കൊളംബോ: ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയിരിക്കുകയാണ് സുരേഷ് റെയ്‌ന. കുറച്ച് കാലം ടീമിന് പുറത്തിരുന്നെങ്കിലും താനിപ്പോഴും പഴയതു പോലെ തന്നെയാണെന്ന് തെളിയിച്ചു റെയ്‌ന ഇന്നലത്തെ കളിയില്‍. ബാറ്റു കൊണ്ടെന്നതു പോലെ തന്നെ ചിലപ്പോഴെക്കെ അതിനേക്കാള്‍ ഒരുപടി മുകളില്‍ ഫീല്‍ഡിംഗില്‍ റെയ്‌ന ഞെട്ടിച്ചിട്ടുണ്ട്. ഇന്നലേയും ആ ചരിത്രം റെയ്‌ന ആവര്‍ത്തിച്ചു.

മറ്റ് താരങ്ങള്‍ വിട്ടു കളയുന്ന, അസാധ്യമെന്ന് തോന്നുന്ന തരത്തിലുള്ള ക്യാച്ചുകള്‍ എടുത്ത് സ്വന്തം സ്റ്റാന്‍ഡേര്‍ഡ് എന്നും ഉയര്‍ത്താറുണ്ട് റെയ്‌ന. ഇന്നലെ ലങ്കയ്‌ക്കെതിരേയും റെയ്‌ന അങ്ങനൊരു ക്യാച്ചെടുത്തു. ലങ്കന്‍ ബാറ്റ്‌സ്മാന്‍ ധനുഷ്‌ക ഗുണതിലകയുടെ ക്യച്ചാണ് റെയ്‌ന അക്ഷരാര്‍ത്ഥത്തില്‍ പറന്നെടുത്തത്.

യുവതാരം ശര്‍ദുള്‍ ഠാക്കൂറിന്റെ പന്തിലായിരുന്നു ലങ്കന്‍ താരത്തെ പുറത്താക്കിയ റെയ്‌നയുടെ തകര്‍പ്പന്‍ ക്യാച്ച് പിറന്നത്. ലെഗ് സൈഡിലേക്കുള്ള ഗുണതിലകയുടെ പവര്‍ഫുള്‍ ഷോട്ട് റെയ്‌ന വായുവില്‍ പറന്ന് പിടിക്കുകയായിരുന്നു.

തന്റെ പ്രതാപകാലത്തെ ഓര്‍മ്മിപ്പിക്കുന്ന റെയ്‌നയുടെ പ്രകടനത്തെ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ക്യാച്ചിന്റെ വീഡിയോ ഹിറ്റായി മാറിയിരിക്കുകയാണ്.

അതേസമയം, മഴമൂലം രണ്ട് ഓവര്‍ വെട്ടിക്കുറച്ച മത്സരത്തില്‍ ഇന്ത്യയുടെ വിജയം ആറ് വിക്കറ്റിനായിരുന്നു. ലങ്ക മുന്നോട്ട് വെച്ച 152 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ മറികടക്കുകയായിരുന്നു. ദിനേഷ് കാര്‍ത്തിക്കും മനീഷ് പാണ്ഡ്യയുമാണ് ഇന്ത്യന്‍ വിജയത്തിന്റെ ശില്‍പ്പികള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ