മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യയെയും കെ.എൽ.രാഹുലിനെയും അന്വേഷണ വിധേയമായി സസ്‍പെൻഡ് ചെയ്തതിന് പിന്നാലെ ബി.സി.സി.ഐ ഇരുവരേയും തിരികെ വിളിച്ചു. ടെലിവിഷൻ ഷോയിലൂടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിനായിരുന്നു ഇരുവര്‍ക്കുമെതിരെ നടപടി എടുത്തത്. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിന്നും നാട്ടിലേക്ക് തിരികെ വിളിച്ച ഇരുവരും അന്വേഷണം നേരിടണം. ഇന്നലെ ചേർന്ന കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സിന്റേതാണ് തീരുമാനം. ഇരുവരെയും അന്വേഷണ വിധേയമായി സസ്‍പെൻഡ് ചെയ്തതെന്ന് സിഒഎ ചെയർമാൻ വിനോദ് റായ് വ്യക്തമാക്കി.

ഇരുവരും അച്ചടക്ക നടപടി നേരിടാതിരിക്കണമെങ്കില്‍ ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് അറിയിച്ചിട്ടുണ്ട്. അന്തിമ തീരുമാനം ഉണ്ടാകും വരെ ബിസിസിഐ, ഐസിസി, സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ എന്നിവരുടെ കീഴില്‍ നടത്തുന്ന മത്സരങ്ങളില്‍ ഇരുവര്‍ക്കും കളിക്കാനാവില്ല. ഓസ്ട്രേലിയയിലെ പര്യടനത്തിലോ അടുത്ത ന്യൂസിലന്റ് പര്യടനത്തിലോ ഇരുവര്‍ക്കും സ്ഥാനമുണ്ടാവില്ല. ഇരുവര്‍ക്കും പകരം മറ്റ് താരങ്ങളെ മത്സരത്തിലിറക്കും. പാണ്ഡ്യയ്ക്ക് പകരം രവീന്ദ്ര ജഡേജയാണ് കളിക്കുക. പാണ്ഡ്യയും രാഹുലും തുടര്‍ന്ന് ഇന്ത്യയിലേക്ക് തിരിച്ചു.

Read in English Logo Indian Express

കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സിന്റെ യോഗത്തിൽ മുതിർന്ന വനിത അംഗം ഡയാന എഡൾജി താരങ്ങൾക്ക് രണ്ട് മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ലീഗൽ സെൽ അച്ചടക്ക വിരുദ്ധമല്ല ഇരുവരുടെയും പരാമർശങ്ങൾ എന്ന് നിരീക്ഷിച്ചു. ഇതോടെയാണ് അന്വേഷണ വിധേയമായി ഇരുവരെയും സസ്പെൻഡ് ചെയ്യാൻ യോഗം തീരുമാനിച്ചത്.

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരൺ ജോഹർ അവതാരകനായ ചാറ്റ് ഷോ കോഫി വിത്ത് കരണിലായിരുന്നു ഹാര്‍ദിക്കും രാഹുലും വിവാദമായ പ്രസ്താവനകള്‍ നടത്തിയത്. പ്രത്യേകിച്ചും പാണ്ഡ്യയുടെ പ്രതികരണമാണ് ആരാധകര്‍ക്കിടയില്‍ പ്രതിഷേധമുണ്ടാക്കിയത്. തനിക്ക് അനേകം സ്ത്രീകളുമായി ബന്ധമുണ്ടെന്നും മറ്റുമുള്ള പാണ്ഡ്യയുടെ പ്രസ്താവനകളും സ്ത്രീകളോടുള്ള സമീപനവുമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

പ്രതിഷേധം കനത്തതോടെ പാണ്ഡ്യ മാപ്പ് ചോദിച്ച് രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പാണ്ഡ്യയുടെ മാപ്പ് പറച്ചില്‍. തന്റെ വാക്കുകള്‍ ആരെയെങ്കിലും ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നു. പരിപാടിയുടെ സ്വഭാവത്തിന് അനുസരിച്ചായിരുന്നു താന്‍ പെരുമാറിയത്. ആരുടേയും വികാരത്തേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമായിരുന്നു പാണ്ഡ്യയുടെ വിശദീകരണം.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ