കൊച്ചി: ഓള്‍ ഇന്ത്യ ഫുട്ബോള്‍ അസോസിയേഷന്‍ (എഐഎഫ്എഫ്) ഫെഡറേഷന്‍ കപ്പിന് പകരമായി പ്രഖ്യാപിച്ച സൂപ്പര്‍ കപ്പ്‌ അസംബന്ധമെന്ന് തുറന്നടിച്ച് ജംഷഡ്പൂര്‍ എഫ്‌സി കോച്ച് സ്റ്റീവ് കോപ്പല്‍. ഏഷ്യന്‍ കോണ്ടിനെന്റല്‍ മൽസരങ്ങള്‍ക്ക് യോഗ്യത കിട്ടുന്നില്ല എങ്കില്‍ സൂപ്പര്‍ കപ്പിന്‍റെ ആവശ്യമെന്തെന്ന് ആരാഞ്ഞ ഇംഗ്ലീഷ് മാനേജര്‍ മൽസരങ്ങളുടെ സംഘാടനത്തെയും വിമര്‍ശിക്കുകയുണ്ടായി.

“സൂപ്പര്‍ കപ്പിനെ കുറിച്ച് ആരും അധികം താത്പര്യം കാണിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. ഐഎസ്എല്ലിന്‍റെ അവസാന സ്റ്റേജിലേക്ക് കടന്നിട്ടും എവിടെയാണ് മൽസരങ്ങള്‍ നടക്കുന്നതെന്നോ എപ്പോള്‍ നടക്കുന്നുവെന്നോ പോലും ടീമുകള്‍ക്ക് അറിയില്ല. എന്റെ അഭിപ്രായത്തില്‍ ഇതൊരു അസംബന്ധമാണ്. തന്ത്രപ്രധാനമായ മൽസരമാണ് അത് എങ്കില്‍ മാര്‍ച്ചില്‍ തന്നെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കും എന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്” സ്റ്റീവ് കോപ്പല്‍ ദ് ഗോളിനോട് പറഞ്ഞു.

താന്‍ സംസാരിച്ച ഒരു ടീമും കളിക്കാരും സൂപ്പര്‍ കപ്പിനെ വലിയ താത്പര്യത്തോടെ കാണുന്നില്ല എന്ന് പറഞ്ഞ മുന്‍ കേരളാ ബ്ലാസ്റ്റേഴ്സ് മാനേജര്‍ എഎഫ്സിയില്‍ ഇടമില്ല എങ്കില്‍ എന്തിനാണ് അത് കളിക്കുന്നത് എന്നും ആരാഞ്ഞു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കഴിഞ്ഞ് വിദേശ താരങ്ങളൊക്കെ അവരവരുടെ നാട്ടിലേക്ക് മടങ്ങും. അതിനുശേഷം അവരെ സൂപ്പര്‍ കപ്പിനായി കൊണ്ടുവരേണ്ട ചെലവും ക്ലബ്ബുകള്‍ക്ക് മേലാകും. ആദ്യ സൂപ്പര്‍ കപ്പ് മൽസരങ്ങള്‍ കൊച്ചിയില്‍ നടക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്തിനിടയില്‍ വേദിയെ കുറിച്ച് തന്റെ സന്ദേഹങ്ങള്‍ മറച്ചുവയ്ക്കാനും ‘കോപ്പലാശാന്‍’ ശ്രമിച്ചില്ല.

“കൊച്ചിയില്‍ പതിനാറ് ടീമുകള്‍ക്ക് താമസിക്കുവാനുള്ള ഹോട്ടല്‍ മുറികള്‍ ഉണ്ടോ? ഈ എല്ലാ ടീമുകള്‍ക്കും പരിശീലിക്കുവാനുള്ള മൈതാനമുണ്ടോ ? ആര്‍ക്കും അറിയില്ല” സ്റ്റീവ് കോപ്പല്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ