വിരാട് കോഹ്‌ലിയുടേയും അനുഷ്‌ക ശര്‍മ്മയുടേയും വിവാഹ വാര്‍ത്തകളായിരുന്നു കഴിഞ്ഞ കുറേ നാളുകളായി മാധ്യമങ്ങളിലെ പ്രധാന തലക്കെട്ടുകള്‍. ഒടുവില്‍ മുംബൈയിലെ ഗംഭീര വിരുന്നിനു ശേഷം ഇരുവരും ഇന്നു പുലര്‍ച്ചേ ദക്ഷിണാഫ്രിക്കയിലേക്ക് പോയി. അവിടെ വച്ചാണ് നവദമ്പതികള്‍ പുതുവര്‍ഷം ആഘോഷിക്കുന്നത്.

ജനുവരി അഞ്ചുമുതല്‍ ഫെബ്രുവരി 24 വരെ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയാണ് ഇപ്പോള്‍ കോഹ്‌ലിയുടെ മുന്നിലെ വലിയ വെല്ലുവിളി. എന്നാല്‍ തനിക്കതൊരു വെല്ലുവിളിയല്ലെന്നാണ് മാധ്യമ പ്രവര്‍ത്തകരോട് വിരാട് കോഹ്‌ലി പറയുന്നത്.

‘വിവാഹത്തിനു ശേഷം ക്രിക്കറ്റിലേക്ക് വരുന്നത് ഒരു ബുദ്ധിമുട്ടേയല്ല. വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തിനു വേണ്ടിയാണ് ഞാന്‍ മാറി നിന്നത്. അത് ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും എപ്പോഴും പ്രിയപ്പെട്ടതു തന്നെയായിരിക്കും. ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നത് എനിക്കൊരു ബുദ്ധിമുട്ടല്ല. കാരണം അതെന്റെ രക്തത്തില്‍ ഉള്ളതാണ്. ഓരോ ടീം അംഗത്തിനും മാനേജ്‌മെന്റിനും അത് അങ്ങനെതന്നെയാണ്. അതിനാല്‍ സ്വന്തം ജോലിയിലേക്കുള്ള തിരിച്ചുപോക്ക് ഒരിക്കലും പ്രയാസമുള്ളതല്ല.’ കോഹ്‌ലി പറഞ്ഞു.

കഴിഞ്ഞ മൂന്നാഴ്ചയായി താന്‍ പരിശീലനത്തിലായിരുന്നെന്നും, മറ്റൊന്നും ചെയ്തിട്ടില്ലെന്നും കോഹ്‌ലി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ