മുംബൈ: ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഏകദിന ലോകകപ്പിനായി. മെയ് അവസാനത്തോടെയാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നതെങ്കിലും ചർച്ചകളും പ്രവചനങ്ങളും ക്രിക്കറ്റ് ലോകത്ത് സജീവമായി കഴിഞ്ഞു. ഇതിഹാസങ്ങൾ മുതൽ ആരാധകർ വരെ ഇഷ്ടങ്ങൾ അനുസരിച്ചും തന്ത്രങ്ങൾ കണക്ക് കൂട്ടിയും ലോകകപ്പ് വിജയികളെ പ്രവചിച്ച് തുടങ്ങിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസവും കമന്റേറ്ററുമായ സുനിൽ ഗവാസ്കറും ഇതിൽ പങ്കാളിയായിരിക്കുകയാണ്.
ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടുന്ന ടീമുകളെയാണ് ഗവാസ്കർ പ്രഖ്യാപിച്ചിരിക്കുന്നത്. ആഥിതേയരായ ഇംഗ്ലണ്ടും ഇന്ത്യയുമാകും ലോകകപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ നേർക്കുനേർ വരികയെന്നാണ് ഗവാസ്കർ പറയുന്നത്. എന്നാൽ ലോകകപ്പ് ആര് സ്വന്തമാക്കുമെന്ന് ഗവാസ്കർ പറഞ്ഞില്ല. എം എസ് ധോണി ഒപ്പമുള്ളത് കോഹ്ലിയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നും ഗവാസ്കർ അഭിപ്രായപ്പെട്ടു.
“ഇന്ത്യയും ഇംഗ്ലണ്ടുമാകും ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടുക. ഏത് സാഹചര്യത്തിലും വിക്കറ്റ് വീഴ്ത്താൻ കഴിവുള്ള ബോളിങ് നിരയാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. മികച്ച ടീമിനെയാണ് എംഎസ്കെ പ്രസാദ് അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി രൂപപ്പെടുത്തിയിരിക്കുന്നത്, ” ഗവാസ്കർ പറഞ്ഞു.
ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കുന്ന 2019ലെ ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത് മെയ് 30നാണ്. ജൂലൈ 14നാണ് കലാശ പോരാട്ടം. ലോകകപ്പ് ചരിത്രത്തിലെ 12-ാം പതിപ്പിനാണ് ഇംഗ്ലണ്ട് വേദിയാകാൻ ഒരുങ്ങുന്നത്. പത്ത് ടീമുകളാണ് ഇത്തവണ ലോകകിരീടത്തിനായി പോരാടുന്നത്. ആതിഥേയ രാജ്യമായ ഇംഗ്ലണ്ടിന് പുറമെ ഐസിസി ഏകദിന ചാമ്പ്യൻഷിപ്പിലൂടെ ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇന്ത്യ, ന്യൂസിലൻഡ്, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകൾ ലോകകപ്പിന് യോഗ്യത നേടിയപ്പോൾ അഫ്ഗാനിസ്ഥാനും വെസ്റ്റ് ഇൻഡീസും യോഗ്യത മത്സരങ്ങളിലൂടെയാണ് പങ്കാളിത്തം ഉറപ്പാക്കിയത്.