വിരാട് കോഹ്ലിയുടെ നായകത്വത്തില്‍ ഇന്ത്യന്‍ ടീം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഫീല്‍ഡിംഗിലും ബൗളിംഗിലും ബാറ്റിംഗിലും ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്. ബിസിസിഐയുടെ പുതിയ നിബന്ധനകള്‍ പ്രകാരം എല്ലാ താരങ്ങളും ഫിറ്റനസിലും ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ട്. താരങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ ഫിറ്റ്നസിന് കൂടി ഏറെ പ്രാധ്യാന്യം നല്‍കുന്നുമുണ്ട്.
എന്നാല്‍ ഫീല്‍ഡിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇനിയും മെച്ചപ്പെടാനുണ്ടെന്നാണ് മുന്‍ ഇന്ത്യന്‍ നായകന് സുനില്‍ ഗാവസ്കറിന്റെ പക്ഷം. ശ്രീലങ്കയ്ക്ക് എതിരെ നടന്ന ഇന്ത്യയുടെ മൂന്നാം ടെസ്റ്റിന്റെ അഞ്ചാം ദിനം ഗാവസ്കര്‍ രണ്ട് താരങ്ങളെ പ്രത്യേകം എടുത്ത് പറയുകയും ചെയ്തു. കമന്ററി ബോക്സിലുണ്ടായിരുന്ന ഗാവസ്കര്‍ ചേതേശ്വര്‍ പുജാരയേയും രവിചന്ദ്രന്‍ അശ്വിനേയുമാണ് ഫീല്‍ഡിംഗിലെ പിഴവ് ചൂണ്ടിക്കാട്ടി വിമര്‍ശിച്ചത്.
‘ഹാന്‍ഡ്ബ്രേക്ക് ഓണ്‍ ചെയ്ത ഒരു വാഹനം കണക്കെയാണ് പുജാരയുടെ ഓട്ടം’ എന്നാണ് ഗാവസ്കര്‍ പറഞ്ഞത്. പന്തിന് പിന്നാലെ ഓടിയ പുജാരയെ ലൈവായാണ് അദ്ദേഹം വിമര്‍ശിച്ചത്. അശ്വിനേയും അദ്ദേഹം വെറുതെ വിട്ടില്ല. ‘മെച്ചപ്പെടുത്താനുളള ശ്രമങ്ങള്‍ ഉണ്ടാവാം, എങ്കിലും വലിയ പുരോഗതി ഇല്ല’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
എന്നാല്‍ ഫിറോസ്ഷാ കോട്ട്ലയില് ഇരു താരങ്ങളും മോശമില്ലാത്ത പ്രകടനമാണ് കാഴ്ച്ചവെച്ചത്. അശ്വിന് നാല് വിക്കറ്റ് നേടിയപ്പോള്‍ രണ്ട് ഇന്നിംഗ്സുകളിലായി പുജാര 23, 49 എന്നീ സ്കോറുകള്‍ നേടി. മൂന്നാം മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ഇന്ത്യ ചരിത്ര നേട്ടത്തോടെ പരമ്പരയും നേടി. സ്വന്തമാക്കി. ആദ്യ ടെസ്റ്റും സമനിലയിൽ പിരിഞ്ഞിരുന്നു. ഇതോടെ തുടർച്ചയായി ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ വിജയിക്കുന്ന രണ്ടാമത്തെ ടീമെന്ന ലോകറെക്കോർഡ് നേട്ടത്തിനാണ് ഇന്ത്യ അർഹരായത്.
തുടർച്ചയായി ഒൻപത് ടെസ്റ്റ് പരമ്പരകളാണ് കോഹ്ലിയും സംഘവും സ്വന്തമാക്കിയത്. ഇതോടെ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ. 2005 മുതല്‍ 2008 വരെ തുടര്‍ച്ചയായി ഒമ്പത് മത്സരങ്ങള്‍ വിജയിച്ച ഓസ്ട്രേലിയയുടെ റെക്കോര്‍ഡാണ് ഇന്ത്യ പഴങ്കഥയാക്കിയത്. 2015 ല്‍ ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പര വിജയത്തോടെയാണ് ഇന്ത്യ അജയ്യമായി മുന്നേറാന്‍ തുടങ്ങിയത്. അന്ന് തൊട്ട് ഒരൊറ്റ ടെസ്റ്റ് മത്സരങ്ങളിലും തോല്‍വി നുണഞ്ഞിട്ടില്ല.
മൂന്ന് വിക്കറ്റിന് 31 എന്ന നിലയിൽ അവസാന ദിനം ബാറ്റിങ് ആരംഭിച്ച ലങ്ക, ഇന്ത്യൻ ബോളർമാരെ സമർത്ഥമായി നേരിട്ടു. ലങ്കയ്ക്ക് വേണ്ടി ധനഞ്ജയ ഡിസിൽവ സെഞ്ചുറി നേടി. അവസാന ദിനം രണ്ട് വിക്കറ്റുകൾ മാത്രമാണ് ലങ്ക നഷ്ടപ്പെടുത്തിയത്. സാവധാനം ബാറ്റ് വീശിയ ലങ്കൻ താരങ്ങൾ 299 ന് 5 എന്ന നിലയിൽ എത്തിയപ്പോഴാണ് മത്സരം സമനിലയിൽ പിരിയാൻ ഇരു ടീമുകളും തമ്മിൽ ധാരണയായത്.