കെ.എൽ.രാഹുൽ ക്യാപ്‌റ്റൻസി റോളിൽ മികവ് പുലർത്തുന്നു: സുനിൽ ഗവാസ്‌കർ

മുഖ്യപരിശീലകൻ എന്ന നിലയിൽ അനിൽ കുംബ്ലെ കാണിക്കുന്ന പോരാട്ടവീര്യവും ഏറെ ശ്രദ്ധേയമാണെന്ന് ഗവാസ്‌കർ

ഐപിഎല്ലിൽ കിങ്‌സ് ഇലവൻ പഞ്ചാബ് നായകനെന്ന നിലയിൽ കെ.എൽ.രാഹുൽ മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കർ.

നായകനെന്ന നിലയിൽ രാഹുലും മുഖ്യപരിശീലകനെന്ന നിലയിൽ അനിൽ കുംബ്ലെയും പുലർത്തുന്ന ആത്മവിശ്വാസവും പോരാട്ടവീര്യവുമാണ് കിങ്‌സ് ഇലവൻ പഞ്ചാബിനെ അസാധ്യമെന്ന് വിധിയെഴുതിയ സാഹചര്യത്തിൽ നിന്ന് മുന്നോട്ടുകൊണ്ടുവന്നതെന്ന് സുനിൽ ഗവാസ്‌കർ പറഞ്ഞു.

“തുടർച്ചയായ അഞ്ച് തോൽവിക്ക് ശേഷം ഏറ്റവും മോശം ടീമെന്ന് എല്ലാവരും വിധിയെഴുതി. എന്നാൽ, ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്ന തിരിച്ചുവരവാണ് പിന്നീട് പഞ്ചാബ് നടത്തിയത്. തുടർച്ചയായി നാല് മത്സരങ്ങൾ ജയിച്ച് പോയിന്റ് പട്ടികയിൽ അവർ വൻ തിരിച്ചുവരവ് നടത്തി,” ഗവാസ്‌കർ പറഞ്ഞു.

Read Also: രാഹുൽ ചിരിച്ചു, പ്രീതി തുള്ളിച്ചാടി; നാടകീയ മത്സരത്തിൽ പഞ്ചോടെ പഞ്ചാബ്

“തോറ്റ മത്സരങ്ങളിൽ പോലും അവർ ജയത്തിനു തൊട്ടരികിൽ എത്തിയിരുന്നു. തോൽവികൾക്ക് ശേഷം അവർ മികച്ച നിലയിലേക്ക് ഉയർന്നു. വിജയതാളം കണ്ടെത്തി. വളരെ മികച്ച ക്രിക്കറ്റാണ് പഞ്ചാബ് കളിക്കുന്നത്. ഒരു നായകൻ എന്ന നിലയിൽ കെ.എൽ.രാഹുൽ വളർന്നു. രാഹുലിന്റെ ഫീൽഡ് ക്രമീകരണവും ബൗളേഴ്‌സിനെ ഉപയോഗിക്കുന്ന രീതിയും ശ്രദ്ധിച്ചാൽ അത് മനസിലാകും,” ഗവാസ്‌കർ പറഞ്ഞു

മുഖ്യപരിശീലകൻ എന്ന നിലയിൽ അനിൽ കുംബ്ലെ കാണിക്കുന്ന പോരാട്ടവീര്യവും ഏറെ ശ്രദ്ധേയമാണെന്ന് ഗവാസ്‌കർ പറഞ്ഞു. താടിക്ക് പരുക്കേറ്റ ശേഷവും കളിക്കാനിറങ്ങിയ അനിൽ കുംബ്ലെയെ നാം കണ്ടിട്ടുണ്ട്. അതേ പോരാട്ടവീര്യവും ആത്മവിശ്വാസവും അനിൽ കുംബ്ലെ പഞ്ചാബിന് വേണ്ടി കാണിക്കുന്നതായും ഗവാസ്‌കർ പുകഴ്‌ത്തി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sunil gavaskar praises kl rahuls captaincy

The moderation of comments is automated and not cleared manually by malayalam.indianexpress.com