സിഡ്‌നി: ഓസ്‌ട്രേലിയയിൽ ഇന്ത്യൻ താരങ്ങൾക്ക് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നതിൽ രൂക്ഷ പ്രതികരണവുമായി നായകൻ വിരാട് കോഹ്‌ലി. പറ്റേർണിറ്റി ലീവിൽ ആയതിനാൽ കോഹ്‌ലി ഓസ്‌ട്രേലിയയിൽ ഇല്ല. ഇന്ത്യയിൽ ആണെങ്കിലും തന്റെ ടീമിന് നേരിടേണ്ടിവന്ന മോശം അവസ്ഥയെ ശക്തമായി അപലപിക്കുകയാണ് കോഹ്‌ലി.

റൗഡിസത്തിന്റെ അങ്ങേയറ്റമാണ് സിഡ്‌നിയിൽ സംഭവിച്ചതെന്ന് കോഹ്‌ലി തുറന്നടിച്ചു. വളരെ ഗൗരവമുള്ള സംഭവമാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും കോഹ്‌ലി ആവശ്യപ്പെട്ടു. വംശീയ അധിക്ഷേപങ്ങൾ അംഗീകരിക്കാൻ കഴിയില്ല. ബൗണ്ടറിലൈനിൽ ഇത്തരം മോശം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാൽ, സിഡ്‌നി ടെസ്റ്റിലേത് റൗഡിസത്തിന്റെ അങ്ങേയറ്റമാണെന്നും കോഹ്‌ലി പറഞ്ഞു.

ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിൻ്റെ നാലാം ദിനം നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. വംശീയ അധിക്ഷേപം നടത്തിയ ആറ് കാണികളെ പൊലീസ് ഇടപെട്ട് സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കി. ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഇന്ത്യയുടെ മൊഹമ്മദ് സിറാജാണ് വംശീയ അധിക്ഷേപത്തിന് ഇരയായത്.

സിറാജ് ഇക്കാര്യം ഇന്ത്യൻ നായകൻ അജിങ്ക്യ രഹാനെയോടും അംപയറോടും പരാതിപ്പെട്ടു. തന്നെ അധിക്ഷേപിച്ചവരെ സിറാജ് അംപയർക്ക് ചൂണ്ടിക്കാണിച്ചുകൊടുത്തു. ഒരേ വരിയിൽ ഇരിക്കുകയായിരുന്ന ആറ് പേരെ അംപയറുടെ നിർദേശാനുസരണം പൊലീസ് എത്തി പുറത്താക്കി. സിറാജ്, ബുംറ എന്നിവർക്കെതിരെ ഇന്നലെയും വംശീയ അധിക്ഷേപം നടന്നതായി പരാതി ഉയർന്നിരുന്നു.

തുടർച്ചയായ രണ്ടാം ദിവസവും വംശീയ അധിക്ഷേപം നടന്നത് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ അടക്കം പ്രകോപിപ്പിച്ചിരിക്കുകയാണ്. ഇന്ത്യ ടെസ്റ്റ് പരമ്പര ബഹിഷ്‌കരിച്ച് നാട്ടിലേക്ക് മടങ്ങണമെന്ന് ഒരു വിഭാഗം ശക്തമായി ആവശ്യപ്പെടുന്നു. മുൻ ഇന്ത്യൻ താരങ്ങളായ വിരേന്ദർ സെവാഗ്, വിവിഎസ് ലക്ഷ്മൺ തുടങ്ങിയവരെല്ലാം വംശീയ അധിക്ഷേപത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

സിറാജ്, ബുംറ എന്നിവർക്കെതിരായ അധിക്ഷേപങ്ങളെ അപലപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ രംഗത്തെത്തി. സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണെന്നും അന്വേഷണം നടത്തുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. സംഭവത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ ക്ഷമ ചോദിച്ചിട്ടുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook