Latest News

UEFA EURO 2020: മഹാമാരിക്കിടയിലെ പ്രതീക്ഷയുടെ ഞായർ; മനം നിറഞ്ഞ് കായിക പ്രേമികൾ

കെട്ടകാലത്തിനിടയില്‍ ലോകത്തിന് ആനന്ദിക്കാന്‍ ഒരുപാട് സുന്ദര നിമിഷങ്ങള്‍ തന്നെ ഒരു ദിനമായിരുന്നു കടന്നു പോയത്.

UEFA EURO 2020 Final Highlights : വെംബ്ലി: കോവിഡ് മഹാമാരിയെന്ന കെട്ടകാലത്തിന്റെ നിഴല്‍ ലോക ജനതയുടെ മുകളില്‍നിന്ന് നീങ്ങിയിട്ടില്ല. ഏതൊരു മേഖലയേയും പോലെ സാരമായി ബാധിച്ച ഒന്നു തന്നെയായിരുന്നു കായിക രംഗവും. കാണികളില്ലാത്ത മൈതാനത്ത് കളിശീലമില്ലാത്ത താരങ്ങള്‍ക്ക് പലര്‍ക്കും അത് നല്‍കിയ സമ്മര്‍ദം ചെറുതല്ല. പലരും തങ്ങളുടെ മികവിനൊത്ത് ഉയര്‍ന്നില്ല. പരാജയപ്പെട്ടവര്‍ ഏറെ.

പക്ഷെ ഇന്നലെ കായിക ലോകത്തിന്റെ മനസ് നിറച്ച ഞായര്‍ ആയിരുന്നു. രാവിലെ കോപ്പ അമേരിക്കയില്‍ ബ്രസീല്‍- അര്‍ജന്റീന പോരാട്ടം, വൈകുന്നേരം വിംബിള്‍ഡണ്‍ പുരുഷ വിഭാഗം ഫൈനലില്‍ നൊവാക്ക് ജോക്കോവിച്ചും മാറ്റേയോ ബെരറ്റിനിയും തമ്മിലുള്ള മത്സരം, രാത്രിയില്‍ ചരിത്രമുറങ്ങുന്ന വെബ്ലിയില്‍ ഇംഗ്ലണ്ട് – ഇറ്റലി തീപാറും പോരാട്ടം, അമേരിക്കയില്‍ എന്‍ബിഎ ഫൈനല്‍സ്.

യൂറോ കപ്പ്

യൂറോ കപ്പ് കായിക പ്രേമികള്‍ക്ക് നല്‍കിയ ആവേശം തെല്ലൊന്നുമല്ല . ലോകോത്തര താരങ്ങള്‍ പങ്കെടുത്ത മാമാങ്കത്തിന്റെ മാറ്റ് കൂട്ടാന്‍ ഫുട്ബോളിനെ നെഞ്ചോട് ചേര്‍ത്തവര്‍ കോവിഡിനെ മറന്ന് ഗ്യാലറികളില്‍ ഇടം പിടിച്ചു. അത് മൈതാനത്ത് പന്ത് തട്ടിയവര്‍ക്ക് നല്‍കിയ ആവേശം വലുതായിരുന്നു.

യൂറോയിലെ കലാശപ്പോരിന് സാക്ഷ്യം വഹിച്ചത് അറുപതിനായിരത്തിലേറെ കാണികളാണ്. രണ്ടാം മിനിറ്റില്‍ ലൂക്ക് ഷോയുടെ ഗോളിന് ഇംഗ്ലണ്ട് ആരാധകര്‍ മതിമറന്ന് ആനന്ദിച്ചു. ഗോള്‍ ആഹ്ളാദിക്കാന്‍ താരങ്ങള്‍ ഓടിയെത്തിയത് കാണികളുടെ അടുത്തേക്കായിരുന്നു. അവര്‍ ബൂട്ട് കെട്ടുന്നത് കാണികള്‍ക്ക് കൂടി വേണ്ടിയായിരുന്നു.

67-ാം മിനിറ്റില്‍ ബൊനൂച്ചിയുടെ ഗോളാഘോഷം ആരും മറക്കാനിടയില്ല. ആരാധകര്‍ക്ക് മുന്നിലേക്ക് അയാള്‍ സ്വയം സമര്‍പ്പിക്കുകയായിരുന്നു. കാണികള്‍ അത്രമേല്‍ വലുതാണ് ഏതൊരു കളിക്കും. വെംബ്ലി ശരിക്കുമൊരു പ്രതീക്ഷയായിരുന്നു നല്‍കിയത്. സാധിക്കില്ലെന്ന് തോന്നിയത് സാധിച്ചു.

കോപ്പ അമേരിക്ക

ബ്രസീലിനും അര്‍ജന്റീനക്കുമായി ലോകം രണ്ടായ നിമിഷങ്ങള്‍. കാണികളുടെ അഭാവം മൂലം ശോഭ നഷ്ടപ്പെട്ട കോപ്പയിലേക്ക് ലോകം നോട്ടമിട്ട രാത്രി. ചിരവൈരികളുടെ പോരാട്ടത്തില്‍ അര്‍ജന്റീനയ്ക്ക് വിജയം. 28 വര്‍ഷം നീണ്ടുനിന്ന കിരീട ദാരിദ്ര്യത്തിന് അന്ത്യം.

എല്ലാത്തിനും ഉപരിയായി മെസിയെന്ന ഫുട്ബോള്‍ മാന്ത്രികന് ഒരു കിരീടം. മഹാമാരിയുടെ നിയന്ത്രണ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞായിരുന്നു ആരാധകരുടെ ആഘോഷം. ലോകത്തിന്റെ എല്ലാ കോണുകളിലും നിന്ന് വാമോസ് അര്‍ജന്റീന എന്ന ശബ്ദം ഉയര്‍ന്നു കേട്ടു.

Also Read: England vs Italy, UEFA EURO 2020 Final Result Score, Goals: കപ്പ് ഇസ് ഗോയിങ് ടു റോം; ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിനെ തോൽപിച്ച് ഇറ്റലി

ബ്യൂണസ് ഐറിസിലെ തെരുവുകളും കേരളത്തിലെ തെരുവുകളും സമാനമായിരുന്നു. കാത്തിരുന്ന് നേടിയ വിജയം നാലു ചുമരുകള്‍ക്ക് ഉള്ളില്‍നിന്ന് ആഘോഷിക്കേണ്ടെന്ന് ജനം തീരുമാനിച്ചു. അര്‍ജന്റീനയുടെ വിജയത്തില്‍ ഒരു നിമിഷമെങ്കിലും എല്ലാവരും മതിമറന്ന് ഉല്ലസിച്ചു .

കോപ്പ അമേരിക്കയും യൂറോ കപ്പും ഒരേ സമയം അരങ്ങേറി. ബ്രസീല്‍-അര്‍ജന്റീന ഫൈനലിന് മാത്രമാണ് കോപ്പയ്ക്ക് ശ്രദ്ധ നേടിക്കൊടുക്കാനായത്. ഒഴിഞ്ഞ ഗാലറിയെ സാക്ഷിനിര്‍ത്തി നെയ്മറും മെസിയുമൊക്കെ നേടിയ ഗോളുകളുടെ ശോഭ കുറഞ്ഞത് അവര്‍ക്കായി ആര്‍ത്തുവിളിക്കാന്‍ ആളില്ലാതെ പോയതാണ്.

വിംബിള്‍ഡണ്‍

ലണ്ടണിലെ സെന്റര്‍ കോര്‍ട്ടില്‍ ഇത്തവണ മുഴുവന്‍ സീറ്റുകളിലും കാണികള്‍ക്ക് പ്രവേശനം അനുവദിച്ചു. സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും ഇറ്റലിയുടെ മാറ്റേയോ ബെരറ്റിനിയും തമ്മിലായിരുന്നു പോരാട്ടം. എന്നും വിംബിള്‍ഡണിലെ ആരാധകകൂട്ടം കളിക്കാര്‍ക്ക് ആവേശം നല്‍കാറുണ്ട്.

ജോക്കോവിച്ചിനെ ഞെട്ടിച്ച് ബെരറ്റിനി ആദ്യ സെറ്റ് നേടി. പിന്നീട് ജോക്കോയ്ക്കായി ആരാധകര്‍ ആര്‍ത്തുവിളിക്കുന്നതാണ് സെന്റര്‍ കോര്‍ട്ടില്‍ കണ്ടത്. അടുത്ത മൂന്ന് സെറ്റുകള്‍ അനായാസം നേടി ജോക്കോ തന്റെ 20-ാം ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കി.

ഇതിഹാസങ്ങളോടൊപ്പമെത്താനുള്ള ഓട്ടം ജോക്കോ പൂര്‍ത്തിയാക്കി. റോജര്‍ ഫെഡറര്‍ക്കും റാഫേല്‍ നഡാലിനും ഒപ്പമെത്തിയ ജോക്കോവിച്ചിന് വിംബിള്‍ഡണ്‍ കാണികള്‍ നല്‍കിയത് എഴുന്നേറ്റു നിന്നുള്ള കയ്യടികളായിരുന്നു. പ്രിയ കാണികള്‍ക്ക് നന്ദി പറയാനും ജോക്കോ മടിച്ചില്ല.

ഇങ്ങനൊരു ഞായറാഴ്ച ഇനി ഉണ്ടാകുമോ?

ഇനി വരാന്‍ പോകുന്ന ഒളിംപിക്സിന്റെ അടക്കമുള്ള വേദികളില്‍ കോവിഡ് മൂലം കാണികള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ട്വന്റി-20 ലോകകപ്പ് നീണ്ടുപോകുന്നു. കൃത്യമായി ഷെഡ്യൂള്‍ ചെയ്ത കളികള്‍ പലതും മാറ്റിവയ്ക്കപ്പെടുന്നു. കോവിഡ് മൂലം കായികവും ഇരുട്ടിലേക്ക് പോവുകയാണോയെന്ന ചോദ്യം കായികപ്രേമികള്‍ക്ക് ഉണ്ടാകും.

യൂറോ കപ്പിലെ ആള്‍ക്കൂട്ടത്തിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്ന ഭയത്തിലാണ് വിദഗ്ധര്‍. നിലവില്‍ ബ്രിട്ടനില്‍ പുതിയ തരംഗം രൂപപ്പെട്ടുകഴിഞ്ഞു. ഒരു പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. കൂടുതല്‍ പേരും ഫുട്ബോള്‍ പ്രേമികളും പുരുഷന്മാരുമാണെന്നാണ് പ്രതിരോധ ശേഷി വിഭാഗം ഡോക്ടര്‍ ഡെനിസ് കിനെയിന്‍ പറയുന്നത്.

മഹാമാരി ഉഗ്രരൂപം പലതവണ പ്രാപിച്ചു കഴിഞ്ഞു. വരും ദിനങ്ങള്‍ എങ്ങനെയാകുമെന്നതില്‍ ആര്‍ക്കുമൊരു ഉത്തരവും കണ്ടെത്താനായിട്ടില്ല. കായികപ്രേമികള്‍ക്ക് ആശ്വാസം നല്‍കി പോയ ഞായര്‍ പോലൊരു ദിനം ഇനിയുമുണ്ടാകട്ടെ എന്ന പ്രതീക്ഷയിലാണ് ലോകം. കോവിഡിന്റെ അതിര്‍ വരമ്പുകള്‍ താണ്ടിയുള്ള ആനന്ദ നിമിഷങ്ങള്‍ക്കായി കാത്തിരിക്കാം.

Also Read: റൊണാള്‍ഡോയ്ക്ക് ഗോള്‍ഡന്‍ ബൂട്ട്; ഡൊന്നാരുമ്മ ടൂര്‍ണമെന്റിലെ താരം

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Super sunday for sports lovers in the midst of pandemic

Next Story
UEFA EURO 2020 Final Highlights: കപ്പ് ഇസ് ഗോയിങ് ടു റോം; ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിനെ തോൽപിച്ച് ഇറ്റലി
The moderation of comments is automated and not cleared manually by malayalam.indianexpress.com