ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി കഴിഞ്ഞ ദിവസമാണ് ജന്മദിനം ആഘോഷിച്ചത്. താരത്തിന് ക്രിക്കറ്റ് ലോകത്ത് നിന്ന് നിരവധി പേരാണ് ആശംസകള്‍ നേര്‍ന്നത്. ക്രിക്കറ്റ് താരങ്ങളും ആരാധകരും മറ്റ് മേഖലകളില്‍ നിന്നുള്ളവരുമടക്കം ഒരുപാട് പേര്‍ വിരാടിനു ജന്മദിനാശംസ നേര്‍ന്നു. തനിക്ക് ആശംസ നേര്‍ന്നവര്‍ക്ക് വിരാട് സോഷ്യല്‍ മീഡിയയിലൂടെ നന്ദിയും പറഞ്ഞിരുന്നു.

ഇതിനിടെ തനിക്ക് ആശംസ നേര്‍ന്ന സുരേഷ് റെയ്‌നയ്ക്ക് വിരാട് നല്‍കിയ മറുപടി ആരാധകരെ ആകെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. റെയ്‌നയുടെ ട്വീറ്റിന് കോഹ്‌ലി നല്‍കിയ മറുപടി ‘നന്ദി ഭാവേഷ്’ എന്നായിരുന്നു. സുരേഷ് റെയ്‌നയെ എന്തിനാണ് വിരാട് ഭാവേഷ് എന്നു വിളിച്ചതെന്നാണ് ആരാധകര്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. കോഹ്‌ലിക്ക് എന്താണ് സംഭവിച്ചതെന്നാണ് എല്ലാവരും ചോദിക്കുന്നത്.

”ജന്മദിനാശംസകള്‍ സഹോദരാ, കൂടുതല്‍ റണ്‍സും കൂടുതല്‍ കരുത്തും കൂടുതല്‍ വിജയങ്ങളും നേരുന്നു. നീ ചെയ്യുന്നത് തന്നെ തുടരുക. എല്ലാ ആശംസകളും” എന്നായിരുന്നു റെയ്‌നയുടെ ട്വീറ്റ്. ഇതിനാണ് നന്ദി ഭാവേഷ് എന്ന് വിരാട് മറുപടി നല്‍കിയത്. ഇതോടെ സുരേഷ് റെയ്‌നയ്ക്ക് ഭാവേഷ് എന്നൊരു ഇരട്ടപ്പേരുണ്ടോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.

അതേസമയം, നിരവധി പേര്‍ ട്രോളുകളുമായും രംഗത്തെത്തിയിട്ടുണ്ട്. വിരാടിന്റെ ട്വീറ്റിന് പിന്നില്‍ ശാസ്ത്രി ഇഫക്ടാണെന്നുവരെ ചില ട്രോളന്മാര്‍ പറയുന്നുണ്ട്. എന്നാല്‍ ഭാവേഷ് എന്നത് സുരേഷ് റെയ്‌നയുടെ ഇരട്ടപ്പേരാണെന്നാണ് ചിലര്‍ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook