ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സാധ്യതകളും പ്രവചനങ്ങളുമാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാ വിഷയങ്ങൾ. ടീം സെലക്ഷനുള്ള ഒരുക്കങ്ങളും സജീവമാണ്. ആരെയൊക്കെ ടീമിൽ ഉൾപ്പെടുത്തണമെന്നുളള കാര്യത്തിലും അഭിപ്രായ പ്രകടനങ്ങൾ നടക്കുന്നുണ്ട്. ഇതിഹാസങ്ങളും ആരാധകരും ഇതിൽ ഒരേപോലെ പങ്കാളികളാകുന്നു. ഇന്ത്യൻ ടീമിനെ കുറിച്ചു ഇത്തരത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.

ശിഖർ ധവാന് പകരം ഋഷഭ് പന്തിനെ രോഹിത്തിനൊപ്പം ഓപ്പണറാക്കുന്നത് നന്നാകുമെന്നാണ് ഇന്ത്യൻ ക്രക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. ഇടംകൈ- വലംകൈ ഓപ്പണിങ് സഖ്യത്തിനാണ് ഗവാസ്‌കര്‍ മുന്‍തൂക്കം നല്‍കുന്നത്. അതുകൊണ്ട് തന്നെയാണ് രോഹിത്തിനൊപ്പം ഋഷഭ് പന്തിനെ ഗവാസ്കറും നിർദേശിക്കുന്നത്. നേരത്തെ ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണും സമാന ആവശ്യം ഉന്നയിച്ചിരുന്നു.

“മൂന്നാം ഓപ്പണറായും പന്തിനെ പരിഗണിക്കാം. മുന്‍നിരയില്‍ മികവ് കാട്ടാനായില്ലെങ്കില്‍ മധ്യനിരയിലും പന്തിനെ കളിപ്പിക്കാനാകും,” സുനിൽ ഗവാസ്കർ പറഞ്ഞു.

യുവതാരങ്ങളിൽ സീനിയർ ടീമിൽ സ്ഥിര സാന്നിധ്യമാവുകയാണ് വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്. ധോണിയുടെ പിൻഗാമി എന്ന് പറയുന്നുണ്ടെങ്കിലും വിക്കറ്റിന് പിന്നിലല്ല, ബാറ്റിങ് മികവാണ് പന്തിന് ടീമിൽ സ്ഥാനമുറപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഓസ്ട്രേലിയൻ ഇതിഹാസം ഗിൽ ക്രിസ്റ്റുമായാണ് പലരും പന്തിനെ താരതമ്യം ചെയ്യുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ