ഷാർജ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം സുനിൽ നരെയ്ന്റെ ബോളിങ് ആക്ഷൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ലീഗിൽ വിവാദ നിഴലിൽ. ലീഗിൽ ലാഹോർ ഖലന്തേർസ് താരമായ സുനിലിന്റെ ആക്ഷൻ ഇന്നലെ ഖ്വേത ഗ്ലാഡിയേറ്റേഴ്സുമായുളള മൽസരത്തിലാണ് സംശയത്തിന്റെ നിഴലിൽ അകപ്പെട്ടത്. ഇത് നാലാം തവണയാണ് താരത്തിന്റെ ബോളിങ് ആക്ഷന് എതിരെ പരാതി ഉയരുന്നത്.

ബോളിങ് ആക്ഷന് മുകളിൽ താക്കീത് ലഭിച്ചെങ്കിലും പാക്കിസ്ഥാൻ ക്രിക്കറ്റ് ലീഗിൽ താരത്തിന് ഇനിയും ബോൾ ചെയ്യാൻ സാധിക്കും. മാച്ച് ഒഫീഷ്യൽസിന്റെ റിപ്പോർട്ട് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡിന് അയച്ചുകൊടുക്കും. ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് നടത്തുന്ന നടപടിക്രമങ്ങളിലൂടെ സുനിൽ നരെയ്‌ന് കടന്നുപോകേണ്ടി വരും.

ശ്രീലങ്കയ്ക്ക് എതിരായ 2015 ലെ ഏകദിന മൽസരത്തിനിടയിൽ ബോളിങ് ആക്ഷൻ വിവാദമായതിനെ തുടർന്ന് താരത്തെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിലക്കിയിരുന്നു. എന്നാൽ പിന്നീട് നടന്ന പരിശോധനയിൽ എല്ലാ രാജ്യാന്തര മൽസരങ്ങൾക്കുമുളള യോഗ്യത നരെയ്ൻ തിരിച്ച് പിടിച്ചു. 2016 ഐപിഎൽ സീസണിന് രണ്ട് ദിവസം മുൻപായിരുന്നു ഈ മടങ്ങിവരവ്.

2014 ലെ ചാംപ്യൻസ് ലീഗ് സീസണിനിടയിലും 2015 ഐപിഎല്ലിനിടയിലും ഇദ്ദേഹത്തിന്റെ ബോളിങ് ആക്ഷന് എതിരെ പരാതികൾ ഉയർന്നിരുന്നു. എന്നാൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ അദ്ദേഹത്തിന് താക്കീത് മാത്രമാണ് നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ