും ശ്രേയസ് അയ്യർ മുംബൈയ്ക്ക് സമ്മാനിച്ചു. 55 പന്തിൽ നിന്ന് 147 റൺസ് നേടി കൊണ്ടായിരുന്നു ശ്രേയസ് അയ്യർ സിക്കിമിനെതിരെ ആഞ്ഞടിച്ചത്.
ടി20യിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വലിയ സ്കോറാണ് ശ്രേയസ് ഇന്ന് സ്വന്തം പേരിലാക്കിയത്. ടി20 ചരിത്രത്തിൽ ഒരു ബാറ്റ്സ്മാന്റെ ഏറ്റവും ഉയർന്ന 12-ാമത്തെ സ്കോറും ഇതാണ്. 55 പന്തിൽ ഏഴ് ഫോറും 15 സിക്സും ഉൾപ്പെടുന്നതായിരുന്നു ശ്രേയസിന്റെ ബാറ്റിങ് വെടിക്കെട്ട്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ നായകൻ അജിങ്ക്യ രഹാനെ 11 റൺസിനും യുവതാരം പൃഥ്വി ഷാ 10 റൺസിനും മടങ്ങിയതോടെ ക്രീസിലെത്തിയ ശ്രേയസ് അയ്യർ തുടക്കം മുതൽ തകർത്തടിച്ചു. ശ്രേയസിന് ശക്തമായ പിന്തുണയുമായി സൂര്യയും ചേർന്നതോടെ മൂന്നാം വിക്കറ്റിൽ 213 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ട് ഉയർന്നു. 33 പന്തിൽ 63 റൺസാണ് സൂര്യ അടിച്ചുകൂട്ടിയത്.
എന്നാൽ മറുപടി ബാറ്റിങ്ങിൽ സിക്കീമിന് മൂന്നക്കം കടക്കാാനെ സാധിച്ചുള്ളു. 259 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിക്കീമിന് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 104 റൺസെടുക്കാനെ സാധിച്ചുള്ളു. മൂന്ന് താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കാൻ സാധിച്ചുള്ളു.