സ്വിങ് ചെയ്യുന്ന പന്തുകൾ രോഹിത് ശർമയ്ക്ക് കളിക്കാൻ പ്രയാസാകുമെന്ന് മുൻ ന്യൂസിലൻഡ് താരം. ജൂൺ 18ന് സതാംപ്ടണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ന്യൂസിലൻഡിനെ നേരിടുമ്പോൾ ഫാസ്റ്റ് ബോളർമാരുടെ സ്വിങ് ചെയ്യുന്ന പന്തുകൾ രോഹിതിന് പ്രേശ്നമാകുമെന്ന് മുൻ ന്യൂസിലൻഡ് ഓൾറൗണ്ടറായ സ്കോട്ട് സ്റ്റൈറിസ് പറഞ്ഞു.
സതാംപ്ടണിലെ പിച്ച് ക്യൂറേറ്റർ സൈമൺ ലീ, ഫൈനൽ മത്സരത്തിന് ഫാസ്റ്റും ബൗൺസുമുള്ള പിച്ചായിരിക്കും എന്നു പറഞ്ഞതിനു പിന്നാലെ ആയിരുന്നു മുൻ ന്യൂസിലൻഡ് താരത്തിന്റെ പ്രതികരണം. “അത് പിച്ചിനെ ആശ്രയിച്ചിരിക്കും, എനിക്ക് അത് വേണ്ടത്ര ഉറപ്പിക്കാൻ കഴിയില്ല. എനിക്ക് തോന്നുന്നു, ബോൾ ഇരുവശത്തേക്കും സ്വിങ് ചെയ്യുകയാണെങ്കിൽ രോഹിതിന് ബുദ്ധിമുട്ടാകും.” സ്റ്റൈറിസ് സ്റ്റാർ സ്പോർട്സ് ഷോ ആയ ‘ഗെയിം പ്ലാനിൽ’ പറഞ്ഞു.
“രോഹിത് ഇന്നിങ്സിന്റെ ആദ്യത്തിൽ അധികം കാലു ചലിപ്പിക്കാത്ത ആളാണ്. ആ സാഹചര്യത്തിൽ സ്വിങ് ചെയ്യുന്ന പന്തുകൾ രോഹിതിന് ഒരു പ്രശ്നമായേക്കും.” സ്റ്റൈറിസ് കൂട്ടിച്ചേർത്തു. ന്യൂസിലൻഡ് ടീമിന്റെ ബോളിങ് കരുത്തിനെ കുറിച്ചും, ടീമിൽ നീൽ വാഗ്നറിന്റെ സാന്നിധ്യത്തെക്കുറിച്ചും സ്റ്റൈറിസ് പറഞ്ഞു.
“ന്യൂസിലൻഡിന്റെ ബോളിങ് പ്ലാൻ സംബന്ധിച്ച് സ്വകാര്യങ്ങൾ ഒന്നും തന്നെയില്ല. സൗത്തിയും, ബോൾട്ടും പിന്നെ മൂന്നാം ഫാസ്റ്റ് ബോളറായി ജാമിസണോ ഗ്രാൻഡ്‌ഹോമോ വരും. അവർ ഏകദേശം 22 മുതൽ 28 ഓവർ വരെ ന്യൂ ബോളിൽ ബോൾ ചെയ്തിട്ടുണ്ട്.”
“അതിലേക്കാണ് നീൽ വാഗ്നറും എത്തുന്നത്. വാഗ്നറെ കുറിച്ചു പറയുകയാണെങ്കിൽ മിഡിൽ ഓവറുകളിൽ വിരാട് കോഹ്ലിയെ പോലൊരാൾ ബാറ്റ് ചെയ്യുമ്പോൾ ന്യൂ ബോളിൽ ഒരു യഥാർത്ഥ വിക്കറ്റ് ടേക്കിങ് ബോളറാണ്.” സ്റ്റൈറിസ് പറഞ്ഞു.
Read Also: WTC Final: ഞാൻ കാത്തിരിക്കുന്നത് ഇവരുടെ നേർക്കുനേർ പോരാട്ടത്തിന്: സെവാഗ്
ഫൈനലിനു മുന്നോടിയായി നല്ലൊരു ടെസ്റ്റ് മത്സരം ലഭിക്കാത്ത ഇന്ത്യയുടെ സാധ്യത അല്പം കുറവാണു. എന്നാൽ ഇംഗ്ലണ്ടിനെതിരെ അപ്രതീക്ഷിത പരമ്പര വിജയവുമായാണ് ന്യൂസീലൻഡ് ഇറങ്ങുക.