ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ അഞ്ചാം കിരീട നേട്ടത്തിൽ മുംബൈ ഇന്ത്യൻസ് ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് അവരുടെ നായകൻ രോഹിത് ശർമയോടാണ്. വെടിക്കെട്ട് അർധസെഞ്ചുറിയുമായി ടീമിനെ വിജയത്തിലേക്ക് നയിച്ച രോഹിത് മുംബൈ വിജയം അനായാസമാക്കി. എന്നാൽ മുംബൈ നായകൻ കടപ്പെട്ടിരിക്കുന്നത് സൂര്യകുമാർ യാദവ് എന്ന തന്റെ വിശ്വസ്തനോടാണ്.

ലീഗ് ഘട്ടത്തിലെ പല മത്സരങ്ങളിലും ടീമിനെ ഒറ്റയ്ക്ക് പോരാടി വിജയത്തിലെത്തിച്ച സൂര്യകുമാർ എന്നാൽ കലാശ പോരാട്ടത്തിൽ നായകനുവേണ്ടി തന്റെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. അശ്വിനെറിഞ്ഞ 11-ാം ഓവറിലെ അഞ്ചാം പന്തിൽ രോഹിത് സിംഗിളിന് ശ്രമിച്ചു. പ്രവീൺ ദുബെയുടെ കൈയ്യിൽ പന്ത് എത്തുന്ന കണ്ട സൂര്യകുമാർ ഓടരുതെന്ന് അലമുറയിട്ടെങ്കിലും രോഹിത് ശ്രദ്ധിച്ചില്ല. അതിവേഗം നോൺസ്ട്രൈക്കിലേക്കെത്തിയ നായകൻ പുറത്താകാതിരിക്കാൻ സൂര്യകുമാർ സ്വയം ക്രീസിന് പുറത്തിറങ്ങുകയായിരുന്നു.

20 പന്തിൽ ഒരു സിക്സും ഒരു ഫോറും അടക്കം 19 റൺസ് നേടിയ സൂര്യകുമാറിന്റെ പ്രവൃത്തി ക്രിക്കറ്റ് ആരാധകരെല്ലാം ഏറ്റെടുത്തിരിക്കുകയാണ്. ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലും താരത്തിനെ പ്രശംസിച്ച് നിരവധി ആളുകളാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്.

കലാശപോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്താണ് മുംബൈ വീണ്ടും ചാംപ്യന്മാരായിരിക്കുന്നത്. ഡൽഹി ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റും എട്ട് പന്തും ബാക്കി നിൽക്കെ മുംബൈ മറികടക്കുകയായിരുന്നു. 51 പന്തിൽ 68 റൺസെടുത്താണ് രോഹിത് പുറത്തായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook