ന്യൂഡൽഹി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുളള മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുളള ടീമിനെ പ്രഖ്യാപിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് റെയ്‌ന ടീമിൽ ഇടംപിടിച്ചു. ഫെബ്രുവരി 18 മുതൽ ആരംഭിക്കുന്ന പരമ്പരയ്ക്ക് 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തുടക്കം ഫോമില്ലാതെയായിരുന്നെങ്കിലും ഉത്തർപ്രദേശ് ടീം ക്യാപ്റ്റനായ റെയ്ന 49 പന്തിൽ സെഞ്ച്വറി നേടി ഫോം വീണ്ടെടുത്തിരുന്നു. 126 റൺസ് നേടി അപരാജിത ഇന്നിംഗ്സ് കാഴ്ചവച്ചതോടെ റെയ്ന ടീമിലേക്ക് തിരികെയെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റെയ്ന വീണ്ടും ടീമിലേക്ക് മടങ്ങിയെത്തുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരായിട്ടാണ് റെയ്ന അവസാനമായി ദേശീയ ടീം ജഴ്സിയിൽ കളത്തിലിറങ്ങിയത്.

അതേസമയം രഹാനെയെ ഒരിക്കൽ കൂടി ടി20 ടീമിൽ നിന്ന് ഒഴിവാക്കി. ജയദേവ് ഉനദ്‌കട്ടും ടീമിൽ ഇടംപിടിച്ചു. ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിൽ മാൻ ഓഫ് ദി സീരീസ് അവാർഡ് നേടിയതാണ് ഉനദ്‌കടിനെ തുണച്ചത്.

ഐപിഎൽ താരലേലത്തിൽ 11.5 കോടിക്കാണ് രാജസ്ഥാൻ റോയൽസ് ഉനദ്കടിനെ വാങ്ങിയത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയ്ക്കായ പ്രഖ്യാപിച്ച ടീം ഇങ്ങിനെ

വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ്മ (വൈസ് ക്യാപ്റ്റൻ), എംഎസ് ധോണി, ശിഖർ ധവാൻ, കെഎൽ രാഹുൽ, സുരേഷ് റെയ്‌ന, ദിനേഷ് കാർത്തിക്, ഹർദ്ദിക് പാണ്ഡ്യ, മനീഷ് പാണ്ഡെ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുമ്ര, ജയദേവ് ഉനദ്‌കട്, ഷർദ്ദുൽ താക്കൂർ

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ