വിരാട് കോഹ്‌ലിക്കു പിന്നാലെ സഹതാരങ്ങളെ വിമർശിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ഗൗതം ഗംഭീറും. സൺറൈസേഴ്സ് ഹൈദരാബാദിനോടുളള തോൽവിക്കു പിന്നാലെയാണ് ഗൗതം ടീമംഗങ്ങളെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്. ”ഫീൽഡിങ്ങിൽ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. കളിയിലുടനീളം നമ്മൾ വളരെ മന്ദഗതിയിലായിരുന്നു. തീർച്ചയായും ടീം ശക്തിയാർജിക്കേണ്ടതുണ്ടെന്നും” ഗംഭീർ പറഞ്ഞു.

”ഏകാഗ്രതയാണ് എല്ലാത്തിന്റെയും അടിസ്ഥാനം. നിങ്ങൾ എത്രമാത്രം ശ്രദ്ധിക്കുന്നു, ഓരോ റൺസിനും നിങ്ങൾ എത്രമാത്രം പ്രാധാന്യം നൽകുന്നു ഇതെല്ലാം ഇതിന്റെ ഭാഗമാണ്. ഇതിനർഥം നിങ്ങൾക്ക് ഫീൽഡിങ് അറിയില്ല എന്നല്ല. വാർണറുടെ വിക്കറ്റ് നമ്മൾ വിട്ടുകളഞ്ഞു. നാം അതിന് എത്രമാത്രം വില കൊടുക്കേണ്ടി വന്നുവെന്നും” ഗംഭീർ പറഞ്ഞു.

ഡേവിഡ് വാർണർ നേടിയ സെഞ്ചുറിയുടെ കരുത്തിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൺ റൈസേഴ്സ് 48 റൺസിന്റെ വിജയം നേടിയത്. 10-ാം ഓവറിൽ വാർണറുടെ വിക്കറ്റ് ക്രിസ് വോക്സ് വിട്ടുകളഞ്ഞിരുന്നു. ഇതാണ് കൊൽക്കത്തയ്ക്ക് തിരിച്ചടിയായത്. വാർണറായിരുന്നു മാൻ ഓഫ് ദി മാച്ച്.

കഴിഞ്ഞ ദിവസം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ‌്‌ലിയും ടീമംഗങ്ങളെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. റൈസിങ് പുണെ സൂപ്പർജയന്റ്സിനെതിരായ മൽസരത്തിൽ ബാംഗ്ലൂർ പരാജയപ്പെട്ടിരുന്നു. അർധസെഞ്ചുറി നേടിയ കോഹ്‌ലി ഒഴികെ മറ്റു താരങ്ങൾക്കാർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. മത്സരത്തിന് ശേഷം നടന്ന സമ്മാനദാന ചടങ്ങിലാണ് കോഹ്‌ലി സഹതാരങ്ങളെ വിമര്‍ശിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ