സെയ്ദ് മുഷ്തഖലി ട്രോഫി ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് തകർപ്പൻ ജയം. ജമ്മു കശ്‌മീരിനെ 94 റൺസിനാണ് കേരളം പരാജയപ്പെടുത്തിയത്. കേരളം ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കശ്‌മീരിന് 65 റൺസെടുക്കുന്നതിനിടയിൽ എല്ലാ വിക്കറ്റും നഷ്ടമാവുകയായിരുന്നു. ജമ്മു കശ്‌മീരിനെതിരെ അർധ സെഞ്ചുറിയും രണ്ട് വിക്കറ്റും വീഴ്ത്തിയ വിനൂപാണ് കേരളത്തിന് ജയം അനായാസമാക്കിയത്.

Also Read: രണ്ടാമങ്കത്തിന് ഇന്ത്യ ഇന്നിറങ്ങും; രോഹിത്തിനെ കാത്ത് ചരിത്ര നേട്ടം

ടോസ് നേടിയ ജമ്മു കശ്‌മീർ കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ടീം സ്കോർ 33ൽ നിൽക്കെ മൂന്ന് മുൻ നിര വിക്കറ്റുകൾ കേരളത്തിന് നഷ്ടമായി. എന്നാൽ പിന്നീട് ബാറ്റിങ്ങിന്റെ ഉത്തരവാദിത്വം വിനൂപ് ഏറ്റെടുക്കുകയായിരുന്നു. നായകൻ സച്ചിൻ ബേബിയും മുഹമ്മദ് അസ്റുദീനും മികച്ച പിന്തുണ നൽകിയതോടെ കേരള സ്കോർബോർഡ് ഉയർന്നു. ഇതിനിടയിൽ വിനൂപ് അർധ സെഞ്ചുറിയും തികച്ചു. 42 പന്തിൽ നിന്ന് 52 റൺസാണ് താരം സ്വന്തമാക്കിയത്.

Also Read: ഏറ്റവും മികച്ച നാല് ബോളർമാരിൽ രണ്ട് പേർ ഇന്ത്യക്കാർ: റാഷിദ് ഖാൻ

നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് കേരളം 159 റൺസ് നേടിയത്. മറുപടി ബാറ്റിങ്ങിൽ കശ്‍മീരിന് കാര്യമായി പ്രതിരോധിക്കാൻ പോലും സാധിച്ചില്ല. രണ്ട് കശ്‌മീരി താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ടീം സ്കോർ 18ൽ നിൽക്കെ അബ്ദുൾ സമദിനെ പുറത്താക്കി നിധീഷാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പിന്നീട് കൃത്യമായ ഇടവേളകളിൽ കേരള താരങ്ങൾ വിക്കറ്റുകൾ വീഴ്ത്തിയതോടെ ജമ്മു കശ്‌മീർ 65 റൺസിന് പുറത്തായി. 24 റൺസെടുത്ത ജാറ്റിൻ വദ്‌വാനാണ് കശ്‌മീരിന്റെ ടോപ് സ്കോറർ.

Also Read: രണ്ടാം ടി20: വിക്കറ്റ് വേട്ടയിൽ ചരിത്രം കുറിക്കാൻ ബുംറ

കേരളത്തിന് വേണ്ടി മിധുൻ എസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നിധീഷ് എംഡി, വിനൂപ് എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തി. ടൂർണമെന്റിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനത്താണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook