മുംബൈ: ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി താരം കരുണ്‍ നായര്‍ക്കെതിരെയുണ്ടാകുന്ന അവഗണനയ്‌ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. പതിനെട്ടംഗ ടീമിലുണ്ടായിരുന്നിട്ടും കരുണ്‍ നായര്‍ക്ക് അവസരം കൊടുക്കാതിരിക്കുന്നതിനെയാണ് ഗവാസ്‌കര്‍ ചോദ്യം ചെയ്തിരിക്കുന്നത്.

നാല് ടെസ്റ്റിലും കളിച്ച പാണ്ഡ്യയ്ക്ക് പകരക്കാരനായി അഞ്ചാം ടെസ്റ്റ് പുതുമുഖം ഹനുമാന വിഹാരിയ്ക്ക് അവസരം കൊടുത്ത ടീം എന്തുകൊണ്ട് കരുണിനെ പോലൊരു താരത്തിന് അവസരം നിഷേധിച്ചെന്നാണ് ഗവാസ്‌കര്‍ ചോദിക്കുന്നത്. കരുണിനെ കളിപ്പിക്കാതിരിക്കാനുള്ള യാതൊരു കാരണവും താന്‍ കാണുന്നില്ലെന്ന് ഗവാസ്‌കര്‍ പറയുന്നു.

”ഒരു വാദങ്ങള്‍ക്കും എന്നെ തൃപ്തിപ്പെടുത്താനാകില്ല. ടീമിലെടുക്കാതിരിക്കാന്‍ മാത്രം കരുണ്‍ എന്താണ് ചെയ്തത്. അവന്‍ നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവനല്ലെന്ന് എനിക്കറിയാം. നിങ്ങള്‍ക്ക് അവനെ ടീമിലെടുക്കണ്ട. അവന്‍ ട്രിപ്പിള്‍ സെഞ്ചുറി അടിച്ചു, പക്ഷെ നിങ്ങളവനെ പുറത്തിരുത്തി. സെലക്ടര്‍മാര്‍ പിന്നേയും അവനെ തിരികെ കൊണ്ടു വന്നു. പക്ഷെ ടീം മാനേജ്മെന്റിന് അവനെ തിരികെ വേണ്ടെന്ന് തോന്നുന്നു. അതുകൊണ്ടാകുമല്ലോ അവസരം കൊടുക്കാത്തത്” ഗവാസ്‌കര്‍ പറയുന്നു.

”എത്ര ഇന്ത്യക്കാര്‍ ട്രിപ്പിള്‍ സെഞ്ചുറി അടിച്ചിട്ടുണ്ട്. സെവാഗ് രണ്ട് വട്ടം, പിന്നെ കരുണ്‍ മാത്രമാണ്. ആ മനുഷ്യന് അവസരം കൊടുത്തില്ലെങ്കില്‍ പിന്നെ നിങ്ങളയാളോട് എന്താണ് പറയുക, നിങ്ങള്‍ നല്ലൊരു കളിക്കാരനാണെന്ന് തോന്നുന്നില്ലെന്നോ?” കടുത്ത ഭാഷയിലായിരുന്നു ഗവാസ്‌കറുടെ വിമര്‍ശനങ്ങള്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതോടെ ടീമിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളുടെ വ്യാപ്തിയും വര്‍ധിക്കുകയാണ്.

”ഹനുമാന വിഹാരിയ്ക്ക് എല്ലാവിധ ആശംസകളും. പക്ഷെ താനെന്ത് തെറ്റാണ് ചെയ്തതെന്ന് അറിയാനുള്ള എല്ലാ അവകാശവും കരുണിനുണ്ട്. അവന്‍ ഒരു മറുപടി അര്‍ഹിക്കുന്നുണ്ട്. ഒരു ബാറ്റ്‌സ്മാനെ കൂടി ടീമിലെടുക്കണമെങ്കില്‍, അതായിരുന്നു അവര്‍ ആദ്യ ടെസ്റ്റ് മുതല്‍ ചെയ്യേണ്ടിയിരുന്നത്, അവനെയെടുക്കണമായിരുന്നു.” ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഗവാസ്‌കറിന് പിന്നാലെ ക്രിക്കറ്റ് ലോകത്തു നിന്നും പലരും കരുണിനെ ടീമിലെടുക്കാത്തിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ