വിന്‍ഡീസിനും ഓസീസിനും എതിരായ ട്വന്റി-20 പരമ്പരകളില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെ ധോണിയുടെ ട്വന്റി-20 കരിയര്‍ ഏറെക്കുറെ അവസാനിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. സെലക്ടര്‍മാരുടേയും നിലപാടുകളില്‍ ഇതിന്റെ സൂചനകളുണ്ടായിരുന്നു. ബിസിസിഐയുടെ തീരുമാനത്തെ അനുകൂലിച്ചും എതിര്‍ത്തും പലരും രംഗത്തെത്തിയിട്ടുണ്ട്.

ധോണിയുടെ സമയം കഴിഞ്ഞെന്നും കൃത്യമായ സമയത്താണ് വിടവാങ്ങുന്നതാണെന്നുമാണ് ഇതിഹാസ താരം സുനില്‍ ഗവാസ്‌കറുടെ അഭിപ്രായം. ഇന്ത്യയ്ക്ക് പുതിയൊരു വിക്കറ്റ് കീപ്പറേയും ഫിനിഷറേയും കണ്ടത്തേണ്ടത് അത്യാവശ്യമാണെന്നുമാണ് ഗവാസ്‌കറുടെ അഭിപ്രായം. വെടിക്കെട്ട് ബാറ്റ്‌സ്മാനായ ഋഷഭ് പന്തിനെയാണ് ഗവാസ്‌കര്‍ പകരക്കാരനായി കാണുന്നത്.

”2020 ട്വന്റി-20 ലോകകപ്പിന്റെ ഭാഗമാകാന്‍ കഴിയില്ലെന്ന് ധോണിക്ക് അറിയാം. പുതിയ ആളെ കണ്ടെത്തേണ്ടതുണ്ടെന്നും പന്തിന് അവസരം കൊടുക്കണമെന്നും അറിയുന്നത് കൊണ്ടു തന്നെയാണ് ധോണിയും സ്വയം മാറി നില്‍ക്കാന്‍ തയ്യാറായത്” ഗവാസ്‌കര്‍ പറഞ്ഞു.

അതേസമയം, ധോണിക്ക് ഒരു ഉപദേശവും ഗവാസ്‌കര്‍ നല്‍കുന്നുണ്ട്. ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായെങ്കിലും ക്രിക്കറ്റ് അവസാനിപ്പിക്കരുതെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. ”ധോണി കളിക്കുന്നത് തുടരണം. ജാര്‍ഖണ്ഡിന് വേണ്ടിയെങ്കിലും. അത് അദ്ദേഹത്തിന് കൂടുതല്‍ പ്രാക്ടീസ് നല്‍കും. 35-ാം വയസിലും രാജ്യാന്തര മത്സരങ്ങള്‍ കളിക്കുന്ന ഒരാള്‍ എന്ന നിലയില്‍ കളിക്കളത്തിലുണ്ടാകുന്ന പുതിയ മാറ്റങ്ങളുമായി പരിചയപ്പെടുക വളരെ പ്രധാനപ്പെട്ടതാണ്. ജനുവരി വരെ ധോണി കളിക്കുന്നത് തുടരണം. അത് ടീമിന് ഗുണമാകും”.

വിന്‍ഡീസിന് എതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയാണ് അടുത്തത്. അതിന് പിന്നാലെ ഓസ്‌ട്രേലിയയ്ക്ക് എതിരേയും മൂന്ന് ട്വന്റി-20 കളുണ്ട്. ജനുവരിയില്‍ നടക്കുന്ന ഏകദിനത്തിലാകും ധോണി ഇനി കളിക്കുക. അപ്പോഴേക്കും ഫോം വീണ്ടെടുക്കേണ്ടതും ഫിറ്റ്‌നസ് നിലനിര്‍ത്തേണ്ടതും ധോണിക്ക് ഏറെ പ്രധാനപ്പെട്ടതാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ