ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത് മുതൽ സെലക്ടർമാർ പഴി കേൾക്കാൻ തുടങ്ങിയതാണ്. കരുൺ നായരെ ടീമിൽ നിന്ന് ഒഴിവാക്കിയതായിരുന്നു തുടക്കമെങ്കിൽ പ്രധാന താരങ്ങളെ ബെഞ്ചിലിരുത്തിയതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.

പേസർമാരായ ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുമ്രയും ടീമിൽ ഇടം ലഭിച്ചിട്ടില്ല. ഇരുവർക്കും വിശ്രമം അനുവദിക്കാനായിരുന്നു ഇന്ത്യൻ സെലക്ടർമാരുടെ തീരുമാനം. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസ താരവുമായ സുനിൽ ഗവാസ്കർ പ്രതികരിച്ചിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിന് സെലക്ടർമാർ വേണ്ട പ്രാധാന്യം നൽകുന്നില്ലെന്ന് ഗവാസ്കർ കുറ്റപ്പെടുത്തി.

ഇരുതാരങ്ങൾക്കും ഒരുമിച്ച് വിശ്രമം അനുവദിച്ചതാണ് ഗവാസ്കറെ ചൊടിപ്പിച്ചത്. പ്രധാന പേസർമാർക്ക് ഒരുമിച്ച് വിശ്രമം അനുവദിക്കാനുള്ള തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്നണ് ഇതിഹാസ താരം സുനിൽ ഗവാസ്കർ പറഞ്ഞത്. ഇക്കാര്യത്തിൽ ഇന്ത്യൻ ടീം സെലക്ടർമാർക്കെതിരെയും ഗവാസ്കർ ആഞ്ഞടിച്ചു.

“ഭുവനേശ്വർ കുമാറിനും ബുമ്രക്കും ഒരുമിച്ച് വിശ്രമം അനുവദിക്കാനുള്ള തീരുമാനം തന്നെ അത്ഭുതപ്പെടുത്തുന്നു. സെലക്ടർമാർ ടെസ്റ്റ് ക്രിക്കറ്റിന് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്ന് തോന്നുന്നു. താരങ്ങൾക്ക് നിശ്ചിത ഓവർ മത്സരങ്ങളിൽ നിന്ന് മാത്രമായിരിക്കണം വിശ്രമം അനുവദിക്കേണ്ടത്. അല്ലാതെ ടെസ്റ്റ് മത്സരങ്ങളിൽ നിന്നല്ല അവർക്ക് വിശ്രമം നൽകേണ്ടത്” സുനിൽ ഗവാസ്കർ പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റ് നിലനിന്ന് പോകണമെങ്കിൽ‌ മികച്ച താരങ്ങൾ എപ്പോഴും മത്സരം കളിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം താരങ്ങൾക്ക് വിശ്രമം അനുവദിച്ചത് യുവ താരങ്ങളായ ഷർദൂൽ താക്കൂറിനും, മുഹമ്മദ് സിറാജിനും ലഭിച്ചിരിക്കുന്ന സുവർണാവസരമാണെന്ന് ഗവാസ്കർ ചൂണ്ടിക്കാട്ടി. വെസ്റ്റിൻഡീസിനെതിരെ മികച്ച പ്രകടനം കാഴ്ച വെച്ചാൽ ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലും ഇരുവർക്കും സ്ഥാ‌നം ലഭിക്കാൻ സാധ്യതയുണ്ട്. ഗവാസ്കർ പറഞ്ഞു.

രോഹിത്തിനെ ടീമിൽ ഉൾപ്പെടുത്താതിരുന്ന തീരുമാനത്തെ വിമർശിച്ച് ഗാംഗുലിയും ഹർഭജൻ സിങും രംഗത്തെത്തിയിരുന്നു. ഏഷ്യാ കപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് വിന്‍ഡീസിന് എതിരായ ടെസ്റ്റ് ടീം പ്രഖ്യാപിച്ചത്. എന്നാൽ ഏഷ്യാ കപ്പ് നേടി തന്ന ക്യാപ്റ്റൻ കൂടിയായ രോഹിത് ശര്‍മ്മയുടെ പേര് ലിസ്റ്റിലുണ്ടായിരുന്നില്ല.

ടീം പ്രഖ്യാപനത്തിനു പിന്നാലെ ട്വിറ്ററിലൂടെയാണ്, രോഹിത് ശര്‍മയെ ഉള്‍പ്പെടുത്താത്തതിലുള്ള ‘അതിശയം’ ഗാംഗുലി പങ്കുവച്ചത്. ‘ഇന്ത്യന്‍ ടീമും രോഹിത് ശര്‍മയും കൈവരിച്ച നേട്ടം ഉജ്വലമാണ്. നിങ്ങളുടെ പ്രകടനം അസാധ്യമായിരുന്നു. എങ്കിലും ടെസ്റ്റ് ടീമില്‍ രോഹിതിന്റെ പേരു കാണാതാകുന്ന ഓരോ അവസരത്തിലും ഞാന്‍ അദ്ഭുതപ്പെട്ടു പോകുന്നു. എന്തായാലും ടെസ്റ്റ് ടീമിലെ സ്ഥാനം അധികം അകലെയല്ലെന്നു കരുതുന്നു’ ഗാംഗുലി കുറിച്ചു.

ഹര്‍ഭജന്‍ സിങ് കരുൺ നായരെ ഒഴിവാക്കിയ തീരുമാനത്തിൽ കടുത്ത അമ്പരപ്പാണ് പ്രകടിപ്പിച്ചത്. എന്താണ് ടീം സെലക്ഷന്റെ മാനദണ്ഡമെന്ന് മനസിലാകുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. രോഹിതിനെ ടീമിലെടുക്കാത്തതില്‍ ‘വെസ്റ്റ് ഇന്റീസിനെതിരായ ടെസ്റ്റ് ടീമില്‍ രോഹിത് ശര്‍മ ഇല്ല. സത്യത്തില്‍ ഈ സിലക്ടര്‍മാര്‍ എന്താണു ചിന്തിക്കുന്നത്? ആര്‍ക്കെങ്കിലും വല്ല പിടിയുമുണ്ടോ? എനിക്കിത് ഒട്ടും മനസിലാകുന്നില്ല. ആര്‍ക്കെങ്കിലും മനസ്സിലായെങ്കില്‍ ഒന്നു പറഞ്ഞു തരാമോ?’എന്നായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്.

രോഹിതിനെ തഴഞ്ഞതില്‍ കടുത്ത വിമര്‍ശനമുയര്‍ത്തി ആരാധകരും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ ഫോമില്‍ രോഹിത് ടെസ്റ്റ് ടീമില്‍ ഇടം നേടാന്‍ സര്‍വഥാ യോഗ്യനാണെന്ന് ആരാധകര്‍ അവകാശപ്പെടുന്നു. ഓപ്പണ്‍ ശിഖര്‍ ധവാനും ടീമിലില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലെ മോശം പ്രകടനാണ് ധവാനെ പുറത്താക്കാൻ കാരണമായി പറയുന്നത്. കടുത്ത വിമർശനമാണ് കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യൻ ടീം സെലക്ഷനെതിരെ ഉയർന്നു കേൾക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ