ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും സ്ഥിരതയുള്ള ടീമെന്ന വിശേഷണത്തിന് അർഹരായ ടീമാണ് സൺറൈസേഴ്സ് ഹൈദരാബാദ്. 2016 മുതൽ തുടരെ അഞ്ച് വർഷം ഐപിഎലിന്റെ പ്ലേയോഫിൽ അവർ ഇടം കണ്ടെത്തിയിരുന്നു. ഓരോ വർഷവും മികച്ച ടീമുമായി എത്തുന്ന സൺറൈസേഴ്സ് ഈ തവണയും സ്ഥിരതയുള്ള ടീമുമായാണ് എത്തുന്നത്.
2016 ലെ കിരീട നേട്ടത്തിന് ശേഷം തുടർച്ചയായി പ്ലേയോഫിൽ എത്തിയെങ്കിലും പടിക്കൽ വീഴുകയായിരുന്നു സൺറൈസേഴ്സ്. 2017 ൽ കൊൽക്കത്തയോട് തോറ്റപ്പോൾ അടുത്ത വർഷം ഫൈനലിൽ ചെന്നൈയോട് തോറ്റ് കിരീടം നഷ്ടപ്പെടുത്തി. അടുത്ത സീസണിൽ എലിമിനേറ്ററിലും ക്വാളിഫയറിലും അടിപതറി വീണു.
മധ്യ നിരയെ ശക്തിപെടുത്തി പോയിന്റ് പട്ടികയില്‍ ആദ്യ നാലില്തുടരുക എന്ന ലക്ഷ്യത്തോടെ തന്നെയാകും ഹൈദരാബാദിന്റെ വരവ്. കഴിഞ്ഞ സീസണിലെ തങ്ങളുടെ പ്രധാന താരങ്ങളെ നിലനിർത്തി പുതുതായി മൂന്ന് താരങ്ങളെ മാത്രം ഉള്‍പ്പെടുത്തിയാണ് എസ്ആർഎച്ച് അങ്കതിനിറങ്ങുന്നത്.
ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച താരങ്ങളുള്ള സൺറൈസേഴ്സിനെ കൂടുതൽ അലട്ടുക മധ്യ നിരയിൽ ആര് എന്നുള്ളതായിരിക്കും. കഴിഞ്ഞ സീസണിൽ യുവ താരങ്ങളായ പ്രിയം ഗാർഗ്, അഭിഷേക് ശർമ്മ, അബ്ദുൽ സമദ് എന്നിവരെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ മികച്ച ഒരു ഫിനിഷറുടെ കുറവ് മധ്യനിരയിൽ പ്രകടമായിരുന്നു.
കരുത്ത്
മികച്ച ഓപ്പണർമാർ മുതൽ ബോളർമാർ വരെയുള്ള വളരെ സന്തുലിതമായ നിരയാണ് സൺ റൈസേഴ്സിന്റെ ഏറ്റവും വലിയ കരുത്ത്. ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോ, ജേസൺ റോയ്, കെയ്ൻ വില്യംസൺ എന്ന വിദേശ കരുത്തരിൽ തുടങ്ങി മനീഷ് പാണ്ഡെ, വൃദ്ധിമാൻ സാഹ എന്നീ ഇന്ത്യൻ താരങ്ങളിൽ അവസാനിക്കുന്ന ബാറ്റിംഗ് നിര ഏത് വലിയ സ്കോറും എത്തിപ്പിടിക്കാൻ പോന്നതാണ്.
ഐപിഎലിലെ തന്നെ ഏറ്റവും കരുത്തരായ ഓപ്പണിങ് ജോഡിയാണ് വാർണർ ബെയർസ്റ്റോ സഖ്യം. ആദ്യ ബോൾ മുതൽ തന്നെ എതിരാളികളെ കയറി ആക്രമിക്കാൻ കഴിയുന്ന ഇവർക്ക് ടീമിന് മികച്ച അടിത്തറ നല്കാൻ സാധിക്കും.
ജേസൺ റോയ് കൂടി ബാറ്റിങ് നിരയുടെ ഭാഗമാകുമ്പോൾ ആരെ പുറത്തിരുത്തും എന്നത് വാർണറിന് ചിലപ്പോൾ തലവേദന സൃഷ്ടിച്ചേക്കാം. ഓൾറൗണ്ടർ റാഷിദ് ഖാനെ പുറത്തിരുത്തികൊണ്ടുള്ള അവസാന ഇലവനെ കുറിച് വാർണർ ചിന്തക്കാനിടയില്ല. നാലാമത്തെ സ്ഥാനം കെയ്ൻ വില്യംസണോ ജേസൺ ഹോൾഡറിനോ ആയി നൽകാനാണ് സാധ്യത.
ഇന്ത്യൻ ബോളർ ഭുവനേശ്വർ കുമാറും സ്പിന്നർ റഷീദ് ഖാനും ചേർന്ന് നയിക്കുന്ന ബോളിങ് നിരയിലേക്ക് യോർക്കർ കിംഗ് നടരാജനും സ്പിന്നർ മുജീബുർ റഹ്മാനും കൂടി ചേരുമ്പോൾ കൂടുതൽ ശക്തമാകും.
Read Also: RCB Preview: വമ്പനടിക്കാരുടെ നീണ്ട നിര, ഒപ്പം മലയാളി ടച്ചും; കിരീടം ലക്ഷ്യമിട്ട് ബാംഗ്ലൂര്‍
ദൗർബല്യങ്ങൾ
ഒരു മികച്ച ഫിനിഷർ നിരയിലില്ല എന്നതാണ് സൺറൈസേഴ്സിന്റെ പ്രധാന ദൗർബല്യം. കഴിഞ്ഞ സീസണിൽ കെയ്ൻ വില്യംസനെ മാത്രം ആശ്രയിച്ച് നിൽക്കുന്ന ഒരു മധ്യനിരയെയാണ് കണ്ടത്. ഒരു മത്സരത്തിൽ അബ്ദുൽ സമദ് താളം കണ്ടെത്തിയെങ്കിലും സീസണിൽ പൊതുവെ മധ്യനിര ആടിയു ലയുകയായിരുന്നു.
മധ്യനിരയിൽ ഓൾറൗണ്ടറായി വിജയ് ശങ്കർ ഉണ്ടെങ്കിലും പ്രതീക്ഷക്കൊത്ത കളി വിജയ് ശങ്കർ ഇനിയും പുറത്തെടുത്തില്ല. ടീമിനെ സംബന്ധിച്ച് വലിയൊരു ആശങ്കയും അതാണ്.
ഈ വർഷം താരലേലത്തിലൂടെ സ്വന്തമാക്കിയ കേദാർ ജാദവ് മികച്ച കളി പുറത്തെടുത്താൽ അത് ടീമിന് മധ്യനിരയിൽ പരീക്ഷണങ്ങൾക്ക് അവസരം നൽകും. പക്ഷെ സമീപകാലത്തെ ജാദവിന്റെ പ്രകടങ്ങൾ പ്രതീക്ഷ നൽകുന്നതല്ല.
അവസരങ്ങൾ
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ വൃദ്ധിമാൻ സാഹക്ക് ബാറ്റിംഗ് ഓർഡറിൽ പ്രമോഷൻ കൊടുത്തപ്പോഴെല്ലാം അതൊരു അവസരമായി കണ്ട് മികച്ച സ്ട്രോക്ക് പ്ലേയുമായി തിളങ്ങിയിട്ടുണ്ട്. മധ്യനിരയില്‍ കേദാർ ജാദവ് തിളങ്ങിയാൽ അത് ടീമിന് മുതൽക്കൂട്ടാകും. ടീമിൽ നിന്ന് ദീർഘകാലമായി പുറത്തിരിക്കുന്ന കേദാർ ജാദവിനെ സംബന്ധിച്ച് ഇത്തവണത്തെ ഐപിഎൽ വളരെ പ്രധാനമാണ്. ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമുറപ്പിക്കാൻ മനീഷ് പാണ്ഡെക്ക് കിട്ടുന്ന മറ്റൊരവസരമാണ് ഈ ഐപിഎൽ. അത് കൂടുതൽ ഉപയോഗപ്പെടുത്താൻ തന്നെയാകും മനീഷ് പാണ്ഡെ ശ്രമിക്കുക.
ഭീഷണികൾ
സൺറൈസേഴ്സിന്റെ കരുത്തുറ്റ ടോപ് ഓർഡറിന് നല്ലൊരു തുടക്കം നല്കാൻ കഴിയാതെ തകർന്നാൽ അത് മധ്യനിരയിലെ സമ്മർദ്ദം കൂട്ടും. ഹൈദരാബാദിന്റെ ബാറ്റിംഗ് നിര പൂർണമായും അവരുടെ ടോപ് ഓർഡറിനെ ആശ്രയിച്ചാണിരിക്കുന്നത്. ബോളിങ്ങിൽ റാഷിദ് ഖാനെ കൂടുതലായി ആശ്രയിക്കുന്നത് ടീമിന്റെ ഒരു ദൗർബല്യമാണ്. റാഷിദ് തിളങ്ങിയില്ലെങ്കിൽ ബോളിങ് നിര ചിലപ്പോള്‍ അടിമുടി തകർന്നേക്കാം.
സൺ റൈസേഴ്സ് ഹൈദരാബാദ് ടീം
ഡേവിഡ് വാർണർ, കെയ്ൻ വില്യംസൺ, മനീഷ് പാണ്ഡെ, വിരാട് സിംഗ്, വൃദ്ധിമാൻ സാഹ, പ്രിയം ഗാർഗ്, ജോണി ബെയർസ്റ്റോ, ജേസൺ റോയ്, ശ്രീവാട്സ് ഗോസ്വാമി, വിജയ് ശങ്കർ, മൊഹമ്മദ് നബി, കേദാർ ജാദവ്, ജെ സുചിത്, ജേസൺ ഹോൾഡർ, അഭിഷേക് ശർമ്മ, അബ്ദുൽ സമദ്, ഭുവനേശ്വർ കുമാർ,റഷീദ് ഖാൻ, ടി നടരാജൻ, സന്ദീപ് ശർമ്മ, ഖലീൽ അഹമ്മദ്, സിദ്ധാർഥ് കൗൾ, ബേസിൽ തമ്പി, ഷഹബാസ് നദീം, മുജീബുർ റഹ്മാൻ