ഐസിസി രാഷ്ട്രങ്ങളുടെ അതിര്‍ത്തികള്‍ മറികടന്ന് ക്രിക്കറ്റ് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുകയാണ്. സമീപകാലത്ത് ക്രിക്കറ്റ് ലോകത്ത് ഉയര്‍ന്നു വന്ന രാജ്യങ്ങളാണ് അഫ്ഗാനിസ്ഥാനും അയര്‍ലൻഡും സ്‌കോട്ട്‌ലൻഡുമെല്ലാം. ഇപ്പോഴിതാ ക്രിക്കറ്റുമായി അടുത്ത ബന്ധം പോലുമില്ലാത്ത സ്‌കാന്‍ഡനേവിയന്‍ രാഷ്ട്രമായ സ്വീഡനിലും ക്രിക്കറ്റ് വലിയ ഓളങ്ങള്‍ സൃഷ്‌ടിക്കുകയാണ്.

ഫുട്‌ബോളും ഐസ് ഹോക്കിയും മാത്രം കളിച്ചിരുന്ന ജനങ്ങള്‍ ഇപ്പോള്‍ ക്രിക്കറ്റിന് പിന്നാലെ ഓടാന്‍ തുടങ്ങിയിരിക്കുകയാണ്. സ്വീഡനില്‍ ഇന്ന് 60 ല്‍ അധികം ക്രിക്കറ്റ് ടീമുകളും 2000 ല്‍ അധികം താരങ്ങളുമുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെയുണ്ടായതാണ് ഈ ക്രിക്കറ്റ് കമ്പം. അഫ്ഗാനിസ്ഥാനില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള അഭയാര്‍ത്ഥികളിലൂടെയാണ് സ്വീഡനിലേക്ക് ക്രിക്കറ്റ് ഭ്രാന്ത് കടന്നു വരുന്നത്.

സ്വീഡന്റെ ദേശീയ ടീമിന്റെ പരിശീലകന്‍ മുഹമ്മദ് വസീം മുന്‍ പാക് താരമാണ്. ”മൂന്നോ നാലോ വര്‍ഷം മുമ്പ് വരെ സ്വീഡനില്‍ വെറും 13 ക്ലബ്ബുകള്‍ മാത്രമേയുണ്ടായിരുന്നുള്ളു. കളിക്കുന്നവരാകട്ടെ 600 നും 700 നും ഇടയിലും,” സ്വീഡിഷ് ക്രിക്കറ്റ് ഫെഡറേഷന്റെ ചെയര്‍മാനായ താരീഖ് സുവാക് പറയുന്നു.

നിലവില്‍ സ്വീഡനില്‍ അഗതിമന്ദിരങ്ങള്‍ക്കായി 400000 ല്‍ പരം അപേക്ഷകള്‍ തങ്ങള്‍ക്ക് മുന്നിലെത്തിയിട്ടുണ്ടെന്നും ഈ കുത്തൊഴുക്കാണ് രാജ്യത്തെ ക്രിക്കറ്റ് ഫെഡറേഷന്റേയും വളര്‍ച്ചയെ സഹായിച്ചതെന്നും അവര്‍ പറയുന്നു.

”കുട്ടികള്‍ക്കും യുവാക്കള്‍ക്കും അവരുടെ കുടുംബത്തേയും മറ്റും കുറിച്ച് ആലോചിക്കുമ്പോള്‍ വിഷമം തോന്നും. പക്ഷെ അവര്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ അതില്‍ മുഴുകിയിരിക്കുകയല്ലാതെ മറ്റൊന്നും ആലോചിക്കില്ല,” സുവാക് പറയുന്നു.

അതേസമയം, സ്വീഡനിലെ ക്രിക്കറ്റ് ഇപ്പോഴും അതിന്റെ ശൈശവ ദശയിലാണെന്നാണ് അണ്ടര്‍ 19 ടീം കോച്ച് ഡേവിഡ് വില്ലിമാന്‍ പറയുന്നത്. ”ഞങ്ങള്‍ക്ക് 3000 കളിക്കാരും 50 ടീമുകളുമുണ്ട്. സ്റ്റോക്ക്‌ഹോമില്‍ മാത്രമായി 25 ടീമുകളാണുള്ളത്. പക്ഷെ ഇപ്പോഴും കുറച്ചു പേര്‍ മാത്രം കളിക്കുന്ന കായിക ഇനമാണ്. മാത്രവുമല്ല സ്വീഡിഷുകാര്‍ വളരെ കുറച്ചേ കളിക്കുന്നുള്ളൂ,” അദ്ദേഹം പറഞ്ഞു.

2020 ല്‍ നടക്കുന്ന ഐസിസി ട്വന്റി-20 ലോകകപ്പിന് യോഗ്യത നേടുകയാണ് ഇപ്പോള്‍ സ്വീഡനന് മുന്നിലുള്ള ലക്ഷ്യം. അത് സാധ്യമായാല്‍ ക്രിക്കറ്റിനെ യൂറോപ്പില്‍ ഇംഗ്ലണ്ടും സ്‌കോട്ട്‌ലൻഡും അയർലൻഡും കഴിഞ്ഞാല്‍ മറ്റൊരു രാജ്യത്തു കൂടി പ്രതിഷ്‌ഠിക്കാന്‍ സാധിക്കും. ചെറു ടീമുകള്‍ ഉയര്‍ന്നു വരുന്നതോടെ ക്രിക്കറ്റും വളരും. ശക്തമായ പോരാട്ടങ്ങള്‍ക്കാകും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ