ഐപിഎല്ലിൽ റൺവേട്ടയിൽ വിരാട് കോഹ്‌ലിയെ കടത്തിവെട്ടി സുരേഷ് റെയ്ന. ഐപിഎൽ 2019 സീസണിന്റെ ഉദ്ഘാടന മത്സരത്തിലായിരുന്നു റെയ്നയുടെ നേട്ടം. ചെന്നൈ സൂപ്പർ കിങ്സ് താരമായ സുരേഷ് റെയ്ന ഐപിഎല്ലിൽ 5000 റൺസ് തികയ്ക്കുന്ന ആദ്യ താരം എന്ന നേട്ടമാണ് സ്വന്തമാക്കിയത്.

റെക്കോർഡ് നേട്ടത്തിനായി വിരാട് കോഹ്‌ലിയും സുരേഷ് റെയ്നയും തമ്മിലായിരുന്നു മത്സരം. 172 ഇന്നിങ്സുകളിൽ നിന്നായി 4,985 റൺസായിരുന്നു സുരേഷ് റെയ്നയുടെ പേരിലുണ്ടായിരുന്നത്. ഒരു സെഞ്ചുറിയും 35 അർധ സെഞ്ചുറികളും റെയ്നയുടെ പേരിലുണ്ട്. 155 ഇന്നിങ്സുകളിൽനിന്നായി 4,948 റൺസുമായി കോഹ്‌ലിയായിരുന്നു രണ്ടാം സ്ഥാനത്ത്. ഐപിഎല്ലിലെ റെക്കോർഡ് നേട്ടം കൈവരിക്കാൻ റെയ്നയ്ക്ക് വേണ്ടിയിരുന്നത് 15 റൺസും കോഹ്‌ലിക്ക് വേണ്ടിയിരുന്നത് 52 റൺസുമായിരുന്നു.

Read: തുടക്കം തന്നെ കരുത്തുകാട്ടി ചാമ്പ്യന്മാർ; ബാംഗ്ലൂരിനെതിരെ ചെന്നൈയ്ക്ക് തകർപ്പൻ ജയം

മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് ആദ്യം ബാറ്റ് ചെയ്തത്. പക്ഷേ ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ കോഹ്‌ലിക്ക് 6 റൺസ് മാത്രമേ നേടാനായുളളൂ. ഹർഭജൻ സിങ്ങായിരുന്നു കോഹ്‌ലിയെ പുറത്താക്കിയത്. ചെന്നൈ താരം സുരേഷ് റെയ്ന 9-ാം ഓവറിലായിരുന്നു നേട്ടം കൈവരിച്ചത്. ഐപിഎല്ലിൽ കോഹ്‌ലിയെ കടത്തിവെട്ടി റെക്കോർഡ് കൈവരിച്ച റെയ്ന 19 റൺസുമായാണ് കളം വിട്ടത്.

നിലവിൽ 173 ഇന്നിങ്സുകളിൽനിന്നായി 5004 റൺസാണ് റെയ്നയുടെ സമ്പാദ്യം. ഇതിൽ ഒരു സെഞ്ചുറിയും 35 അർധ സെഞ്ചുറികളുമുണ്ട്. 4,163 റൺസ് ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടിയും 841 റൺസ് ഗുജറാത്ത് ലയൺസിനു വേണ്ടിയും കളിച്ചപ്പോഴാണ് റെയ്ന നേടിയത്. വാതുവയ്പ് വിവാദത്തെത്തുടർന്ന് ചെന്നൈ സൂപ്പർ കിങ്സിനു വിലക്ക് ഏർപ്പെടുത്തിയ രണ്ടു സീസണിലാണ് റെയ്ന ഗുജറാത്ത് ലയൺസിനു വേണ്ടി കളിച്ചത്.

ഐപിഎൽ 2019 സീസണിലെ തന്റെ ആദ്യ മത്സരത്തിൽ 21 ബോളുകളിൽനിന്നാണ് റെയ്ന 19 റൺസെടുത്ത്. മൊയീൻ അലിയാണ് റെയ്നയെ പുറത്താക്കിയത്. ഉദ്ഘാടന മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിനാണ് എം.എസ്.ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് പരാജയപ്പെടുത്തിയത്. ബാംഗ്ലൂർ ഉയർത്തിയ 71 റൺസ് വിജയലക്ഷ്യം 18-ാമത്തെ ഓവറിലാണ് ചെന്നൈ മറികടന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ