ന്യൂഡൽഹി: ക്രിക്കറ്റ് ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത് ഇന്ത്യയുടെ പുതിയ താരത്തെ കുറിച്ചാണ്. മറ്റാരുമല്ല കേരളത്തിന്റെ സ്വന്തം സഞ്ജു സാംസൺ തന്നെയാണ് ആ താരം. ആരുടെയും മനം കവരുന്ന ബാറ്റിംഗ് മികവ് മാത്രമല്ല, ബൗണ്ടറിക്കപ്പുറം കടന്ന പന്തിനെ പറന്ന് പിടിക്കുന്ന ഒരു സൂപ്പർ ഫീൽഡറുമാണ് സഞ്ജു.

ഇത്തവണ വിക്കറ്റ് കീപ്പർ സ്ഥാനത്തല്ല ഡൽഹി ഡയർഡവിൾസ് ടീമിൽ സഞ്ജുവിനെ നിർത്തിയത്. അത് രാഹുൽ ദ്രാവിഡിന്റെ കൃത്യമായ കണക്കുകൂട്ടൽ തന്നെയാണ്. ബൗണ്ടറി ലൈനിനരികിൽ റണ്ണൊഴുക്ക് പരമാവധി തടയുന്നതിൽ സഞ്ജുവിന്റെ ഫീൽഡിംഗ് ടീമിനം തുണച്ചു. എന്നാൽ ഈ കാഴ്ച, അത് സാക്ഷാൽ ദ്രാവിഡ് പോലും പ്രതീക്ഷിച്ച് കാണില്ല.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായി ഇന്നലെ നടന്ന മത്സരത്തിലാണ് സഞ്ജു അവിസ്മരണീയമായ ഫീൽഡിംഗ് മികവ് പുറത്തെടുത്തത്. കളി നിർണ്ണായക ഘട്ടത്തിൽ നിൽക്കെ ക്രിസ് മോറിസ് എറിഞ്ഞ പത്തൊൻപതാമത്തെ ഓവറിലാണ് മൈതാനം വിറങ്ങലിച്ച ആ ഫീൽഡിംഗ്. ജയിക്കാൻ 11 പന്തിൽ 15 റൺസ് വേണ്ടിയിരുന്ന കൊൽക്കത്തയ്ക്ക് വേണ്ടി ബാറ്റ് വീശിയത് മനീഷ് പാണ്ഡെ. ഉയർത്തിയടിച്ച പന്ത് ബൗണ്ടറി ലൈനിനപ്പുറം ചെന്ന് വീഴുമെന്ന് ഉറപ്പായിരുന്നു.

കളിയുടെ നിർണ്ണായക നിമിഷത്തിൽ ഏത് വിധേനയും റണ്ണൊഴുക്ക് തടയുകയെന്ന തന്റെ ജോലി സഞ്ജു ഭംഗിയായി നിർവ്വഹിച്ചു. ലോങ്ങ് ഓണിലെ ഫീൽഡിംഗ് പൊസിഷനിൽ നിന്ന് പന്ത് ലക്ഷ്യമാക്കി ഒടി വന്ന സഞ്ജു ഒറ്റ ചാട്ടം, സിക്സറെന്ന് തോന്നിപ്പിച്ച പന്ത് കൈകലാക്കി അതേ വേഗതയിൽ പുറത്തേക്ക് എറിഞ്ഞു. ആറ് റൺസിന് പകരം കൊൽക്കത്തയുടെ സ്കോർബോർഡിൽ കുറിച്ചത് രണ്ട് റൺസ് മാത്രം.

ഗാലറിയിൽ മുഴുവൻ കാണികളും അത് കണ്ട് അതിശയിച്ചു. എന്തിനധികം, ഡൽഹി ഡയർഡെവിൾസ് താരങ്ങൾ പോലും അത്രയും മികച്ച ഫീൽഡിംഗ് പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരും ഒരേ പോലെ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചപ്പോൾ സഞ്ജു അതിഭാവുകത്വമേതുമില്ലാതെ തന്റെ ഫീൽഡിംഗ് പൊസിഷനിലേക്ക് തന്നെ നടന്നുപോയി. എന്നാൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ. മലയാളികളായ ക്രിക്കറ്റ് പ്രേമികളെല്ലാം ഈ വീഡിയോയ്ക്ക് പുറകിലാണ്. മത്സരം ഡൽഹി തോറ്റെങ്കിലും സഞ്ജുവിന്റെ അവിസ്മരണീയമായ ഫീൽഡിംഗിനെ കൊൽക്കത്ത താരങ്ങളും അഭിനന്ദിച്ചു.

വീഡിയോ കാണാം…

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ