ഇത്തവണത്തെ ലോകകപ്പ് നേടാൻ ഇന്ത്യയെക്കാൾ സാധ്യതയേറെയുളള ടീം ഇംഗ്ലണ്ട് ആണെന്ന് ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കർ. 2015 ലോകകപ്പിനു ശേഷം ഇംഗ്ലണ്ടിന്റെ ഏകദിന ടീം കൂടുതൽ കരുത്തരായി മാറിയെന്ന് ഇന്ത്യൻ മുൻ നായകൻ പറഞ്ഞു.

”ഇത്തവണത്തെ ലോകകപ്പ് നേടാൻ ഏറെ സാധ്യതയുളള ടീം ഇംഗ്ലണ്ടാണ്. കാരണം അവരുടെ രാജ്യത്ത് വച്ചാണ് ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. അതു മാത്രമല്ല, ഏകദിന ക്രിക്കറ്റിനോടുളള അവരുടെ സമീപനത്തിലെ മാറ്റവും ഇത്തവണത്തെ ലോകകപ്പ് അവർ നേടാനുളള സാധ്യത വർധിപ്പിക്കുന്നു. 2015 ൽ ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശിനോട് പരാജയപ്പെട്ട് അവർ പുറത്തായി. അതിനുശേഷം ഏകദിന ടീമിലെ സെലക്ഷനിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി. ഇപ്പോൾ അവരുടേത് കരുത്തരായ ടീമാണ്. ഓപ്പണിങ് കൂട്ടുകെട്ടും മധ്യനിരയും ശക്തരാണ്. മികച്ച ഓൾ റൗണ്ടർ താരങ്ങളും അവർക്കുണ്ട്. ഇതിനുപുറമേ സ്വന്തം രാജ്യത്ത് കളിക്കുന്നത് അവർക്ക് കൂടുതൽ ഊർജമേകും,” ഗവാസ്കർ ഇന്ത്യ ടുഡേയോട് പറഞ്ഞു.

ലോകകപ്പ് നേടാൻ സാധ്യതയുളള രണ്ടാമത്തെ ടീം ഇന്ത്യയാണെന്നും ഗവാസ്കർ പറഞ്ഞു. ”2017 ലും 18 ലും ഇംഗ്ലണ്ടിൽ മത്സരങ്ങൾ കളിക്കാനായത് ടീമിന് ഗുണകരമാണ്. അവിടുത്തെ കാലാവസ്ഥയും പിച്ചുകളും ഇന്ത്യൻ ടീമിന് പരിചയമാണ്. അത് ലോകകപ്പിൽ ഇന്ത്യൻ താരങ്ങൾക്ക് വിനിയോഗിക്കാനാവും. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ലോകകപ്പ് നേടാൻ സാധ്യതയുളള ടീം ഇംഗ്ലണ്ടാണ്, അതു കഴിഞ്ഞേ ഇന്ത്യക്ക് സ്ഥാനമുളളൂ,” ഗവാസ്കർ പറഞ്ഞു.

ഇന്ത്യക്കും ഇംഗ്ലണ്ടിനും ഒപ്പം പാക്കിസ്ഥാനും ഓസ്ട്രേലിയയും സെമി ഫൈനലിൽ എത്തുമെന്നും ഗവസ്കർ പ്രതീക്ഷ പ്രകടിപ്പിച്ചു. ”പാക്കിസ്ഥാൻ നിലവിൽ മികച്ച ഫോമിലാണ്. സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാർണറുടെയും മടങ്ങി വരവോടെ ഓസ്ട്രേലിയയും കരുത്തരാകും. ഈ നാലു ടീമുകൾ സെമിഫൈനലിൽ എത്തും. ന്യൂസിലൻഡിനും സാധ്യതയുണ്ട്. കാരണം ഇംഗ്ലണ്ടിലേതു പോലത്തെ കാലാവസ്ഥയാണ് അവരുടെ രാജ്യത്തുമുളളത്. അതിനാൽ തന്നെ അവർക്ക് നല്ല രീതിയിൽ കളിക്കാനാവും. പക്ഷേ സെമിഫൈനലിൽ എത്തിയാലും ഫൈനലിൽ എത്താൻ അവർ സാധ്യത കുറവാണ്,” ഗവാസ്കർ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ