Latest News

മേ ഹൂ നാ.., സൂര്യകുമാർ യാദവ് പറയുന്നു, ചെവിയുള്ളവർ കേൾക്കട്ടെ

തന്നെ പരിഗണിക്കാത്തവർക്ക് സൂര്യകുമാർ ബാറ്റിങ്ങിലൂടെ മറുപടി നൽകികൊണ്ടിരിക്കുന്നു. ഓരാേ കളികൾ കഴിയുംതോറും കൂടുതൽ ഉച്ചത്തിൽ സൂര്യകുമാർ പറയുന്നുണ്ട്; ‘മേ ഹൂ നാ…,’ ‘ഞാൻ ഇവിടെ തന്നെയുണ്ട്’

India vs England, ഇന്ത്യ, ഇംഗ്ലണ്ട്, sanju, surykumar yadav, സൂര്യകുമാർ യാദവ്, IE malayalam, ഐഇ മലയാളം

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അഞ്ച് വിക്കറ്റിനാണ് മുംബെെ ഇന്ത്യൻ കീഴടക്കിയത്. സൂര്യകുമാർ യാദവിന്റെ ബാറ്റിങ് കരുത്താണ് മുംബെെയ്‌ക്ക് അനായാസ വിജയം സമ്മാനിച്ചത്. ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ സൂര്യകുമാർ യാദവ് ഇടം പിടിക്കുമെന്നാണ് ക്രിക്കറ്റ് പ്രേമികൾ നേരത്തെ വിചാരിച്ചിരുന്നത്. എന്നാൽ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ഓസീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിവരികയായിരുന്ന സൂര്യകുമാറിനെ സെലക്‌ടർമാർ തഴഞ്ഞു. ഇത് വലിയ ചോദ്യമായി അവശേഷിച്ചു. അതിനു പിന്നാലെയാണ് മുംബെെ-ബാംഗ്ലൂർ മത്സരം. ഈ കളിയിൽ തന്നെ തഴഞ്ഞ ഇന്ത്യൻ സെലക്‌ടർമാർക്ക് അടക്കം സൂര്യകുമാർ യാദവ് കലക്കൻ മറുപടിയാണ് നൽകിയത്.

Suryakumar took charge of the chase right from the beginning.

43 പന്തിൽ നിന്ന് 79 റൺസ് നേടി സൂര്യകുമാർ യാദവ് പുറത്താകാതെ നിന്നു. പത്ത് ഫോറും മൂന്ന് സിക്‌സും അടങ്ങിയതായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്‌സ്. 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബെെയ്‌ക്ക് വേണ്ടി തുടക്കം മുതൽ കാര്യങ്ങൾ അനുകൂലമാക്കിയത് സൂര്യകുമാറിന്റെ ഒറ്റയാൾ ഇന്നിങ്‌സ്. ഇടവേളകളിൽ വിക്കറ്റുകൾ വീഴുമ്പോഴും സൂര്യകുമാർ ഉറച്ച പാറ പോലെ ഒരറ്റത്ത് ഉണ്ടായിരുന്നു. ഒരിക്കൽ പോലും മോശം ഷോട്ടോ അലക്ഷ്യമായ കളിയോ സൂര്യകുമാറിൽ നിന്നു കണ്ടില്ല. വളരെ പക്വമായ ഇന്നിങ്‌സ് എന്നാണ് ക്രിക്കറ്റ് ലോകം ഇതിനെ വിലയിരുത്തിയത്. ഒരു സമയത്ത് ബാംഗ്ലൂർ കളിയിലേക്ക് മടങ്ങിവരുമെന്ന് തോന്നിയെങ്കിലും കൃത്യമായ ഇടവേളകളിൽ ഫോറും സിക്‌സും നേടി സൂര്യകുമാർ മുംബെെയുടെ സമ്മർദം കുറച്ചു.

Read Also: ചുരുങ്ങിയത് മൂന്ന് ആഴ്‌ച വിശ്രമം വേണം; രോഹിത്തിന്റെ പരുക്കിനെ കുറിച്ച് ആരോഗ്യവിദഗ്‌ധർ

മത്സരം വിജയിച്ച ശേഷം സൂര്യകുമാർ യാദവ് നടത്തിയ ആഹ്ളാദപ്രകടനം ഏറെ ശ്രദ്ധേയമായി. വിജയറൺ നേടിയ​ ശേഷം വളരെ സൗമ്യനായി ‘മേ ഹൂ നാ..,’ എന്നാണ് സൂര്യകുമാർ പറഞ്ഞത്. ‘നിങ്ങൾ എന്തിനാണ് പേടിക്കുന്നത്, ഞാൻ ഇവിടെയുണ്ടല്ലോ’ എന്ന് എത്ര ആത്മവിശ്വാസത്തോടെയാണ് മുംബെെ താരങ്ങളെ നോക്കി സൂര്യകുമാർ പറയുന്നത്. ഇത് മുംബെെ താരങ്ങളോട് മാത്രമല്ലെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. ഓസീസ് പരമ്പരയ്‌ക്കുള്ള ടീം സെലക്ഷനിൽ തന്നെ കണ്ടില്ലെന്ന് നടിച്ച എല്ലാവർക്കുമുള്ള മറുപടിയാണിതെന്ന് ക്രിക്കറ്റ് ലോകം ഒന്നടങ്കം വിലയിരുത്തുന്നു. പ്രത്യേകിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി എതിർവശത്ത് സൂര്യകുമാറിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ് വിറങ്ങലിച്ചു നിൽക്കുമ്പോൾ തന്നെ. കോഹ്‌ലിയും സൂര്യകുമാറും തമ്മിൽ സ്ലെഡ്‌ജിങ് നടക്കുമെന്ന് പോലും തോന്നിച്ച നിമിഷങ്ങളും ഇന്നലെ അരങ്ങേറി. പ്രകോപിതനായി കോഹ്‌ലി അടുത്തേക്ക് എത്തിയപ്പോൾ പോലും സൂര്യകുമാർ വളരെ സംയമനത്തോടെയാണ് അതിനെ നേരിട്ടത്.

മത്സരശേഷം ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്‌ത്രി സൂര്യകുമാറിനെ കുറിച്ച് ട്വീറ്റ് ചെയ്‌തതും ഏറെ ശ്രദ്ധേയമാണ്. ‘കരുത്തനായും ക്ഷമയോടെയും തുടരൂ…,’ എന്നാണ് ശാസ്‌ത്രിയുടെ ട്വീറ്റ്. ഇന്ത്യൻ ടീമിൽ ഇടം നേടുന്ന കാലം വിദൂരമല്ലെന്ന് മുഖ്യ പരിശീലകൻ പരോക്ഷമായി സൂര്യകുമാറിനെ അറിയിക്കുകയോണോ എന്നാണ് പലരുടെയും സംശയം.

Read Also: കോഹ്‌ലിയെ പുറത്താക്കി ഐപിഎല്ലിൽ സെഞ്ചുറി തികച്ച് ബുംറ

എല്ലാ അർത്ഥത്തിലും ഇന്ത്യൻ ടീമിൽ ഇടം നേടാൻ തനിക്ക് പ്രാപ്‌തിയുണ്ടെന്ന് ഓരോ മത്സരങ്ങൾ കഴിയുമ്പോഴും സൂര്യകുമാർ തെളിയിക്കുന്നു. പല ഇന്നിങ്‌സുകളും ക്ലാസിക് ശ്രേണിയിൽ ഉൾപ്പെടുത്താവുന്നതാണ്. അത്രയും സൂക്ഷമമായി, വിക്കറ്റ് കാത്തുകൊണ്ട് ബാറ്റ് വീശാൻ സൂര്യകുമാറിന് സാധിക്കുന്നുണ്ട്. ഫീൽഡർമാരെ കബളിപ്പിച്ചുകൊണ്ട് ഗ്യാപ്പ് ഷോട്ടുകളിലൂടെ റൺസ് നേടാനുള്ള കഴിവും അപാരമാണ്. ഇതെല്ലാം കണ്ടിട്ടും നിരന്തരം സൂര്യകുമാറിനെ തഴയുന്നത് ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്‌ടർമാക്കും ബിസിസിഐക്കും ഭൂഷണമല്ലെന്നാണ് പൊതു വിലയിരുത്തൽ.

Image

ഈ ഐപിഎൽ സീസണിൽ ഇതുവരെ 12 കളികളിൽ നിന്ന് 362 റൺസാണ് സൂര്യകുമാർ നേടിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ 16 കളികളിൽ നിന്ന് 424 റൺസും 2018 ഐപിഎൽ സീസണിൽ 14 കളികളിൽ നിന്ന് 512 റൺസും സൂര്യകുമാർ നേടിയിട്ടുണ്ട്. അതായത് തുടർച്ചയായ മൂന്ന് വർഷം 300 റൺസിനു മുകളിൽ സ്‌കോർ ചെയ്യാൻ സൂര്യകുമാറിനു സാധിച്ചു. കണക്കുകൾ കൃത്യമായി സംസാരിക്കുമ്പോഴും സൂര്യകുമാർ നീല ജഴ്‌സിയിൽ പരിഗണിക്കപ്പെടാതെ പോകുന്നു. തന്നെ പരിഗണിക്കാത്തവർക്ക് സൂര്യകുമാർ ബാറ്റിങ്ങിലൂടെ മറുപടി നൽകികൊണ്ടിരിക്കുന്നു. ഓരാേ കളികൾ കഴിയുംതോറും കൂടുതൽ ഉച്ചത്തിൽ സൂര്യകുമാർ പറയുന്നുണ്ട്; ‘മേ ഹൂ നാ…,’ ‘ഞാൻ ഇവിടെ തന്നെയുണ്ട്’

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Suryakumar yadav unbeatable innings mumbai indians team india

The moderation of comments is automated and not cleared manually by malayalam.indianexpress.com