ക്രിക്കറ്റിൽ മാത്രമല്ല ഹോക്കിയിലും കൂടിയാണ് ഇന്ത്യ-പാക്കിസ്ഥാൻ ഞായറാഴ്ച ഏറ്റുമുട്ടുന്നത്. ഐസിസി ചാംപ്യൻസ് ട്രോഫിയുടെ ഫൈനലും ഹോക്കി വേൾഡ് ലീഗിന്റെ സെമി ഫൈനലും ഞായറാഴ്ചയാണ്. ചാംപ്യൻസ് ട്രോഫി ഫൈനലിലെ ഇന്ത്യയുടെ എതിരാളികളും ഹോക്കി വേൾഡ് ലീഗിന്റെ സെമി ഫൈനലിലെ എതിരാളികളും പാക്കിസ്ഥാനാണ്.

ചാംപ്യൻസ് ട്രോഫി സെമിഫൈനലിൽ ബംഗ്ലാദേശിനെ ഒൻപതു വിക്കറ്റിനു തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. സെഞ്ചുറി നേടിയ രോഹിത് ശർമയും (123) സെഞ്ചുറിക്കരികെ എത്തിയ വിരാട് കോഹ്‌ലിയുമാണ് (96) ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ചത്. സെമിഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് പാക്കിസ്ഥാൻ ഫൈനൽ പ്രവേശനം നേടിയത്. ഞായറാഴ്ച വൈകിട്ട് മൂന്നുമണിക്കാണ് ഇന്ത്യ-പാക്കിസ്ഥാൻ ഫൈനൽ.

ഹോക്കി വേൾഡ് ലീഗ് സെമിഫൈനലിലെ ആദ്യ മൽസരത്തിൽ ഇന്ത്യ സ്കോട്ലൻഡിനെ തോൽപ്പിച്ചിരുന്നു. ഞായറാഴ്ച നടക്കുന്ന സെമിഫൈനലിൽ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. ലണ്ടനിൽ ഇന്ത്യൻ സമയം വൈകിട്ട് 6.30 നാണ് മൽസരം. നിലവിൽ വേൾഡ് ഹോക്കിയിൽ ഇന്ത്യ 6-ാം സ്ഥാനത്താണ്. പാക്കിസ്ഥാൻ 13-ാം സ്ഥാനത്തും. ഞായറാഴ്ച നടക്കുന്ന സെമിഫൈനലിൽ വിജയിക്കുന്നവർ ഫൈനലിലെത്തും.

ഹോക്കിയിലും ക്രിക്കറ്റിലും ഇന്ത്യയുടെ ചുണക്കുട്ടികൾ പാക്കിസ്ഥാനെ തോൽപ്പിക്കുമോ എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ