ഇന്ത്യയുടെ ബാറ്റിങ് ഓർഡറിൽ ആറാം നമ്പർ ആരെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരമായി ഒരു ഉത്തരം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതുവരെ നിരവധി താരങ്ങളാണ് ആറാം നമ്പറിൽ പരീക്ഷിക്കപ്പെട്ടത്. എന്നാൽ ഇക്കാര്യത്തിൽ ഒരു അന്തിമ തീരുമാനത്തിലെത്താൻ ഇന്ത്യൻ സെലക്ടർമാർക്ക് സാധിച്ചിട്ടില്ല. ഒടുവിൽ ആ താരം ആരാകണമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസവും മുൻ ഇന്ത്യൻ നായകനുമായ സുനിൽ ഗവാസ്കർ.

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ ആറാമത് കളിപ്പിക്കണമെന്നാണ് ഗവാസ്‌ക്കര്‍ നിർദ്ദേശിച്ചിരിക്കുന്നത്. പന്ത് നന്നായി ബാറ്റ് വീഴുന്നുണ്ടെന്നും, സിഡ്നിയിലെ ചരിത്ര സെഞ്ചുറി പന്തിലെ ബാറ്റ്സ്മാന്റെ കഴിവ് തുറന്ന് കാട്ടുന്ന ഇന്നിങ്സാണെന്നാണ് ഗവാസ്കർ പറയുന്നത്.

”സന്തുലിതമായി ഒരു ടീമാണ് വേണ്ടതെങ്കില്‍ ഇന്ത്യന്‍ നിരയിൽ ആറാം സ്ഥാനത്ത് ഋഷഭ് പന്ത് ഇറങ്ങണം. കഴിഞ്ഞ ഓരോ മത്സരത്തിലും മുപ്പതും നാല്‍പ്പതും റണ്‍സ് വീതം പന്ത് നേടി. സിഡ്‌നിയിൽ 159 റണ്‍സും തികച്ചു. മികച്ച തുടക്കമാണ് പലപ്പോഴും പന്തിന് ലഭിക്കാറുള്ളത്. അതുകൊണ്ടുതന്നെ ആറാം നമ്പറില്‍ പന്ത് വളരെ ഉപകാരിയായിരിക്കും. കൂടുതല്‍ ഉത്തരവാദിത്തം വരുമ്പോൾ മുപ്പതുകളും നാല്‍പ്പതുകളും സെഞ്ചുറിയാക്കി മാറ്റാൻ പന്തിന് സാധിക്കും,” ഗവാസ്‌ക്കര്‍ പറഞ്ഞു.

ഇന്ത്യയുടെ ഓസ്ട്രേലിയൻ പ്രര്യടനത്തിൽ ശരിക്കും താരമായത് ഇന്ത്യയുടെ യുവവിക്കറ്റ് കീപ്പർ ഋഷഭ് പന്താണ്. വിക്കറ്റ് കീപ്പിങ്ങിൽ റെക്കോർഡുകൾ തിരുത്തിയെഴുതിയതിന് പിന്നാലെ സിഡ്നി ടെസ്റ്റിലെ തകർപ്പൻ ബാറ്റിങ് കൂടി പുറത്തെടുത്തതോടെ വലിയ പിന്തുണയും പ്രശംസയുമാണ് പന്തിനെ തേടിയെത്തുന്നത്.

ഏകദിന ശൈലിയിൽ ബാറ്റ് വീശിയ പന്ത് 189 പന്തിൽ 159 റൺസ് നേടി. ഇന്ത്യൻ സ്കോർ അതിവേഗം ഉയർത്തുകയും ചെയ്തു. ഓസ്ട്രേലിൻ മണ്ണിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറായും പന്ത് മാറി.ഏഷ്യക്ക് പുറത്ത് ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും പന്ത് ഇന്നിങ്സിനിടെ സ്വന്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook