ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റും പരാജയപ്പെട്ടതോടെ വലിയ വിമർശനമാണ് ഇന്ത്യൻ ടീമും ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും ഏറ്റുവാങ്ങുന്നത്. ഇതിൽ ഏറ്റവും ഒടുവിലത്തെ ശബ്ദമാണ് സുനിൽ ഗവാസ്കറിന്റേത്. പരമ്പര കൈവിട്ടതിന് കോഹ്‍ലി മറുപടി പറയേണ്ടി വരുമെന്നാണ് മുൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ പറയുന്നത്. എന്നാൽ കോഹ്‍ലി നല്ല രീതിയിൽ ബാറ്റ് വീശിയെന്നാണ് ഗവാസ്കറിന്റെ പക്ഷം.

“വിരാട് ക്യാപ്റ്റനായപ്പോൾ എല്ലാവരും ഒരുപാട് പ്രതീക്ഷിച്ചിരുന്നു. മഹേന്ദ്ര സിങ് ധോണിയെന്ന ശാന്തനായ ക്യാപ്റ്റൻ കൂളിന് ശേഷം വന്ന കോഹ്‍ലിയെന്ന ക്രിക്കറ്റിനോട് അത്യുത്സാഹം കാണിക്കുന്ന ക്യാപ്റ്റനിലേക്കെത്തിയപ്പോൾ വലിയ മാറ്റമാണ് പ്രതീക്ഷിച്ചത്. വളരെ ശാന്തനായ ക്യാപ്റ്റനായിരുന്നു ധോണി, പക്ഷെ അതിന്‍റെ നേരെ വിപരീതമായ, ഉത്സാഹിയായ ക്യാപ്റ്റനാണ് കോഹ്‌ലി. അതുകൊണ്ട് പ്രതീക്ഷയും കൂടുതലായിരുന്നു” സുനിൽ ഗവാസ്കർ കുറ്റപ്പെടുത്തി.

എന്നാൽ ബാറ്റിങ്ങിന്റെ കാര്യത്തിൽ കോഹ്‍ലി മികച്ചുനിന്നെന്നും ഗവാസ്കർ. ബാറ്റിങ്ങിൽ കോഹ‍്‍ലി മികച്ച പ്രകടനമാണ് കാഴ്‍ചവച്ചത്. അധികം ക്യപ്റ്റന്മാർ ആരും തന്നെ 500 റൺസിന് മുകളിൽ ഒരു പരമ്പരയിൽ നേടിയിട്ടില്ല. വ്യക്തിഗത മികവ് കാണിക്കാൻ കോഹ‍്‍ലിക്ക് സാധിച്ചപ്പോൾ പരമ്പര നേടുന്നതിൽ കോഹ്‍ലി പരാജയപ്പെട്ടെന്നും ഗവാസ്കർ പറഞ്ഞു.

ടീം മുഴുവൻ ഒരു താരത്തിൽ മാത്രം ആശ്രയിക്കുന്നത് ശരിയല്ലെന്നും ഗവാസ്കർ. അഞ്ച് ബാറ്റ്സ്‍മാന്മാർ കളത്തിലിറങ്ങുമ്പോൾ ഒരാളെ മാത്രം ആശ്രയിക്കുന്നത് ശരിയല്ലെന്നാണ് ഗവാസ്കർ പറയുന്നത്. കോഹ്‍ലി മാത്രം റൺസ് കണ്ടെത്തേണ്ട അവസ്ഥയാണ് നിലവിൽ. എപ്പോഴും ഒരേ രീതിയിൽ കളിക്കാൻ കോഹ്‍ലിക്ക് സാധിക്കില്ല, അദ്ദേഹം ഒരു മനുഷ്യനാണെന്നും ഗവാസ്‍കർ കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook