മുംബൈ: ബിസിസിഐയ്ക്കും ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിക്കുമെതിരെ വിമര്‍ശനവുമായി ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനുള്ള ടീം തിരഞ്ഞെടുത്ത രീതിക്കെതിരെയാണ് ഗവാസ്‌കര്‍ വിമര്‍ശനം ഉന്നയിച്ചത്.
”ക്യാപ്റ്റനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തെ ടീം മീറ്റിലേക്ക് ക്ഷണിക്കുകയാണ്. താരങ്ങളെ തിരഞ്ഞെടുക്കകയാണ് ലക്ഷ്യം. ടീം സെലക്ഷന്റെ രീതിയില്‍ എളുപ്പവഴി തിരഞ്ഞെടുക്കുന്നതിലൂടെ അവര്‍ നല്‍കുന്നത് ശരിയായ സന്ദേശമല്ല. കേദാര്‍ ജാദവും ദിനേശ് കാര്‍ത്തിക്കും മോശം പ്രകടനത്തിന്റെ പേരില്‍ പുറത്താകുന്നു. അതേസമയം, ടീം ഫൈനലില്‍ പോലും എത്താത്ത അത്ര മോശം പ്രകടനമായിട്ടും ക്യാപ്റ്റന്‍ തുടരുന്നു” ഗവാസ്‌കര്‍ പറയുന്നു.
കൂടാതെ ഒരു മീറ്റിങ് പോലും നടത്താതെ കോഹ്‌ലിയെ നായകസ്ഥാനത്ത് തുടരാന്‍ എങ്ങനെയാണ് സെലക്ഷന്‍ സമിതി തീരുമാനിച്ചതെന്നും ഗവാസ്‌കര്‍ ചോദ്യം ചെയ്യുന്നു.
”വിന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിന്റെ ക്യാപ്റ്റനായി കോഹ്‌ലിയെ തിരഞ്ഞെടുത്തത് ഒരു മീറ്റിങ് പോലും നടത്താതെയാണ്. ഇത് വിരാട് സ്വന്തം ആഗ്രഹപ്രകാരമാണോ സമിതിയുടെ ഇഷ്ടപ്രകാരമാണോ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരുന്നതെന്ന സംശയം ഉയര്‍ത്തുന്നു. വിരാടിന്റെ കാലാവധി ലോകകപ്പ് വരെയായിരുന്നുവെന്നാണ് എന്റെ അറിവ്. അതിന് ശേഷം വീണ്ടും നിയമിക്കണമെങ്കില്‍ സമിതി യോഗം ചേരണമെന്നാണ്” ഗവാസ്‌കര്‍ പറഞ്ഞു.
സെലക്ഷന്‍ കമ്മിറ്റിയെ ടീം മാനേജ്‌മെന്റാണ് നിയന്ത്രിക്കുന്നതെന്നും ഗവാസ്‌കര്‍ പരോക്ഷമായി ആരോപിച്ചു.”ഈ കമ്മിറ്റിയുടെ അവസാനത്തെ സെലക്ഷനുകളിലൊന്നാണിത്. പുതിയ സമിതി വേഗം വരും. അവര്‍ ടീം മാനേജ്‌മെന്റിന് വഴങ്ങാതെ, ഞങ്ങള്‍ സെലക്ട് ചെയ്യുന്ന താരങ്ങളെ വച്ച് കളിക്കുകയാണ് നിങ്ങളുടെ ജോലിയെന്ന് പറയുമെന്ന് പ്രതീക്ഷിക്കുന്നു” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.