മുംബൈ: മലയാളി താരം സഞ്ജു വി സാംസണ്‍, സുരേഷ് റെയ്ന, യൂസഫ് പത്താന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ തമിഴ്നാട് പ്രീമിയര്‍ ലീഗിലേക്ക്. ടിഎൻപിഎല്ലിൽ കളിക്കാനായി ഐപിഎല്ലിലെ ഈ പ്രമുഖ താരങ്ങൾ റജ്സിറ്റര്‍ ചെയ്തു. അടുത്ത മാസം 22നാണ് ടിഎന്‍പിഎല്ലിന്‍റെ രണ്ടാം സീസണ്‍ ആരംഭിക്കുന്നത്.

ടിഎന്‍പിഎല്‍ ലേലത്തിനായി താരങ്ങള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതേക്കുറിച്ച് ബിസിസിഐക്ക് വ്യക്തമായ ധാരണയൊന്നും തന്നെയില്ലെന്നാണ് സൂചന. സംസ്ഥാന അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന ലീഗുകളില്‍ മറ്റ് സംസ്ഥാനത്തിലെ താരങ്ങളെ വാടകയ്ക്കായി പോലും ഉള്‍പ്പെടുത്തരുതെന്നാണ് ബിസിസിഐ ചട്ടം. ഐപിഎല്‍ മാതൃകയില്‍ ടിഎന്‍പിഎല്ലിന് രൂപം നല്‍കിയ മുന്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്‍റെ കാലത്താണ് ഇത്തരമൊരു ഭേദഗതി വരുത്തിയത്. പ്രസ്തുത ചട്ടത്തിന്രെ പേരിലാണ് ഉത്തര്‍പ്രദേശ് താരം പിയൂഷ് ചൗളക്ക് കഴിഞ്ഞ വര്‍ഷത്തെ ടിഎന്‍പിഎല്ലില്‍ പങ്കാളിയാകുന്നതിന് ബിസിസിഐ ആനുമതി നിഷേധിച്ചിരുന്നു.

ടിഎന്‍പിഎല്ലിലേക്ക് റജിസ്റ്റര്‍ ചെയ്തതായി സുരേഷ് റെയ്ന സ്ഥിരീകരിച്ചു. അവസരം ലഭിക്കുമ്പോഴെല്ലാം കളിക്കുക എന്നതിനാണ് ഒരു കളിക്കാരനെന്ന നിലയില്‍ മുന്‍ഗണന നല്‍കുന്നതെന്നും ജൂലൈയില്‍ മറ്റ് മത്സരങ്ങളൊന്നുമില്ലാത്തതിനാലാണ് തീരുമാനമെന്നും താരം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ടിഎന്‍പിഎല്ലില്‍ കളിക്കാനായി ബിസിസിഐയുടെ സമ്മതപത്രത്തിന് അപേക്ഷിച്ചിട്ടില്ലെന്നും ഉടന്‍ തന്നെ ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന് കത്ത് നല്‍കുമെന്നും താരം ഇന്ത്യൻ എക്സ്പ്രസിനോട് വ്യക്തമാക്കുന്നു. ടിഎന്‍പിഎല്ലില്‍ റജിസ്റ്റര്‍ ചെയ്തതായി സഞ്ജുവും പത്താനും സ്ഥിരീകരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ