ന്യൂഡൽഹി: ആജീവനാന്ത വിലക്കിനെതിരെ സുപ്രീംകോടതിയെ സമീപിച്ച എസ്.ശ്രീശാന്തിനെതിരെ ബിസിസിഐ. ശ്രീശാന്ത് കോഴ വാങ്ങിയതിന് തെളിവുണ്ടെന്നും കോഴയായി കിട്ടിയ ഏഴ് ലക്ഷം രൂപയില്‍ മൂന്ന് ലക്ഷം തനിക്കും നാല് ലക്ഷം ജിജു ജനാര്‍ദ്ധനനെന്നും ശ്രീശാന്ത് പറയുന്ന ഓഡിയോ ശകലം തങ്ങളുടെ പക്കലുണ്ടെന്ന് ബിസിസിഐ കോടതിയെ അറിയിച്ചു. വാതുവയ്‌പ് നടന്നുവെന്നതിന്റെ തെളിവാണ് പാന്റില്‍ വച്ച വെളുത്ത തൂവാലയെന്നും ബിസിസിഐ കോടതിയെ അറിയിച്ചു.

അതേസമയം, ആജീവനാന്ത വിലക്കിന് എതിരെ ശ്രീശാന്ത് നൽകിയ ഹർജിയിൽ സുപ്രീം കോടതി ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷൻ വിനോദ് റായ്, കേരള ക്രിക്കറ്റ് അസോസിയേഷൻ എന്നിവർക്ക് നോട്ടീസ് അയച്ചു. ശ്രീശാന്തിന്റെ കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാനാണ് നോട്ടീസ് നൽകിയത്.

ചീഫ് ജസ്റ്റിസ് ദിപക് മിശ്രയുടെ ബെഞ്ചാണ് ശ്രീശാന്തിന്റെ ഹർജി പരിഗണിച്ചത്. ശ്രീശാന്തിന്റെ ഹർജിയിൽ ബിസിസിഐ ഏർപ്പെടുത്തിയ വിലക്ക് നീക്കിക്കൊണ്ട് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ ബിസിസിഐയുടെ അപ്പീല്‍ അനുവദിച്ച് കൊണ്ട് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് അസാധുവാക്കുകയായിരുന്നു. ബിസിസിഐയുടെ ആഭ്യന്തര വിഷയമാണെന്നും കോടതിക്ക് ഇടപെടാനാവില്ലെന്നും ചൂണ്ടിക്കാണ്ടിയായിരുന്നു നടപടി.

വാതുവയ്‌പ് കേസില്‍ പട്യാല കോടതി ശ്രീശാന്ത് ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയെങ്കിലും ആജീവനാന്ത വിലക്ക് പിന്‍വലിക്കാന്‍ ബിസിസിഐ തയ്യാറായിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ