ഭുപനേശ്വര്‍: സൂപ്പര്‍ കപ്പിലെ നോക്ക്‌ ഔട്ട്‌ സ്റ്റേജ് മത്സരത്തില്‍ കേരളത്തിനെതിരെ നെറോക്കാ എഫ്സിക്ക് വിജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മണിപ്പൂരില്‍ നിന്നുള്ള ഐ ലീഗ് ക്ലബ്ബായ നെറോക്ക എഫ്‍സി കേരളാ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തുന്നത്.

ആദ്യ പകുതിയില്‍ തന്നെ മികച്ചൊരു പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. പതിനൊന്നാം മിനുട്ടില്‍ പെനാല്‍റ്റി കിക്ക് ഗോളാക്കി മാറ്റിക്കൊണ്ട് വിക്റ്റര്‍ പുള്‍ഗയാണ് കേരളത്തിന്റെ അക്കൗണ്ട് തുറന്നത്. രണ്ടാം പകുതിയുടെ നാലാം മിനുട്ടില്‍ തന്നെ മലയാളി താരം പ്രശാന്തിലൂടെ കേരളാ ബ്ലാസ്റ്റേഴ്സ് ഗോള്‍ നില ഇരട്ടിപ്പിച്ചു.

എന്നാല്‍ രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ തകിടംമറിയുകയായിരുന്നു. പ്രശാന്തും വിനീതും പെക്കൂസനും അടങ്ങുന്ന മുന്നേറ്റനിരയുടെ വേഗതയെ തടുക്കുന്നതോടൊപ്പം മികച്ച രീതിയില്‍ കളി മെനയാനും നെറോക്കയ്ക്ക് സാധിച്ചു. രണ്ടാം പകുതിയില്‍ എഴുപത്തിയൊന്നാം മിനുട്ടില്‍ ജീന്‍ ജോയേച്ചിമ്മിലൂടെ നെറോക്ക ആദ്യ ഗോള്‍ കണ്ടെത്തി. എഴുപത്തിയൊമ്പതം മിനുട്ടില്‍ അരിന്‍ വില്യംസ് ആണ് മികച്ചൊരു ഹെഡ്ഡറിലൂടെ നെറോക്കയുടെ രണ്ടാം ഗോള്‍ കണ്ടെത്തിയത്. എണ്‍പത്തി ഒന്നാം മിനുട്ടില്‍ വെസ്റ്റ്‌ ബ്രൗണിന്റെ ഹാന്‍ഡ് ബോളില്‍ നെറോക്കയ്ക്ക് പെനാല്‍റ്റി ലഭിക്കുന്നു. അനായാസമായൊരു കിക്കിലൂടെ നെറോക്ക തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു.

ഇതോടെ ഐ ലീഗ് റണ്ണര്‍ അപ്പായ ക്ലബ്ബ് സൂപ്പര്‍ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കുള്ള പ്രവേശനം ഉറപ്പിച്ചു. ഇതോടെ പ്രഥമ സൂപ്പര്‍ കപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്ന അഞ്ചാമത്തെ ഐ ലീഗ് ക്ലബ്ബാണ്‌ നെറോക്ക എഫ്‌സി. ഐഎസ്എല്ലിന്റെ താരാധിപത്യവും പണക്കൊഴുപ്പും കവച്ചുവെച്ചുകൊണ്ട് സൂപ്പര്‍ കപ്പിന്റെ ക്വാര്‍ട്ടറില്‍ കടക്കുന്ന എട്ടില്‍ അഞ്ച് ടീമും ഐ ലീഗ് ക്ലബ്ബുകളുടെതാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ