മുളപ്പാട്: സെയ്ദ് മുഷ്തഖലി ട്രോഫി ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് തോൽവി. ഡൽഹിയാണ് കേരളത്തെ പരാജയപ്പെടുത്തിയ്. ഏഴ് വിക്കറ്റിനായിരുന്നു കേരളത്തിന്റെ തോൽവി. കേരളം ഉയർത്തിയ 140 റൺസ് വിജയലക്ഷ്യം ഡൽഹി 18.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന്റെ തുടക്കം തന്നെ പിഴച്ചു. ടീം സ്കോറിൽ ഒരു റൺസിൽ അരുൺ കാർത്തിക്കും 11 റൺസിൽ രോഹൻ പ്രേമും മടങ്ങി. ഡാറിലും വിഷ്ണുവും പൊരുതി നോക്കിയെങ്കിലും ക്രീസിൽ നിലയുറപ്പിക്കാൻ സാധിച്ചില്ല. അഞ്ചാം വിക്കറ്റിൽ നായകൻ സച്ചിൻ ബേബിയും വിനൂപും നടത്തിയ രക്ഷാപ്രവർത്തനമാണ് കേരളത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

സച്ചിൻ ബേബി 32 പന്തിൽ 37 റൺസ് നേടിയപ്പോൾ 31 പന്തിൽ 38 റൺസായിരുന്നു വിനൂപിന്റെ സമ്പാദ്യം. എന്നാൽ ഇരുവരും പുറത്തായതോടെ കേരളത്തിന്റെ നില വീണ്ടും പരുങ്ങലിലായി. ഇതോടെ നിശ്ചിത ഓവറിൽ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഡൽഹിക്ക് കാര്യങ്ങൾ എളുപ്പമായിരുന്നു. 34 റൺസിൽ ആദ്യ വിക്കറ്റും 42 റൺസിൽ രണ്ടാം വിക്കറ്റും നഷ്ടമായ ഡൽഹിയെ വിജയത്തിലേയ്ക്ക് നയിച്ചത് നിധീഷ് റാണയുടെ അർധസെഞ്ചുറി പ്രകടനമാണ്. 36 പന്തിൽ 52 റൺസെടുത്ത റാണ പുറത്താകാതെ നിന്നു.

ഇന്നലെ നടന്ന മത്സരത്തിൽ ആന്ധ്രാപ്രദേശിനെ കേരളം പരാജയപ്പെടുത്തിയിരുന്നു. എട്ട് റൺസിനായിരുന്നു ഇന്നലെ കേരളത്തിന്റെ ജയം. സന്ദീപ് വാര്യരുടെ ഹാട്രിക് മികകവാണ് കേരളത്തിന് ജയം സമ്മാനിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook