മുംബൈ: വിവാദ നായകന്‍ ഡേവിഡ് വാര്‍ണര്‍ക്ക് പകരക്കാരന്‍ ആയി ഇംഗ്ലണ്ട് ഓപ്പണര്‍ അലക്‌സ് ഹെയില്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. അടിസ്ഥാന വിലയായ ഒരു കോടി രൂപ നല്‍കിയാണ് ഹെയില്‍സിനെ ടീമലെത്തിച്ചത്. 2015 ല്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായിരുന്നുവെങ്കിലും ഇതുവരേയും ഐപിഎല്ലില്‍ അരങ്ങേറാന്‍ താരത്തിന് സാധിച്ചിട്ടില്ല.

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വാര്‍ണറെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു വര്‍ഷത്തേക്ക് പുറത്താക്കിയതിന് പിന്നാലെ ബിസിസിഐയും താരത്തെ ഐപിഎല്‍ കളിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ശിഖര്‍ ധവാനൊപ്പം ഹെയില്‍സ് സണ്‍റൈസേഴ്‌സിനായി ഓപ്പണ്‍ ചെയ്യുമെന്നാണ് കരുതുന്നത്.

ഇംഗ്ലണ്ടിന്‍റെ ഏറ്റവും മികച്ച ട്വന്റി-20 ബാറ്റ്‌സ്മാനാണ് ഹെയില്‍സ്. ട്വന്റി-20യില്‍ സെഞ്ച്വറി നേടിയ ഏക ഇംഗ്ലീഷ് താരവും ഐസിസി റാങ്കിംഗില്‍ ടോപ്പ് ടെന്നില്‍ ഇടം നേടിയ ഇംഗ്ലണ്ടുകാരനുമാണ് ഹെയില്‍സ്. 29 കാരനായ ഹെയില്‍സ് ബിഗ് ബാഷ് ലീഗിലും പിഎസ്എല്ലിലും ബിപിഎല്ലിലും തന്റെ കഴിവ് തെളിയിച്ചതുമാണ്. 174 ട്വന്റി-20യില്‍ നിന്നുമായി 4704 റണ്‍സ് നേടിയിട്ടുള്ള ഹെയില്‍സിന്റെ സ്‌ട്രൈക്ക് റേറ്റ് 143.54 ആണ്. രണ്ട് സെഞ്ച്വറികളും 30 അര്‍ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ഓറഞ്ച് ആര്‍മ്മിയുടെ ആദ്യ മത്സരം.

അതേസമയം, പന്തു ചുരണ്ടല്‍ വിവാദത്തില്‍ ശിക്ഷിക്കപ്പെട്ട ഓസീസ് മുന്‍ ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ ക്രിക്കറ്റ് ജീവിതത്തില്‍ നിന്ന് പിന്‍വാങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. താന്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത തെറ്റാണ് എന്ന് പറഞ്ഞ മുന്‍ ഓസീസ് നായകന്‍ ഇനി രാജ്യത്തിന് വേണ്ടി കളിക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നും പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തിയ വാര്‍ണര്‍ എഴുതി തയ്യാറാക്കിയ പത്രക്കുറിപ്പ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വായിച്ചുകേള്‍പ്പിക്കുകയായിരുന്നു. ‘ഇനി രാജ്യത്തിന് വേണ്ടി കളിക്കാനാകുമെന്ന വളരെ ചെറിയ പ്രതീക്ഷ മാത്രമേയുളളൂ. ഇനി കളിക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ഞാന്‍ എത്തി. ഓരോ കളിയിലും രാജ്യത്തിന് കൂടുതല്‍ അഭിമാനം നേടിയെടുക്കാനാണ് ശ്രമിച്ചത്,’ തന്റെ ഭാഗത്ത് നിന്നുണ്ടായ കുറ്റങ്ങള്‍ക്ക് താന്‍ മാത്രമാണ് ഉത്തരവാദിയെന്ന് വ്യക്തമാക്കി വാര്‍ണര്‍ പറഞ്ഞു.

ഇത് നാലാം തവണയാണ് കുറ്റം ഏറ്റുപറഞ്ഞ് വാര്‍ണര്‍ മാധ്യമപ്രവര്‍ത്തകരെ കാണുന്നത്. നേരത്തേ സ്റ്റീവ് സ്മിത്തും നിറകണ്ണുകളോടെയാണ് പന്തു ചുരണ്ടല്‍ വിവാദത്തിന് പിന്നാലെ കളത്തിന് പുറത്തേക്ക് പോയത്. എല്ലാ കുറ്റവും തന്റേത് മാത്രമാണെന്നാണ് താരവും പറഞ്ഞിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook