/indian-express-malayalam/media/media_files/uploads/2019/11/virat-kohli-9.jpg)
കൊൽക്കത്തയിൽ ബംഗ്ലാദേശിനെതിരെ നടന്ന തങ്ങളുടെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുളള ഇന്ത്യൻ ജയം വിജയിച്ചിരുന്നു. രണ്ടാം ടെസ്റ്റിൽ ഇന്നിങ്സിനും 46 റൺസിനുമായിരുന്നു ഇന്ത്യൻ ജയം. ഇന്ത്യ ഉയർത്തിയ 241 റൺസ് ലീഡ് പിന്തുടർന്ന ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്സ് 195 ൽ അവസാനിക്കുകയായിരുന്നു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ കോഹ്‌ലി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ ഏറെ പ്രശംസിച്ചു.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ജൈത്രയാത്ര ആരംഭിച്ചത് സൗരവ് ഗാംഗുലി നായകനായിരുന്ന കാലത്താണെന്നാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പറഞ്ഞത്. ''മനക്കരുത്തിന്റെ കളിയാണ് ടെസ്റ്റ് ക്രിക്കറ്റ്. തളരാതെ കരുത്തോടെ പൊരുതുവാൻ ഞങ്ങൾ പഠിച്ചുകഴിഞ്ഞു. ദാദാ (സൗരവ് ഗാംഗുലി) യുടെ ടീമിന്റെ കാലത്താണ് ഇതിന് തുടക്കം കുറിച്ചത്. ഞങ്ങൾ അത് മുന്നോട്ടുകൊണ്ടുപോകുന്നുവെന്നേയുളളൂ'' ഇതായിരുന്നു മത്സരശേഷം കോഹ്‌ലി പറഞ്ഞത്.
കോഹ്‌ലിയുടെ ഈ വാക്കുകൾക്ക് പരിഹാസരൂപേണ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ മുൻനായകൻ സുനിൽ ഗവാസ്കർ. 1970 കളിലും 80 കളിലും ഇന്ത്യ ടെസ്റ്റ് മത്സരങ്ങൾ ജയിച്ചിട്ടുണ്ടെന്നായിരുന്നു ഗവാസ്കർ ഇന്ത്യൻ നായകനെ ഓർമിപ്പിച്ചത്.
Rea More: വീര നായകൻ; റെക്കോർഡുകൾ തിരുത്തിയെഴുതിയ കോഹ്‌ലിയുടെ സെഞ്ചുറി ഇന്നിങ്സ്
''ഇതൊരു അത്ഭുതകരമായ വിജയമാണ്, പക്ഷെ ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. 2000 ൽ ദാദ (ഗാംഗുലി)യുടെ ടീമിന്റെ കാലത്താണ് ഇതിന് തുടക്കമായതെന്നാണ് ഇന്ത്യൻ നായകൻ പറഞ്ഞത്. ദാദ ബിസിസിഐ പ്രസിഡന്റാണെന്ന് എനിക്കറിയാം, അതിനാലായിരിക്കും കോഹ്‌ലി അദ്ദേഹത്തെ സുഖിപ്പിക്കുന്ന കാര്യങ്ങൾ പറയുന്നത്. 70 കളിലും 80 കളിലും ഇന്ത്യ വിജയിച്ചിട്ടുണ്ട്. ഒന്നു കോഹ്‌ലി ജനിച്ചിട്ടുപോലുമില്ല.''
''2000 നുശേഷമാണ് ക്രിക്കറ്റ് ആരംഭിച്ചതെന്നു കരുതുന്ന പലരുമുണ്ട്. പക്ഷേ 70 കളിൽതന്നെ വിദേശ മണ്ണിൽ ഇന്ത്യൻ ടീം ടെസ്റ്റ് മത്സരങ്ങൾ വിജയിച്ചിട്ടുണ്ട്. 1986 ലും ഇന്ത്യൻ ടീം വിദേശത്ത് ജയിച്ചു. വിദേശ പര്യടനങ്ങളിൽ ടെസ്റ്റ് പരമ്പര സമലനിലയിലാക്കിയിട്ടുമുണ്ട്. മറ്റു ടീമുകൾ തോറ്റതുപോലെ മാത്രമേ ഇന്ത്യയും തോറ്റിട്ടുളളൂ'' ഗവാസ്കർ മത്സരശേഷം നടന്ന ഷോയിൽ പറഞ്ഞു.
രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ബോളർമാരാണ് ബംഗ്ലാ വീര്യത്തെ തച്ചുടച്ചത്. ഇന്ത്യയ്‌ക്ക് വേണ്ടി ഉമേഷ് യാദവ് അഞ്ച് വിക്കറ്റുകൾ നേടി. ആദ്യ ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റുകൾ നേടിയ ഇഷാന്ത് ശർമ രണ്ടാം ഇന്നിങ്‌സിൽ നാല് വിക്കറ്റുകൾ സ്വന്തമാക്കി. രണ്ടാം ദിനം കളി നിർത്തുമ്പോൾ ആറിന് 152 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. മൂന്നാം ദിനത്തിൽ 43 റൺസ് കൂടി ചേർക്കാനേ ബംഗ്ലാദേശിന് സാധിച്ചുള്ളൂ. ശേഷിക്കുന്ന നാല് വിക്കറ്റുകളും വീണതോടെ ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കി. ആദ്യ പിങ്ക് ബോൾ ടെസ്റ്റിൽ തന്നെ വിജയിക്കാൻ സാധിച്ചത് ഇന്ത്യയ്‌ക്ക് ഇരട്ടി മധുരമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us