ചെന്നൈ: രണ്ട് കളികളും ആവേശജ്ജ്വലമായി ജയിച്ചെങ്കിലും പ്രതിസന്ധികള്‍ ഒഴിയാതെ ചെന്നൈ സൂപ്പര്‍ കിങ്സ്. ഹോം മൽസരങ്ങള്‍ ചെന്നൈയില്‍ നിന്നും മാറ്റേണ്ടി വന്നതായിരുന്നു ടീമിന് ലഭിച്ച ആദ്യത്തെ പ്രഹരമെങ്കില്‍ സൂപ്പര്‍ താരത്തിന്റെ പരുക്കാണ് പുതിയ വെല്ലുവിളി.

പ്രധാന താരമായ സുരേഷ് റെയ്‌നയാണ് പരുക്കു മൂലം അടുത്ത രണ്ട് കളികളില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയ്‌ക്കെതിരായ മൽസരത്തിനിടെയായിരുന്നു റെയ്‌നയ്ക്ക് പരുക്കേല്‍ക്കുന്നത്. ബാറ്റ് ചെയ്യുന്നതിനിടെ റെയ്‌നയുടെ കാലിന് പരുക്കേല്‍ക്കുകയായിരുന്നു. പരുക്കേറ്റിട്ടും റെയ്‌ന ബാറ്റിങ് തുടര്‍ന്നിരുന്നു.

റെയ്‌നയ്ക്ക് പത്ത് ദിവസത്തെ വിശ്രമമാണ് ആരോഗ്യ സംഘം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതോടെ താരത്തിന് കിങ്സ് ഇലവന്‍ പഞ്ചാബിനും രാജസ്ഥാന്‍ റോയല്‍സിനും എതിരെയുളള മൽസരങ്ങള്‍ നഷ്ടമാകും. ഐപിഎല്‍ ആദ്യ സീസണ്‍ മുതല്‍ ചെന്നൈ നിരയിലെ നിർണായക സാന്നിധ്യമാണ് റെയ്‌ന. ഒരിടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു വരാന്‍ ശ്രമിക്കുന്ന റെയ്‌നയ്ക്കും ഐപിഎല്‍ നിർണായകമാണ്.

അതേസമയം, കൊല്‍ക്കത്തയ്‌ക്കെതിരായ മൽസരത്തില്‍ ഫീല്‍ഡിങ്ങിൽ നിറഞ്ഞു നിന്നിരുന്നു റെയ്‌ന. റോബിന്‍ ഉത്തപ്പയുടെ റണ്ണൗട്ടും സുനില്‍ നരേന്റെ ക്യാച്ചുമെടുത്തത് റെയ്‌നയായിരുന്നു. യുവതാരം ധ്രുവ് ശ്രോയ് റെയ്‌നയുടെ പകരക്കാരനായെത്തുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഐപിഎല്‍ മല്‍സരങ്ങള്‍ പൂനെയിലേക്ക് മാറ്റി. ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയാണു തീരുമാനം അറിയിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ ധോണിയുടെ നിലപാടാണ് മൽസരങ്ങള്‍ പുണെയില്‍ എത്തിച്ചത്. പുണെയില്‍ മല്‍സരങ്ങള്‍ നടത്തുന്നതിനോട് ചെന്നൈ ടീം മാനേജ്‌മെന്റിന് എതിര്‍പ്പില്ലെന്നും രാജീവ് ശുക്ല അറിയിച്ചു.

പുണെയ്ക്ക് പുറമെ വിശാഖപട്ടണം, തിരുവനന്തപുരം, രാജ്‌ഘട്ട് എന്നിവിടങ്ങളും വേദി മാറ്റത്തിനായി പരിഗണിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ധോണിയുടെ നിലപാടാണ് നിര്‍ണായകമായത്. റൈസിങ് പുണെ സൂപ്പര്‍ജയന്റ്‌സിനൊപ്പം ഇവിടെ കളിച്ചതാണ് പുണെ തന്നെ തിരഞ്ഞെടുക്കാന്‍ ധോണിയെ പ്രേരിപ്പിച്ചത്.

കാവേരി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ചെന്നൈയില്‍ നിന്ന് ഐപിഎല്‍ മല്‍സരങ്ങള്‍ മാറ്റാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന മല്‍സരത്തില്‍ വേദിക്ക് അകത്തും പുറത്തും പ്രതിഷേധം ഉയര്‍ന്നിരുന്നു. കനത്ത സുരക്ഷാ വലയത്തിലാണ് മല്‍സരം നടന്നതും. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആറ് മല്‍സരങ്ങളാണ് ഇനി ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടത്തേണ്ടിയിരുന്നത്. ഇവയാണ് മറ്റു വേദിയില്‍ നടക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook