മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെയും സെലക്ഷന്‍ മ്മറ്റിയേയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ നായകനും കമന്റേറ്ററുമായ സുനില്‍ ഗവാസക്കര്‍ രംഗത്ത്. കഴിവുള്ള കളിക്കാരെ ഒഴിവാക്കി സ്‌റ്റൈലിഷായ ഹെയര്‍ സ്‌റ്റൈലും ശരീരത്തില്‍ പച്ച കുത്തിയവരെയുമാണ് ഇന്ത്യന്‍ ടീമിലേക്ക് ഇപ്പോള്‍ സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കുന്നതെന്നായിരുന്നു ഗവാസ്‌ക്കറിന്റെ പരിഹാസം. ‘ടൈംസ് ഓഫ് ഇന്ത്യ’യിലെ തന്റെ കോളത്തിലാണ് ഗവാസ്കർ വിമർശനമുയർത്തിയത്.

‘നിലവില്‍ ടീമിന്റെ പ്രകടനത്തില്‍ ഒരു പരാതിയുമില്ല. ടീം മികച്ച ഫോമിലാണ്, എന്നാല്‍ ചില കളിക്കാരെ തിരഞ്ഞെടുത്ത മാനദണ്ഡത്തിലാണ് എനിക്ക് എതിര്‍പ്പുള്ളത്’ ഗവാസ്‌ക്കര്‍ വ്യക്തമാക്കി.

‘ലങ്കക്കെതിരായ പരമ്പരക്കുള്ള ടീമിനെ തിരഞ്ഞെടുത്തതില്‍ അഭിപ്രായ വ്യത്യാസമുണ്ട്. മികച്ച കളി പുറത്തെടുത്തിട്ടും ചില താരങ്ങള്‍ തഴയപ്പെട്ടു. ഒരുപക്ഷേ ഭംഗിയുള്ള ഹെയര്‍ സ്റ്റൈലും ശരീരത്തില്‍ പച്ചകുത്തലും കണ്ടാൽ അവരെയും പരിഗണിക്കുമായിരിക്കും’ ഗവാസ്‌ക്കര്‍ പറയുന്നു.

കെഎൽ രാഹുലിന് വീണ്ടും അവസരം ലഭിച്ചപ്പോള്‍ വിന്‍ഡീസിനെതിരായ പരമ്പരയിലെ ടോപ്പ് സ്‌കോററായ അജിങ്ക്യ രഹാനെ പുറത്തിരിക്കുകയാണെന്നും ഗവാസ്‌ക്കര്‍ ചൂണ്ടിക്കാട്ടി.

കോഹ്ലിയും പാണ്ഡ്യയും കെ.എല്‍ രാഹുലും അടക്കമുള്ള താരങ്ങളെ പരോക്ഷമായി വിമര്‍ശിക്കുന്നതാണ് ഗവാസ്‌ക്കറിന്റെ കോളം. കളിയാക്കാളേറെ ഫാഷനും ലൈഫ്‌സ്റ്റെലിനും കളിക്കാര്‍ പ്രാധാന്യം നല്‍കുന്നതാണ് ഗവാസ്‌ക്കറിനെ ചൊടിപ്പിച്ചത്. മീശയിലും താടിയിലും പരീക്ഷണം നടത്തുന്ന ഇന്ത്യന്‍ താരങ്ങള്‍ ശരീരത്തില്‍ പച്ച കുത്തുന്നതിലും പുതുമ തേടാറുണ്ട്. ഇതിന്റെയെല്ലാം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ