/indian-express-malayalam/media/media_files/uploads/2019/06/Yuvraj-4.jpg)
ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ എം.എസ്.ധോണിയെ ഏഴാമത് ഇറക്കാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനം അമ്പരപ്പിച്ചെന്ന് യുവരാജ് സിങ്. മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ആദ്യ 10 ഓവറില്‍ ന്യൂസിലന്‍ഡ് ബോളര്‍മാരായ മാറ്റ് ഹെന്‍ റിയും ട്രെന്റ് ബോള്‍ട്ടും ചേര്‍ന്ന് ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി നല്‍കി. രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, കെ.എല്‍.രാഹുല്‍, ദിനേശ് കാര്‍ത്തിക് എന്നിവരെ ഇന്ത്യയ്ക്ക് നഷ്ടമായി. ഏവരെയും അമ്പരപ്പിച്ചു കൊണ്ട് പരിചയസമ്പത്ത് കുറവുള്ള പന്തിനെയായിരുന്നു ടീം പിന്നീട് ബാറ്റിങ്ങിന് അയച്ചത്.
രവീന്ദ്ര ജഡേജയുമൊത്ത് ഏഴാമത് ഇറങ്ങിയ ധോണി 116 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തെങ്കിലും ജയിക്കാന്‍ അത് മതിയായിരുന്നില്ല. 18 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. ധോണിയെ ഏഴാമത് ഇറക്കാനുള്ള തീരുമാനം തന്നെ ഞെട്ടിച്ചെന്നാണ് 2011 ന് ഇന്ത്യയ്ക്കായി ലോകകപ്പ് കളിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത യുവരാജ് പറയുന്നത്.
''ധോണി ഏഴാമത് വന്നപ്പോള്‍ ഞാന്‍ അമ്പരന്നു. ടീമില്‍ ഏറ്റവും അനുഭവ സമ്പത്തുള്ള താരമെന്ന നിലയില്‍ അവന്‍ നേരത്തെ ഇറങ്ങണമായിരുന്നു. ടീം മാനേജ്‌മെന്റ് എന്തായിരുന്നു ചിന്തിച്ചിരുന്നത് എന്നറിയില്ല. എന്തായാലും അത് കഴിഞ്ഞു''
അതേസമയം, നാലാം നമ്പരിലെ പ്രശ്‌നം ഇപ്പോഴും പരിഹരിക്കാത്തതിനെയും യുവരാജ് വിമർശിച്ചു. വളരെ പ്രധാനപ്പെട്ട പൊസിഷനില്‍ അനുഭവ സമ്പത്ത് കുറവുള്ള പന്തിനേയും വിജയ് ശങ്കറിനേയും കളിപ്പിക്കുന്നതിനു പിന്നിലെ യുക്തിയേയും യുവരാജ് ചോദ്യം ചെയ്തു.
''നമുക്ക് മുന്നിലുള്ള ഏറ്റവും മികച്ച താരത്തെ തിരിച്ചറിയണം, എന്നിട്ട് അയാളെ പിന്തുണയ്ക്കണം. ഉദാഹരണത്തിന് 2003 ലോകകപ്പിലെ ഞാനോ മുഹമ്മദ് കെയ്ഫോ. എല്ലാവരും ന്യൂസിലന്‍ഡില്‍ പരാജയപ്പെട്ടിരുന്നു. എന്നിട്ടും അതേ ടീം തന്നെ ഫൈനല്‍ കളിച്ചു. 2019 ലോകകപ്പിലേക്ക് നോക്കുമ്പോള്‍, ഞാന്‍ പുറത്തായി, പിന്നെ മനീഷ് പാണ്ഡെ വന്നു, പിന്നേയും രണ്ട് മൂന്ന് പേര്‍, രാഹുലിനെ പരീക്ഷിച്ചു, റെയ്‌ന വന്നു, പിന്നെ 8-9 മാസം കളിച്ച ന്യൂസിലന്‍ഡില്‍ 90 റണ്‍സ് നേടിയ റായിഡുവിനെ ഒഴിവാക്കി''
''ലോകകപ്പിന് മുമ്പ് നമ്മള്‍ ഓസ്‌ട്രേലിയയോട് തോറ്റു, റായിഡുവിനൊരു മോശം ടൂര്‍ണമെന്റുണ്ടായി. പെട്ടെന്ന് വിജയ് ശങ്കര്‍ വന്നു. സെലക്ടര്‍മാര്‍ നമ്പര്‍ നാലിന്റെ പ്രാധാന്യം മനസിലാക്കണം. പ്രത്യേകിച്ച് ഇംഗ്ലണ്ട്. വിജയ് ശങ്കറിനും ഋഷഭ് പന്തിനും അനുഭവ സമ്പത്തില്ല. ദിനേശ് കാര്‍ത്തിക് അനുഭവ സമ്പത്തുള്ള താരമാണ്. പക്ഷെ പുറത്ത് ഇരിക്കുകയായിരുന്നു. പെട്ടെന്ന് സെമിയില്‍ കളിപ്പിച്ചു. സത്യത്തില്‍ എനിക്ക് അവര്‍ എന്താണ് ചിന്തിക്കുന്നതെന്ന് മനസിലാകുന്നില്ല. അതുകൊണ്ടാണ് ഇന്ത്യ ലോകകപ്പ് ജയിക്കാത്തതെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യയും ഇംഗ്ലണ്ടുമായിരുന്നു ഏറ്റവും മികച്ച ടീമുകള്‍. ഇന്ത്യ ഫൈനല്‍ കളിക്കാതിരിക്കാന്‍ യാതൊരു കാരണവുമില്ല'' യുവി കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.