സൺ റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായി കെയ്ൻ വില്യംസണെ നിയമിച്ചതായി മാനേജ്‍മെന്റ്. രാജസ്ഥാൻ റോയല്സിനെതിരെ നടക്കുന്ന നാളത്തെ മത്സരത്തിലും സീസണിലെ തുടർന്നുള്ള മത്സരങ്ങളിലും കെയ്ൻ വില്യംസൺ ടീമിനെ നയിക്കുമെന്ന് സൺ റൈസേഴ്‌സ് ഹൈദരാബാദ് പത്രക്കുറിപ്പിൽ പറഞ്ഞു. മെയ് 2ന് നടക്കുന്ന മത്സരത്തിൽ ടീമിലെ വിദേശ കളിക്കാരുടെ കോമ്പിനേഷനിൽ മാറ്റമുണ്ടാകുമെന്നും മാനേജ്‍മെന്റ് അറിയിച്ചു.
ഡേവിഡ് വാർണർ ടീമിന് നൽകിയ സംഭാവനകൾക്ക് നന്ദി അറിയിച്ച മാനേജ്‍മെന്റ് തുടർന്നും വാർണറുടെ പിന്തുണ പ്രതീഷിക്കുന്നു എന്നും പത്ര കുറിപ്പിൽ വ്യക്തമാക്കി. ” കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡേവിഡ് വാർണർ ടീമിൽ ചെലുത്തിയ വലിയ സ്വാധീനം പരിഗണിക്കുമ്പോൾ ഇങ്ങനെയൊരു തീരുമാനം മാനേജ്‍മെന്റിന് എളുപ്പമായിരുന്നില്ല. സീസണിലെ അടുത്ത മത്സരങ്ങൾക്കായി ടീം ഇറങ്ങുമ്പോൾ ടീമിന് കരുത്താകാൻ ഗ്രൗണ്ടിന് അകത്തും പുറത്തും വാർണർ ഉണ്ടാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു” പത്രക്കുറിപ്പിൽ പറഞ്ഞു.
Read Also: IPL 2021 CSK vs MI: ഐപിഎല്ലില്‍ ഇന്ന് എല്‍ ക്ലാസിക്കോ; ചെന്നൈയും മുംബൈയും നേര്‍ക്കുനേര്‍
ആറ് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമായി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് സൺ റൈസേഴ്‌സ് ഇപ്പോൾ. ആദ്യത്തെ മത്സരങ്ങളിൽ പുറത്തിരുന്ന കെയ്ൻ വില്യംസൺ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ഒരു അർദ്ധ സെഞ്ചുറി ഉൾപ്പടെ നേടി 108 ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. ഡൽഹിയുമായുള്ള മത്സരം സൂപ്പർ ഓവറിലേക്ക് എത്താൻ സഹായിച്ചത് വില്യംസന്റെ 66 റൺസായിരുന്നു.
മറുവശത്ത് തന്റെ പഴയ ഫോം വീണ്ടെടുക്കാൻ വാർണർക്ക് കഴിഞ്ഞിട്ടില്ല. ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് അർദ്ധ സെഞ്ചുറികൾ ഉൾപ്പടെ 193 റൺസ് സ്വന്തമാക്കിയെങ്കിലും സീസണിൽ വാർണറിന്റെ സ്ട്രൈക്ക് റേറ്റ് 110.29 മാത്രമാണ്. ഹൈദരാബാദിന് 2016ൽ കിരീടം സമ്മാനിച്ച വാർണറിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയ സ്ഥിതിക്ക് പുറത്തിരുത്താൻ കൂടി ടീം മാനേജ്‍മെന്റ് തീരുമാനിച്ചാൽ ഫോമിലുള്ള ജേസൺ റോയോ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ജേസൺ ഹോൾഡറോ പകരം ടീമിൽ എത്തും.
ഇതിനു മുൻപ് പന്ത് ചുരണ്ടലുമായി ബന്ധപ്പെട്ട് വാർണർ വിലക്ക് നേരിട്ട സമയത്ത് ഹൈദരാബാദിനെ നയിച്ചത് കെയ്ൻ വില്യംസൺ ആയിരുന്നു. 2018ൽ വില്യംസൺ സൺ റൈസേഴ്‌സ് ഹൈദരാബാദിനെ ഫൈനലിൽ എത്തിച്ചിരുന്നു. 735 റൺസുമായി വില്യംസൺ ആയിരുന്നു സീസണിൽ ടീമിന്റെ ടോപ് സ്‌കോറർ. എന്നാൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ജയിച്ച് കിരീടം സ്വന്തമാക്കി. അതിനു ശേഷം 2019ലും ടീമിനെ നയിച്ച വില്യംസൺ ടീമിനെ നാലാം സ്ഥാനത്ത് എത്തിച്ചു.