ന്യൂഡൽഹി: ഇന്ത്യൻ പ്രിമീയർ ലീഗുമായി ബന്ധപ്പെട്ട വാർത്തകളിൽ ഇപ്പോൾ നിറഞ്ഞ് നിൽക്കുന്നത് ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്നയാണ്. ദുബായിലെ ക്യാമ്പിൽനിന്നു നാട്ടിലേക്കുള്ള താരത്തിന്റെ അപ്രതീക്ഷിത മടക്കം ആരാധകരെ ഞെട്ടിക്കുകയും നിരാശരാക്കുകയും ചെയ്തു. വ്യക്തിപരമായ കാരണങ്ങളാലാണ് റെയ്ന നാട്ടിലേക്ക് മടങ്ങിയതെന്ന വിശദീകരണമാണ് തുടക്കത്തിൽ ക്ലബ്ബ് അധികൃതർ നൽകിയതെങ്കിലും പിന്നീട് ഇതുസംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളും റിപ്പോർട്ടുകളും അതുണ്ടാക്കിയ വിവാദങ്ങളും ക്രിക്കറ്റ് ലോകത്ത് സജീവമായി തുടർന്നു.
സുരേഷ് റെയ്നയുടെ അടുത്ത ബന്ധുക്കൾക്കു നേരെ കവർച്ചാ സംഘം നടത്തിയ ആക്രമണമാണ് റെയ്നയെ തിരികെ നാട്ടിലെത്തിച്ചതെന്നായിരുന്നു ആദ്യം പല ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. അക്രമണത്തിൽ താരത്തിന്റെ അമ്മാവൻ കൊല്ലപ്പെട്ടുവെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ടീമിലെ ആഭ്യന്തര വിഷയങ്ങളാണ് റെയ്ന ടൂർണമെന്റ് തന്നെ റദ്ദാക്കാൻ കാരണമെന്നും റിപ്പോർട്ടുകൾ വന്നു. അതിനിടയിൽ ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കുട്ടികളുടെ ആരോഗ്യം പരിഗണിച്ചാണ് തന്റെ തീരുമാനമെന്ന് റെയ്ന തന്നെ പറഞ്ഞതായും ചില കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്തു.
Also Read: ചെന്നൈ എന്നും റെയ്നയ്ക്കൊപ്പം; നിലപാട് തിരുത്തി സിഎസ്കെ ഉടമ എൻ ശ്രീനിവാസൻ
ഒടുവിൽ തന്റെ മടക്കത്തിന് പിന്നിലെ കാരണം വ്യക്തമാക്കി റെയ്ന തന്നെ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് ആരാധകരുടെ ആശങ്കകൾക്കും സംശയങ്ങൾക്കും താരം മറുപടി നൽകിയത്. കുടുംബത്തിൽ സംഭവിച്ചത് അതിഭയാനകമായ കാര്യമാണെന്ന് റെയ്ന പറയുന്നു. തന്റെ അമ്മാവനും ബന്ധുവും കൊല്ലപ്പെട്ടുവെന്നും താരം വ്യക്തമാക്കി.
“പഞ്ചാബിലുള്ള എന്റെ കുടുംബത്തിൽ സംഭവിച്ചത് അതിഭയാനകമായ കാര്യമാണ്. അമ്മാവൻ കൊല്ലപ്പെട്ടു. എന്റെ അമ്മായിയും മറ്റ് ബന്ധുക്കളും ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. നിർഭാഗ്യവശാൽ ഒരു ബന്ധുവും ഇന്നലെ മരിച്ചു,” റെയ്ന ട്വിറ്ററിൽ കുറിച്ചു.
ആ രാത്രി കൃത്യമായി എന്താണ് സംഭവിച്ചതെന്നും ആരാണ് ഇത് ചെയ്തതെന്നും ഇതുവരെ തങ്ങൾക്ക് അറിയില്ല. ഇക്കാര്യം പരിശോധിക്കാൻ താൻ പഞ്ചാബ് പൊലീസിനോട് അഭ്യർത്ഥിക്കുന്നുവെന്ന് റെയ്ന പറഞ്ഞു. ആരാണ് ഈ ക്രൂരമായ പ്രവൃത്തി ചെയ്തതെന്ന് അറിയണമെന്നും അവരെ കൂടുതൽ കുറ്റകൃത്യങ്ങളിൽ നിന്ന് തടയണമെന്നും റെയ്ന കൂട്ടിച്ചേർത്തു.
തരിയൽ ഗ്രാമത്തിലാണ് റെയ്നയുടെ അച്ഛന്റെ സഹോദരി ആശാ ദേവിയും കുടുംബവും താമസിക്കുന്നത്. ഇവർക്കുനേരെ കവർച്ചാ സംഘം ആക്രമണം നടത്തുകയായിരുന്നു. ഓഗസ്റ്റ് 19-ന് അർധരാത്രി യായിരുന്നു സംഭവം. അക്രമണത്തിൽ പിതൃസഹോദരി ആശാ ദേവിയുൾപ്പടെ കുടുംബാംഗങ്ങൾക്ക് ഗുരുതരമായി പരുക്കേറ്റു. ഇതേതുടർന്ന് ചികിത്സയിലായിരുന്ന റെയ്നയുടെ അമ്മാവൻ അശോക് കുമാറാണ് ഇന്ന് മരിച്ചത്.
സുരേഷ് റെയ്ന വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്ത്യയിലേക്ക് മടങ്ങിയെന്നും ഐപിഎല്‍ സീസണില്‍ പൂര്‍ണമായും അദ്ദേഹത്തെ ലഭിക്കുകയില്ലെന്നും സി എസ് കെ സിഇഒ കെ സ് വിശ്വനാഥന് പറഞ്ഞു. സുരേഷ് റെയ്നയ്ക്കും കുടുംബത്തിനും ഈ കാലയളവില്‍ ടീം പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സുരേഷ് റെയ്നയെക്കുറിച്ച് തന്റെ താൻ മുൻപു പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച് വിവാദമാക്കിയതാണെന്ന് എൻ ശ്രീനിവാസൻ. ടീം വിട്ട തീരുമാനത്തിൽ സുരേഷ് റെയ്ന ഖേദിക്കേണ്ടി വരുമെന്ന് ശ്രീനിവാസൻ നേരത്തെ പറഞ്ഞിരുന്നു. ഈ നിലപാട് തിരുത്തിയാണ് അദ്ദേഹം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സ് സുരേഷ് റെയ്നയ്ക്കൊപ്പം ഉറച്ചുനിൽക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.