മുംബെെ: ഹോട്ടൽ ഭക്ഷണത്തിനു നിലവാരമില്ലെന്ന പരാതിയുമായി ക്രിക്കറ്റ് താരങ്ങൾ. സയദ് മുഷ്‌താഖലി ട്രോഫിക്കായുള്ള മത്സരത്തിനായി മുംബെെയിൽ താമസിക്കുന്ന താരങ്ങളാണ് ഭക്ഷണത്തെ കുറിച്ച് പരാതിപ്പെട്ടത്. ടൂർണമെന്റിനായി മുംബെെയിലെത്തിയ ആഭ്യന്തര ടീം താരങ്ങൾ നഗരത്തിലെ ഒരു ആഢംബര ഹോട്ടലിലാണ് താമസിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ താരങ്ങളെല്ലാം ക്വാറന്റെെനിലാണ്. തങ്ങൾ താമസിക്കുന്ന ഹോട്ടലിലെ ഭക്ഷണം ശരാശരി നിലവാരം പോലും ഇല്ലാത്തതാണെന്ന് താരങ്ങൾ ബിസിസിഐയെ അറിയിച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി ലഭിക്കുന്ന ഭക്ഷണം മോശമാണെന്ന് താരങ്ങൾ പരാതിപ്പെട്ടതായി മുംബെെ ടീം മാനേജർ അർമാൻ മാലിക് സമ്മതിക്കുന്നു. “ഭക്ഷണത്തിന്റെ അളവും രുചിയും വളരെ മോശമാണെന്നാണ് താരങ്ങൾ പരാതിപ്പെട്ടത്. തങ്ങളുടെ ഫിറ്റ്‌നസിന് ആവശ്യമായ ഘടകങ്ങളൊന്നും ഇല്ലാത്ത ഭക്ഷണമാണ് ഹോട്ടലിൽ ലഭിക്കുന്നതെന്ന് അവർ പറയുന്നു. ആറ് ദിവസത്തെ ക്വാറന്റെെന് ശേഷമേ താരങ്ങൾക്ക് കളത്തിലിറങ്ങാൻ സാധിക്കൂ. ക്വാറന്റെെൻ കാലഘട്ടത്തിൽ ആവശ്യമായ ഭക്ഷണമല്ല താരങ്ങൾക്ക് ലഭിക്കുന്നത്,” അർമാൻ മാലിക് പറഞ്ഞു.

മുംബെെയിൽ ക്വാറന്റെെനിൽ കഴിയുന്ന മൂന്ന് ടീമുകളിലെ പത്ത് താരങ്ങളോട് ഇന്ത്യൻ എക്‌സ്‌പ്രസ് പ്രതിനിധികൾ സംസാരിച്ചു. പ്രഭാതഭക്ഷണം വളരെ മോശമാണെന്നാണ് താരങ്ങൾ പറയുന്നത്. തണുത്ത ഭക്ഷണമാണ് തങ്ങൾക്ക് പലപ്പോഴും ലഭിക്കുന്നതെന്ന് താരങ്ങൾ പരാതിപ്പെട്ടു. വിവിധ ടീം മാനേജർമാർ ഹോട്ടൽ അധികൃതരോടും ഷെഫിനോടും ഇതേ കുറിച്ച് പരാതിപ്പെട്ടെങ്കിലും യാതൊരു അനുകൂല നിലപാടും ഉണ്ടായില്ലെന്നാണ് താരങ്ങൾ പറയുന്നത്. ചില സമയത്ത് ഭക്ഷണം വളരെ അധികം വെെകിയാണ് ലഭിക്കുന്നതെന്ന പരാതിയും ഉയർന്നു. ഇതോടെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനോട് വിഷയം ഉന്നയിച്ചു.

“റൊട്ടി പപ്പടം പോലെയാണ്. പലപ്പോഴും ചോറാണ് നൽകുന്നത്. പല താരങ്ങളും ചോറ് കഴിക്കില്ല, പ്രത്യേകിച്ച് ഫാസ്റ്റ് ബൗളർമാർ. ചോറ് കഴിച്ചാൽ തടി കൂടുമെന്ന് പേടിയുള്ളതിനാലാണ് പലരും അത് കഴിക്കാത്തത്. ചുരുങ്ങിയപക്ഷം ഒരു മുട്ട പുഴങ്ങിയതോ ഗ്രിൽഡ് ചിക്കനോ ആണ് ഭക്ഷണത്തിൽ ഞങ്ങൾക്ക് ആവശ്യം,” ഒരു താരം പറഞ്ഞു.

പുറത്തുനിന്ന് ഭക്ഷണം കൊണ്ടുവരാൻ പല താരങ്ങളും ആഗ്രഹിക്കുന്നു. എന്നാൽ, ക്വാറന്റെെൻ കാലഘട്ടം പൂർത്തിയാകാതെ പുറത്തുനിന്ന് ഭക്ഷണം എത്തിക്കാൻ അനുവാദമില്ല. എന്നാൽ, താമസിക്കുന്ന ഹോട്ടലിൽ നിന്ന് തന്നെ ഇഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കാമെന്ന് വിചാരിച്ചാൽ അത് വളരെ ചെലവേറിയതാണെന്നും താരങ്ങൾ പറയുന്നു. റൂം മെനുവിൽ ഗ്രിൽഡ് ചിക്കന് 2,000 രൂപയാണെന്നാണ് ഒരു താരം പറഞ്ഞത്. ടൂർണമെന്റിലെ താരങ്ങൾക്കായി ഏകദേശം 90 മുറികളാണ് ബിസിസിഐ മുംബെെയിലെ ഹോട്ടലിൽ ബുക്ക് ചെയ്തിട്ടുള്ളത്.

ജനുവരി പത്തിനാണ് സയദ് മുഷ്‌താഖലി ടി 20 ടൂർണമെന്റ് ആരംഭിക്കുക. ഡൽഹി, മുംബെെ, ഹരിയാന, ആന്ധ്രാപ്രദേശ്, കേരള, പുതുച്ചേരി എന്നീ ആറ് ആഭ്യന്തര ടീമുകൾ തമ്മിലാണ് ഏറ്റുമുട്ടൽ. ഡൽഹി ടീമിൽ ശിഖർ ധവാൻ, ഇഷാന്ത് ശർമ തുടങ്ങിയ പ്രമുഖ താരങ്ങളുണ്ട്. എസ്.ശ്രീശാന്ത്, റോബിൻ ഉത്തപ്പ, സഞ്ജു സാംസൺ എന്നിവരാണ് കേരള ടീമിലെ പ്രമുഖ താരങ്ങൾ. സൂര്യകുമാർ യാദവ്, ശിവം ദുബെ, ധവാൽ കുൽക്കർണി എന്നിവർ മുംബെെക്ക് വേണ്ടി കളിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook